അടുത്ത വർഷം നടക്കാൻ പോകുന്ന ടി 20 ലോകകപ്പിനായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ആരാധകർക്ക് ആവേശമായി മലയാളി താരം സഞ്ജു സാംസൺ ആദ്യ വിക്കറ്റ് കീപ്പറായി ടീമിൽ ഇടം നേടി. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡില്‍ നിന്ന് യുവതാരം ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയതിന് പിന്നില്‍ മുഖ്യപരിശീലകൻ ഗൗതം ഗംഭീറെന്ന് റിപ്പോർട്ടുകൾ പുറത്ത്. ചീഫ് സെലക്ടർ അഗാർക്കറിന്റെയല്ല കോച്ച് ഗംഭീറിന്റെ ഇടപെടലിലാണ് ഗില്ലിനെ ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്ക് വെറുമൊരു ഒഴിവുകഴിവ് മാത്രമാണെന്നും സൂചനകളുണ്ട്.
ഗില്ലിനെ ഒഴിവാക്കാനുള്ള തീരുമാനം ഒറ്റ രാത്രികൊണ്ട് എടുത്തതല്ലെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20ക്ക് മുമ്പ് തന്നെ ഗില്ലിനെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഗംഭീറോ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ സെലക്ടര്‍മാരോ ഗില്ലിനെ അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹർഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷൻ.