പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ പുതിയ തലമുറ(ജെൻ സീ) ബിജെപിയുടെ വികസന മാതൃകയിൽ വിശ്വസിക്കുന്നുണ്ടെന്ന് പറഞ്ഞ നരേന്ദ്ര മോദി സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്നും പറഞ്ഞു. മാൽദയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്.
‘ഈ സർക്കാർ മാറേണ്ടതുണ്ട്’ എന്ന് ബംഗാളിയിൽ ആഹ്വാനം ചെയ്‌തുകൊണ്ടാണ് മോദി തൃണമൂൽ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. മുംബൈയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ചരിത്രവിജയം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ബംഗാളിലെ വോട്ടർമാരും ഇത്തവണ ബിജെപിയെ തിരഞ്ഞെടുക്കുമെന്നും മോദി പറഞ്ഞു.
മമത ബാനർജി സർക്കാർ ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്നും കേന്ദ്രസഹായം അർഹരായവരിലേക്ക് എത്തുന്നത് തടയുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ക്രൂരവും ഹൃദയശൂന്യവുമായ സർക്കാർ എന്നാണ് തൃണമൂൽ ഭരണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിൽ വന്നാൽ മാത്രമേ ബംഗാളിൽ യഥാർത്ഥ വികസനം സാധ്യമാകൂ എന്നും മോദി കൂട്ടിച്ചേർത്തു.
അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തൃണമൂൽ കോൺഗ്രസ് സംരക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോദി ഉറപ്പുനൽകി. അതേസമയം, അയൽരാജ്യങ്ങളിൽ നിന്ന് വേട്ടയാടപ്പെട്ട് ഇന്ത്യയിലെത്തിയ മതുവ വിഭാഗക്കാർക്കും മറ്റ് അഭയാർത്ഥികൾക്കും ആശങ്ക വേണ്ടെന്നും പൗരത്വ ഭേദഗതി നിയമം അവർക്ക് സംരക്ഷണം നൽകുമെന്നും മോദി വ്യക്തമാക്കി.