നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിൽ പരാതി നൽകിയ കാര്യം ഹണി റോസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
‘ബോബി ചെമ്മണ്ണൂർ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ എന്നും താൻ ഭാരത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’ എന്നുമായിരുന്നു ഹണി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയത് സഹികെട്ടതോടെയെന്നായിരുന്നു ഹണി റോസ് മാധ്യമങ്ങളോട് പറഞ്ഞത്. തനിക്കും കുടുംബവും വേണ്ടപ്പെട്ടവരുമുണ്ടെന്നും മുഖമില്ലാത്ത അശ്ലീല പ്രചാരകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹണി റോസ് സൂചിപ്പിച്ചു.
നാല് മാസം മുൻപ് ചെമ്മണ്ണൂർ ജ്വല്ലറിയുടെ ഒരു ഉദ്‌ഘാടന ചടങ്ങിൽ വെച്ചാണ് ബോബി ചെമ്മണ്ണൂർ തനിക്കെതിരെ മോശം പരാമർശം നടത്തിയതെന്നും ഹണി റോസ് പറഞ്ഞു. ആ പരിപാടി കഴിഞ്ഞയുടനെ വീട്ടുകാരുമായി ഈ വിഷയം താൻ ചർച്ച ചെയ്തിരുന്നു. തുടർന്ന് മാനേജരെ വിളിച്ച് ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റം മോശമായി എന്നും ഇനി ആ സ്ഥാപനവുമായി സഹകരിക്കാൻ താത്പര്യമില്ലെന്നും പറഞ്ഞിരുന്നു. പക്ഷെ അത് കഴിഞ്ഞും അദ്ദേഹം തന്റെ ശരീരത്തെ പറ്റി മോശമായ രീതിയിൽ സംസാരിച്ചുകൊണ്ടിരുന്നു. സഹികെട്ടാണ് താൻ കേസ് ഫയൽ ചെയ്തതതെന്നും ഹണി റോസ് പറഞ്ഞു.