വോട്ടർപട്ടിക ക്രമക്കേട് ആരോപണങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. ഡൽഹിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തി. തുടർന്ന് രാവിലെ 5.15 ന് വന്ദേ ഭാരതിൽ തൃശ്ശൂരിലേക്ക് പുറപ്പെട്ടു. 9.30 ന് തൃശ്ശൂരിലെത്തും. ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിജെപി പ്രവർത്തകരെ അശ്വിനി ആശുപത്രിയിലെത്തി സുരേഷ് ഗോപി കാണും.
തിരുവനന്തപുരത്ത് നിന്ന് സുരേഷ്വോ ഗോപിയോട് വോട്ടർപ്പട്ടിക ക്രമക്കേട് ആരോപണത്തിൽ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും മൗനം തുടരുകയായിരുന്നു. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശ്ശൂരിൽ എത്തിയത്. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്, വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളിൽ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇന്ന് പ്രതികരണം ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്.
ഇന്ന് പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപി എംപിയുടെ ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിച്ചതാണ് ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ എംപി ക്യാമ്പ് ഓഫീസിന് മുന്നിൽ സ്ഥാപിച്ച എംപിയുടെ പേരെഴുതിയ ബോർഡിലാണ് വിപിൻ എന്നയാൾ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചത്. ഇതിന് പിന്നാലെയാണ് സിപിഐഎം ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് സംഘടിപ്പിക്കുകയും സംഭവം സംഘർഷത്തിൽ കലാശിക്കുകയും ചെയ്തത്.