കഴിഞ്ഞ വർഷം നടന്ന ഐപിഎൽ സെമി ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ തോൽപിച്ചാണ് പഞ്ചാബ് കിങ്‌സ് ഫൈനലിലേക്ക് പ്രവേശിച്ചത്. സെമിയിൽ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിലാണ് പഞ്ചാബ് ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്. ഇപ്പോഴിതാ അന്ന് മുംബൈയെ നയിച്ചത് രോഹിത് ശർമ്മയായിരുന്നെങ്കിൽ മുംബൈ വിജയികുമായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
രോഹിത് ശർമയെ വെറുമൊരു ‘ഇംപാക്ട് പ്ലെയർ’ ആയി മാത്രം ഉപയോഗിക്കുന്നത് മുംബൈ ചെയ്യുന്ന വലിയ തെറ്റാണെന്ന് കൈഫ് ഓർമിപ്പിച്ചു. അഞ്ച് ഐപിഎൽ കിരീടങ്ങളിലും ലോകകപ്പിലും മുത്തമിട്ട ക്യാപ്റ്റനാണ് രോഹിത് ശർമ. അദ്ദേഹം വെറുമൊരു ബാറ്റിംഗ് ഇംപാക്ട് പ്ലെയറായി ഡഗ് ഔട്ടിൽ ഇരിക്കേണ്ടവനല്ലെന്നും കൈഫ് പറഞ്ഞു. ‘കഴിഞ്ഞ ക്വാളിഫയറിൽ ശ്രേയസ് അയ്യർ തകര്‍ത്തടിക്കുമ്പോള്‍ ഹാർദിക് പാണ്ഡ്യ നിസ്സഹായനായിരുന്നു. രോഹിത് ഫീൽഡിൽ ഉണ്ടായിരുന്നെങ്കിൽ ബൗളർമാർക്ക് അത് വലിയ ആശ്വാസമായേനെ’ താരം കൈഫ് വ്യക്തമാക്കി.
മത്സരത്തിന്‍റെ നിർണായക ഘട്ടങ്ങളിൽ രോഹിത് ബൗളർമാരോട് സംസാരിക്കുന്നത് വലിയ മാറ്റങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കൈഫ്, രോഹിത്തിനെപ്പോലൊരു അനുഭവസമ്പന്നനായ താരം അടുത്തുനിൽക്കുന്നത് ബൗളർമാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും പറഞ്ഞു. രണ്ട് ദിവസങ്ങൾക്കപ്പുറം ആരംഭിക്കുന്ന 2026 ഐപിഎൽ സീസണിലെങ്കിലും ഈ തെറ്റ് ആവർത്തിക്കരുതെന്നും രോഹിത് ശർമ്മ ഫീൽഡിൽ വേണമെന്ന് ഹാർദിക് തന്നെ കോച്ചിനോടും ടീം ഉടമകളോടും ആവശ്യപ്പെടണം കൈഫ് കൂട്ടിച്ചേർത്തു.
മാത്രമല്ല, രോഹിത് ഒരിക്കലും ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിയിൽ അനാവശ്യമായി ഇടപെടില്ലെന്നും, എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും കൈഫ് പറഞ്ഞു.