അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട. ഈ സിനിമയ്ക്ക് ശേഷം തെലുഗുവിന് പുറമെ മറ്റ് ഭാഷകളിലും താരത്തിന് ആരാധകരെ ലഭിച്ചു. വിജയപരാജയങ്ങൾ മാറിമാറിഞ്ഞുളള ഒരു കരിയറാണ് താരത്തിന്റേത്. ലൈഗർ എന്ന സിനിമയുടെ സമയത്ത് തന്റെ പേരിനൊപ്പം ദി എന്ന ടാഗ് ചേർത്തതിനെ ചൊല്ലി ഉണ്ടായ വിമർശനങ്ങളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് വിജയ്. 2022ലാണ് ലൈഗർ പുറത്തിറങ്ങിയത്. വലിയ പ്രതീക്ഷയോടെ എടുത്ത ചിത്രം എന്നാൽ തിയേറ്ററുകളിൽ പരാജയമായി മാറി.
ലൈഗർ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ദി വിജയ് ദേവരകൊണ്ട എന്നാണ് താരം പേരിനൊപ്പം ചേർത്തത്. തൻറെ പിആർ ടീമാണ് ഇങ്ങനെ ചെയ്യാൻ നിർദേശിച്ചതെന്ന് വിജയ് ദേവരകൊണ്ട പറയുന്നു. ദളപതി, മെഗാസ്റ്റാർ, യൂണിവേഴ്സൽ സ്റ്റാർ, തുടങ്ങി മറ്റ് താരങ്ങൾ ഉപയോഗിക്കുന്ന ടാഗുകളോട് താരതമ്യപ്പെടുത്തുമ്പോൾ ദി എന്നത് ലളിതവും അതേസമയം വ്യത്യസ്തവുമായ ടാഗായിരിക്കുമെന്ന് എന്റെ ടീം നിർദേശിച്ചു. എന്നാൽ ഇങ്ങനെ ചെയ്തതിന് ശേഷം ഈയൊരു മാറ്റം ആരാധകർക്കും മാധ്യമങ്ങൾക്കുമിടയിൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചു.
“എന്റെ പേരിന് മുൻപ് ദി എന്നത് ചേർത്തതിന് ഞാൻ വിമർശനം നേരിട്ടു. രസകരമായ കാര്യം മറ്റാർക്കും ഇത്തരമൊരു ടാഗിന് വിമർശനം നേരിടേണ്ടി വന്നിട്ടില്ല എന്നതാണ്. യൂണിവേഴ്സൽ സ്റ്റാർ മുതൽ പീപ്പിൾസ് സ്റ്റാർ വരെ. എന്റെ മുൻപും ശേഷവും സിനിമയിൽ അരങ്ങേറ്റം കുറിച്ചവർക്കെല്ലാം തന്നെ ടാഗുകൾ ഉണ്ട്. എന്നാൽ ഞാൻ മാത്രമാണ് ഇത്തരത്തിൽ വിമർശനം നേരിട്ടത്”, വിജയ് ദേവരകൊണ്ട പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് ആണ് സൂപ്പർതാരം മനസുതുറന്നത്.