ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. യുവ താരങ്ങളായ യശസ്‌വി ജയ്‌സ്വാൾ വൈഭവ് സൂര്യവൻഷി, ഡെണോവോൻ, ശുഭം ദുബെ എന്നിവരുടെ മികവിലാണ് രാജസ്ഥാൻ വിജയിച്ചത്. ഇതോടെ ഐപിഎലിലെ തങ്ങളുടെ ആദ്യ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്.
രാജസ്ഥാന് വേണ്ടി യശ്വസി ജയ്‌സ്വാളും ഡെണോവോൻ ഫെറേറിയയും അർധ സെഞ്ച്വറി നേടി. ജയ്‌സ്വാൾ 27 പന്തിൽ 51 റൺസും ഫെറേറിയ പുറത്താകാതെ 26 പന്തിൽ 52 റൺസും നേടി. വൈഭവ് സൂര്യവംശി (43 ), ശുഭം ദുബൈ(31 ), റിയാൻ പരാഗ്(29 ), ധ്രുവ് ജുറൽ (16 ) എന്നിവരും തിളങ്ങി.
ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററാണ് വൈഭവ്. എന്നാൽ ഈ കൗമാര വിസ്മയത്തിനൊപ്പം ഓപ്പൺ ചെയ്യുമ്പോൾ താൻ ടീമിലെ മുതിർന്ന താരം ആണോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്‌സ്വാൾ.
സത്യം പറഞ്ഞാൽ എനിക്ക് പ്രായമായെന്ന് തോന്നുന്നില്ല. ഞാൻ ഇപ്പോഴും വളരെ ചെറുപ്പമാണ്. പക്ഷേ അവൻ ശരിക്കും കുട്ടിയാണെന്ന കാര്യം സമ്മതിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ എന്ത് പറയണമെന്ന് എനിക്കറിയില്ല- ജയ്‌സ്വാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.