വിഴിഞ്ഞം ഇന്ത്യക്ക് ലോകത്തിലേക്കും ലോകത്തിന് ഇന്ത്യയിലേക്കും തുറന്നുകിട്ടുന്ന പുതിയ പ്രവേശന കവാടം; വികസനക്കുതിപ്പിന് ചാലകശക്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി

ഇന്ത്യക്ക് ലോകത്തിലേക്കും ലോകത്തിന് ഇന്ത്യയിലേക്കും തുറന്നുകിട്ടുന്ന പുതിയ ഒരു പ്രവേശന കവാടമായിരിക്കും വിഴിഞ്ഞം തുറമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമുദ്രമാര്‍ഗേണയുള്ള വ്യാപാരത്തിന്റെയും ലോജിസ്റ്റിക്സിന്റെയും ഹബ് ആയി കേരളവും അതിലൂടെ ഇന്ത്യയും മാറും. നാലു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാന്‍ വിഭാവനം ചെയ്ത പദ്ധതിയുടെ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ 2024 ലാരംഭിച്ചു. 2045ല്‍ പൂര്‍ത്തീകരിക്കേണ്ട തുടര്‍ഘട്ടങ്ങള്‍ 17 വര്‍ഷം മുമ്പ് 2028ല്‍ പൂര്‍ത്തീകരിക്കാനാവും. പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണസംസ്‌കാരം. അതിന്റെ മറ്റൊരു ദൃഷ്ടാന്തമാവുകയാണ് വിഴിഞ്ഞം തുറമുഖം.

കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ സംസ്ഥാനം നേരിടുന്ന ഘട്ടത്തില്‍ തന്നെയാണ് കേരളം വലിയ തുക ഇതിനുവേണ്ടി കണ്ടെത്തിയത്. പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും ഒക്കെ സൃഷ്ടിച്ച പ്രയാസങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ അതിജീവിച്ചു . ആകെ ചെലവായ 8,867 കോടി രൂപയില്‍ 5,595 കോടി രൂപയും സംസ്ഥാന സര്‍ക്കാരാണ് മുടക്കുന്നത്. കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 818 കോടി രൂപ, വിജിഎഫ് വായ്പാ രൂപത്തിലാണ് കേന്ദ്രം ലഭ്യമാക്കുന്നത്. എന്നാല്‍, ആ തുക ഇതുവരെ നല്‍കിയിട്ടില്ല.

അന്താരാഷ്ട്ര കപ്പല്‍പ്പാതയോട് അസാധാരണമാംവിധം ഏറെ അടുത്തതും 20 മീറ്ററിന്റെ സ്വാഭാവിക ആഴമുള്ളതും റെയില്‍, റോഡ് എയര്‍ കണക്ടിവിറ്റി ഉള്ളതുമായ വിഴിഞ്ഞം ഇന്ത്യയുടെ പൊതുവായ വികസന ചരിത്രത്തിലെ നാഴികക്കല്ലാവുക തന്നെ ചെയ്യും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്ന സങ്കല്പം രൂപപ്പെടുന്നത് 1996 ലാണ്. അന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് ശാസ്ത്രീയ പഠനത്തിന് ഒരു സമിതിയെ നിയോഗിച്ചത്. 2010ല്‍ ടെന്‍ഡര്‍ നടപടിയിലേക്കു കടന്നെങ്കിലും കേന്ദ്രാനുമതി നിഷേധിക്കപ്പെട്ടു. തുടര്‍ന്നുള്ള ഘട്ടം പദ്ധതി പ്രായോഗികമാക്കാനുള്ള പ്രക്ഷോഭങ്ങളുടേതായിരുന്നു. മനുഷ്യച്ചങ്ങല മുതല്‍ 212 ദിവസം നീണ്ട ജനകീയസമരം വരെ എത്രയോ ജനമുന്നേറ്റങ്ങള്‍!

ഇതിന്റെയൊക്കെ ഫലമായി 2015ല്‍ കരാറുണ്ടായി. പിന്നീട് 2016ല്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ കേവലം തറക്കല്ല് മാത്രമായി നിന്നിരുന്ന പദ്ധതിയെ പുനരുജ്ജീവിപ്പിച്ചു. ആ പദ്ധതിയാണ് ജാഗ്രത്തായ തുടര്‍നടപടികളിലൂടെ 2024 ജൂലൈയില്‍ ട്രയല്‍ റണ്ണിലേക്കും ഇപ്പോള്‍ കമീഷനിങ്ങിലേക്കും എത്തിയത്.

തുറമുഖത്തെക്കുറിച്ച് ഒരുപാട് ആശങ്കകള്‍ പ്രദേശവാസികള്‍ക്കുണ്ടായിരുന്നു. അവരുടെ ആവലാതികള്‍ കേട്ട് സമഗ്ര പുനരധിവാസ നടപടികള്‍ ആവിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായി. ജീവനോപാധി നഷ്ടപരിഹാര ഇനത്തില്‍ നാളിതുവരെ 107.28 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തത്. ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, മത്സ്യബന്ധന തുറമുഖ നിര്‍മ്മാണം, കുടിവെള്ള വിതരണം, നൈപുണ്യ പരിശീലന കേന്ദ്രം, സീഫുഡ് പാര്‍ക്ക്, ആശുപത്രി, ഭവനപദ്ധതി തുടങ്ങി സമഗ്രമായ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാരിനു സാധിച്ചു.

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് ചാലകശക്തിയാകുന്ന വിഴിഞ്ഞം സമീപവാസികളുടെ ജീവിത നിലവാരവും ഉയര്‍ത്തും. വിഴിഞ്ഞത്ത് ഓപ്പറേഷന്‍ പങ്കാളികളിലും കരാര്‍ കമ്പനികളിലുമായി ആകെ 755 പേര്‍ നിലവില്‍ തൊഴില്‍ നേടിയിട്ടുണ്ട്. തുറമുഖത്തെ ഓട്ടോമേറ്റഡ് സിആര്‍എംജി ക്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട വനിതകളെയും നിയമിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ഇത്തരം യന്ത്രങ്ങള്‍ സ്ത്രീകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് വിഴിഞ്ഞത്തായിരിക്കും. കേരള സര്‍ക്കാരിന്റെ ക്ഷേമ നടപടികളുടെ ഭാഗമായി തുറമുഖ മേഖലയിലുണ്ടായ സ്ത്രീശാക്തീകരണത്തിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

ഒഡീഷയില്‍ ബിജെപി അധ്യക്ഷന് തുടര്‍ച്ച, ലക്ഷ്യവും തുടര്‍ച്ച; പട്‌നായികിന്റെ ഒഡീഷ പിടിച്ചടക്കിയ മന്‍മോഹന് പാര്‍ട്ടിയില്‍ എതിരില്ല

''ദാരുണ സംഭവത്തിന്റെ ഉത്തരവാദിത്തം മുഴുവൻ അന്യായമായി ചുമത്തി''; ബാൻ ഒഴിവാക്കാൻ കിണഞ്ഞ് പരിശ്രമിച്ച് ആർ‌സി‌ബി

മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റണം; സ്‌കൂള്‍ സമയമാറ്റത്തില്‍ സമരപ്രഖ്യാപനവുമായി സമസ്ത

മോഹൻലാൽ ഇനി പോലീസ് യൂണിഫോമിലേക്ക്... ; സംവിധാനം നടൻ ഓസ്റ്റിൻ ഡാൻ തോമസ്

പണിമുടക്കുമായി എല്ലാവരും സഹകരിക്കുന്നതാണ് നല്ലത്; സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത്; താക്കീതുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍

മന്ത്രിയല്ല കെഎസ്ആര്‍ടിസിയുടെ മാനേജ്‌മെന്റ്; ഗണേഷ്‌കുമാര്‍ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ല; നാളെ കെഎസ്ആര്‍ടിസി സ്തംഭിക്കുമെന്ന് ടിപി രാമകൃഷ്ണന്‍

IND vs ENG: ജോ റൂട്ടിനെ പുറത്താക്കിയ ആകാശ് ദീപിന്റെ പന്ത് നോ-ബോൾ ആയിരുന്നോ? തർക്കത്തിൽ മൗനം വെടിഞ്ഞ് എംസിസി

ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ? ജെഎസ്‌കെ വിവാദത്തിൽ പ്രതികരിച്ച് ഷൈൻ ടോം ചാക്കോ

‘കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല'; കെഎസ്ആർടിസി നാളെ തെരുവിലിറക്കുന്ന പ്രശ്നമില്ലെന്ന് ടി പി രാമകൃഷ്ണൻ

IND vs ENG: “മൂന്നാം ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ മാറ്റമില്ല...”: ഒരു നിമിഷത്തേക്ക് ഇല്ലാണ്ടായി സഞ്ജന ഗണേശൻ, അത്ഭുതപ്പെടുത്തി മുൻ താരങ്ങൾ