അടുത്ത മാസം നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് ടി 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യൻ സ്‌ക്വാഡിൽ ഒരുപാട് സർപ്രൈസ് താരങ്ങളെയാണ് ഇത്തവണ സിലക്ടർമാർ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സ്‌ക്വാഡിൽ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയെ ഉൾപ്പെടുത്തിയിരുന്നില്ല. അതിലെ വിഷമം പറഞ്ഞിരിക്കുകയാണ് താരം.
‘ടീം പ്രഖ്യാപനം വന്നപ്പോഴാണ് തഴയപ്പെട്ട കാര്യം അറിഞ്ഞത്. വാർത്താ സമ്മേളനത്തിൽ സെലക്ടർമാർ നൽകിയ വിശദീകരണം എനിക്ക് ഉൾക്കൊള്ളാനാവുന്നതായിരുന്നു. തക്കതായ കാരണം തന്നെ ഉണ്ടായിരുന്നു. പിന്നീട് പരിശീലകരായും സെലക്ടർമാരുമായും സംസാരിക്കുകയും ചെയ്തു. അവരുടെ തീരുമാനം ന്യായമാണെന്ന് എനിക്ക് വ്യക്തമായി. എന്താണ് ടീമിന് ആവശ്യമുണ്ടായിരുന്നതെന്ന് അവർ എന്നോട് വിശദീകരിച്ചു. ഞാൻ അതിനോട് യോജിക്കുകയും ചെയ്തു’
‘പക്ഷേ അപ്പോഴും എന്നെ പുറത്താക്കിയ തീരുമാനം ഹൃദയം തകര്‍ത്തു. കാരണം ടി20 ലോകകപ്പ് കളിക്കുന്നതിനായി അത്രത്തോളം ഞാൻ കഠിനാധ്വാനം ചെയ്യുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാൽ വിധിയെ തടുക്കാൻ എനിക്കാവില്ല. ആ നിമിഷം ഞാൻ മരവിച്ചുപോയി. ഒന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായതും ആര്‍സിബിയില്‍ തന്‍റെ മെന്‍ററായ ദിനേശ് കാര്‍ത്തിക്കിനോട് സംസാരിക്കാനായതുമാണ് എനിക്ക് അല്‍പ്പം ആശ്വാസം നല്‍കിയത്’, ജിതേഷ് പറഞ്ഞു.