അടുത്ത വർഷം നടക്കാൻ പോകുന്ന ടി 20 ലോകകപ്പിനായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ആരാധകർക്ക് ആവേശമായി മലയാളി താരം സഞ്ജു സാംസൺ ആദ്യ വിക്കറ്റ് കീപ്പറായി ടീമിൽ ഇടം നേടി. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡില്‍ നിന്ന് യുവതാരം ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയതിൽ വൻ ആരാധകരോഷമാണ് ഉയരുന്നത്. ഇതോടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഗിൽ ആരാധകർ. ഗില്ലിനെ തഴഞ്ഞ് സഞ്ജുവിനെ ടീമിലെടുക്കാനും മാത്രം സഞ്ജു എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുകയാണ് ഗിൽ ഫാൻസ്. സഞ്ജുവിനെ ടീമിലെടുക്കാൻ പിആർ വർക്ക് പ്രവർത്തനമാണ് കാരണമായതെന്നും ഗിൽ ആരാധകർ ആരോപിക്കുന്നു.
മൂന്ന് സെഞ്ച്വറികള്‍ അവകാശപ്പെടാനുണ്ടെങ്കിലും പ്രകടനങ്ങളില്‍ സ്ഥിരത പുലര്‍ത്താത്ത താരമാണ് സഞ്ജുവെന്നും ഗില്‍ അനുകൂലികള്‍ പറയുന്നു. ഒരു മത്സരത്തിൽ തിളങ്ങിയാൽ പിന്നെ 10 മത്സരം കഴിഞ്ഞാവും സഞ്ജു തിളങ്ങുക. സഞ്ജു പവർപ്ലേയിൽ ആക്രമിച്ച് കളിക്കുമെന്നല്ലാതെ മാച്ച് വിന്നറായ താരമല്ല എന്നൊക്കെയാണ് ഗിൽ ആരാധകർ ആരോപിക്കുന്നത്.
2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹർഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷൻ.