കൊച്ചി കോർപ്പറേഷന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് കൊച്ചി മേയർ വി കെ മിനിമോൾ. ഇതിനായി
21 കർമ്മ പദ്ധതികളാണ് കൊച്ചി കോർപ്പറേഷൻ നടപ്പാക്കാൻ ഒരുങ്ങുന്നത്. വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര കാന്റീനുകൾ ആരംഭിക്കുമെന്നും കൊതുക് നിവാരണ യജ്ഞമാണ് പ്രഥമ പരിഗണനയെന്നും മേയർ വി കെ മിനിമോൾ അറിയിച്ചു.
ഈ വരുന്ന 50 ദിവസം 50 ദിന കർമ്മ പദ്ധതിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര കാന്റീനുകൾ ആരംഭിക്കും.10 രൂപയ്ക്ക് ഭക്ഷണം നൽകും. പ്രാതലും രാത്രി ഭക്ഷണവും 10 രൂപ നിരക്കിൽ ലഭ്യമാക്കും. കോർപ്പറേഷന്റെ തന്നെ സമൃദ്ധി ക്യാന്റീനൊപ്പമായിരിക്കും ഇന്ദിര കാന്റീനുകൾ ആരംഭിക്കുക. ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ചാകും പരിപാടികൾ എന്നും വി കെ മിനിമോൾ പറഞ്ഞു.
തെരുവുനായ്ക്കളെ ദത്തെടുക്കാനും അവസരം നൽകും. തെരുവ് നായകൾക്ക് പൊതുനിരത്തിൽ ഭക്ഷണം കൊടുക്കാൻ അനുവദിക്കില്ല. പകരം കോർപ്പറേഷൻ വഴി സൗകര്യം ഒരുക്കും. ബ്രഹ്മപുരത്ത് സജ്ജമാക്കുന്ന കൂടുകളിൽ ഭക്ഷണം നൽകും. കൂടാതെ എല്ലാ മാസവും മേയറെ ഒരു ദിവസം നേരിട്ട് കണ്ട് പരാതികൾ അറിയിക്കാനും അവസരം ഒരുക്കുമെന്നും വി കെ മിനിമോൾ അറിയിച്ചു.