രണ്ടര വർഷത്തിനിടെ മണ്ണെണ്ണ വിലയിൽ 70 രൂപയുടെ വർധന. ലിറ്ററിന് 18 രൂപയായിരുന്ന മണ്ണെണ്ണയുടെ വില കഴിഞ്ഞ വർഷം നവംബറിൽ 50 രൂപയായി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും കൂടിയതോടെ മത്സ്യബന്ധന മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് മണ്ണെണ്ണ വില വർധനവിൽ ഉണ്ടായത്. സംസ്ഥാനത്ത് മണ്ണെണ്ണയുടെ ശേഖരം ഉള്ളതിനാൽ വില കുറച്ച് നൽകാനാകുമോ എന്നത് പരിശോധിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.
മത്സ്യബന്ധന മേഖലയിൽ ഔട്ട്‌ബോർഡ് എൻജിൻ ഉപയോഗങ്ങൾക്ക് പെർമിറ്റ് അനുസരിച്ച് പ്രതിമാസം 130-190 ലിറ്റർ നോൺ സബ്‌സിഡി മണ്ണെണ്ണ 2160 കിലോ ലിറ്റർ ആയി കേന്ദ്രം അനുവദിച്ചിരുന്നു. കേരളത്തിൽ കഴിഞ്ഞ അഞ്ച് ദിവസമായി എണ്ണക്കമ്പനികളുടെ സംഭരണ കേന്ദ്രങ്ങളിൽ മണ്ണണ ശേഖരമില്ല. ഇടനിലക്കാർക്ക് പൂർണമായി ഏറ്റെടുത്ത് കൈമാറാനും കഴിഞ്ഞിട്ടില്ല.
തൽഫലമായി അധിക വില നൽകി ഏറ്റെടുക്കേണ്ടി വരും. മത്സ്യഫെഡ് ബാങ്കുകൾ വഴി നിശ്ചിത തോതിൽ മത്സ്യ ബന്ധനത്തിന് നൽകുന്ന മണ്ണെണ്ണയുടെ വില ഇന്നലെ 6 രൂപ വരെ കുറഞ്ഞതായി മാനേജിങ് ഡയറക്ടർ അറിയിച്ചു. ലിറ്ററിന് 132 രൂപയായിരുന്നു ഈ മണ്ണെണ്ണയുടെ വില. റേഷൻ മണ്ണെണ്ണയും പെർമിറ്റ് അടിസ്ഥാനത്തിലുള്ള മണ്ണെണ്ണയും തീരുമ്പോൾ പൊതുവിപണിയിലുള്ള മണ്ണെണ്ണയെയാണ് മത്സ്യ തൊഴിലാളികൾ ആശ്രയിക്കുന്നത്.