മഹാരാഷ്ട്രയില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി നില്‍ക്കുന്ന എന്‍സിപി വിഭാഗങ്ങള്‍ ഒന്നിക്കാന്‍ ശ്രമിക്കുന്നു. 2019 നിമസഭാ തിരഞ്ഞെടുപ്പിലുണ്ടായ മഹാവികാസ് അഘാഡി സര്‍ക്കാരിനെ 2022ല്‍ താഴെ വീഴ്ത്തി ബിജെപി കോട്ടയിലേക്ക് ചേക്കേറി എന്‍സിപി പിളര്‍ത്തിയ അജിത് പവാറും സംഘവും പ്രതിപക്ഷ ചേരിയില്‍ നില്‍ക്കുന്ന ശരദ് പവാര്‍ വിഭാഗം എന്‍സിപിയും ലയിച്ച് ഒന്നാകാനുള്ള തയ്യാറെടുപ്പിലാണെന്നാണ് മഹാരാഷ്ട്രയിലെ സംസാരം. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുവിഭാഗങ്ങളും സംയുക്തമായി മല്‍സരിക്കാന്‍ തീരുമാനിച്ചതോടെയാണ് എന്‍സിപി വിഭാഗങ്ങള്‍ ഒന്നിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചര്‍ച്ച സജീവമായത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭാഗമായ എന്‍സിപിയും കോണ്‍ഗ്രസ്- ശിവസേന ഉദ്ദവ് താക്കറെ പക്ഷത്തോടൊപ്പം പ്രതിപക്ഷത്തുള്ള ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി ( ശരദ് പവാര്‍) വിഭാഗവും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് എന്‍സിപി ലയന ചര്‍ച്ചകള്‍ വളര്‍ന്നത്.
പുണെ, പിംപ്രി ചിഞ്ച്വാഡ് എന്നിവിടങ്ങളിലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലാണ് ഇരുവിഭാഗവും കൈകോര്‍ക്കുന്നത്. ഇതിന്റെ ഭാഗമായി എന്‍സിപി (ശരദ് പവാര്‍) വിഭാഗം നേതാവ് സുപ്രിയ സുലെയോടൊപ്പം അജിത് പവാര്‍ സംയുക്ത പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്തിരുന്നു. മുംബൈ, പുണെ ഉള്‍പ്പെടെ സംസ്ഥാനത്തെ 29 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള വോട്ടെടുപ്പ് ജനുവരി 15-ന് നടക്കും. ഈ തിരഞ്ഞെടുപ്പിലെ ഫലത്തിന് ശേഷം പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും കൂടിയാലോചിച്ച് ഭാവികാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നാണ് അജിത് പവാര്‍ പ്രതികരിച്ചത്. ഈ പ്രതികരണവും വന്നതോടെയാണ് എന്‍സിപി വീണ്ടും ഒറ്റപാര്‍ട്ടിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.
തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാനാണ് ഇരു എന്‍സിപി വിഭാഗങ്ങളും ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന വിശദീകരണവും അജിത് പവാറിനുണ്ട്. ഇത്തരമൊരു സഖ്യത്തിലൂടെ വോട്ട് വിഹിതം ഒന്നിപ്പിച്ചു തദ്ദേശം പിടിക്കുകയാണ് ലക്ഷ്യമെന്ന് പറയുമ്പോഴും ലയന സാധ്യതകള്‍ വിദൂരമല്ലെന്ന് പവാര്‍ കുടുംബത്തിലെ രണ്ട് പേരും വ്യക്തമാക്കുന്നുണ്ട്. ശരദ് പവാറിന്റെ അനന്തരിവനായ അജിത് പവാറും മകളായ സുപ്രീയ സുലെയുമാണ് രണ്ട് വിഭാഗങ്ങളിലും നേതൃത്വത്തിലുള്ളത്. കുടുംബത്തിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചെങ്കില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ഇനി വലിയ നീക്ക് പോക്ക് ബാക്കിയില്ലെന്നാണ് പൊതുവേയുള്ള രാഷ്ട്രീയ നിരീക്ഷണം.
‘തല്‍ക്കാലം വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’ എന്ന മറുപടിയുമായി ലയന ചോദ്യങ്ങളെ മയപ്പെടുത്തുകയാണ് അജിത് പവാര്‍. ബിജെപിയും ശിവസേനയും മുമ്പ് പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ വെവ്വേറെ മത്സരിച്ച ചരിത്രം ചൂണ്ടിക്കാട്ടി, ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനം ഭരിക്കുന്ന മഹായുതി സര്‍ക്കാരില്‍ അസ്വസ്ഥതകള്‍ ഉണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എന്‍സിപി വിഭാഗങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒന്നിക്കുന്നതെന്നതാണ് ശ്രദ്ധേയം. ശിവസേന പിളര്‍ത്തി ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന ബിജെപിയുമായി കൈകോര്‍ത്തിരുന്നു. ഇതിന് പിന്നാലെ എന്‍സിപിയെ പിളര്‍ത്തി അജിത് പവാറും ബിജെപിക്കൊപ്പം ചേര്‍ന്നു. 2023 ജൂലൈയിലാണ് എന്‍സിപി പിളരുന്നത്. തുടര്‍ന്ന് ഔദ്യോഗിക ചിഹ്നമായ ‘ക്ലോക്ക്’ അജിത് പവാര്‍ വിഭാഗത്തിന് ലഭിച്ചു. അതേപോലെ ശിവസേന ചിഹ്നം ഷിന്‍ഡെ വിഭാഗത്തിനും ലഭിച്ചു.
288 സീറ്റുള്ള മഹാരാഷ്ട്ര നിയമസഭയില്‍ ഭരണസഖ്യമായ മഹായുതിക്ക് 235 സീറ്റുകളുണ്ട്. ഇതില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് 132 സീറ്റുകളും അജിത് പവാറിന്റെ എന്‍സിപി-57, ശിവസേന ഷിന്‍ഡെ- 41 എന്നിങ്ങനെയാണ് സീറ്റ് നില. കേവല ഭൂരിപക്ഷത്തിന് 145 സീറ്റ് വേണം. അജിത് പവാര്‍ മുന്നണി വിട്ടാലും ഭരണമാറ്റമുണ്ടാകാനുള്ള സാധ്യത തുലോം കുറവാണ്. അതല്ല ശരദ് പവാറിന്റെ എന്‍സിപി കോണ്‍ഗ്രസ് സഖ്യം വിട്ട് മഹായുതിക്കൊപ്പം നില്‍ക്കുന്ന എന്‍സിപിയുമായി ചേരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രാദേശിക സഖ്യം മഹാരാഷ്ട്രയിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് അജിത് പവാര്‍ ഉറപ്പിച്ചു പറയുന്നുമുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ എന്നിവരുമായുള്ള ബന്ധത്തെ പ്രാദേശിക തലത്തിലുള്ള നീക്കുപോക്ക് ബാധിക്കില്ലെന്നും അജിത് പവാര്‍ പറയുന്നു.