അവതാരകയായും നടിയായും മിനിസ്‌ക്രീനിൽ സജീവമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 18 വർഷം മുൻപ് വിറ്റ തനിക്കേറെ പ്രിയപ്പെട്ട വീടിനെക്കുറിച്ചുള്ള അശ്വതിയുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വീഡിയോയ്ക്കൊപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
‘ഒരിക്കൽ നിങ്ങളുടേതായിരുന്ന ഒരിടത്തേക്ക് വർഷങ്ങൾക്കിപ്പുറം കയറി ചെന്നിട്ടുണ്ടോ? എന്നെ ഓർമ്മയില്ലേ എന്ന് ചോദിക്കാൻ പോലുമാവാത്ത വണ്ണം അപരിചിതമായിക്കഴിഞ്ഞ ഒരിടത്തിങ്ങനെ കണ്ണ് നിറഞ്ഞ് നിന്നിട്ടുണ്ടോ? ലില്ലിപുട്ടിലെത്തിയ ഗള്ളിവറിന്റെ കഥ വായിക്കാൻ പണ്ടിരുന്ന അതേ പടിക്കെട്ടിൽ ഇന്ന് ഞാൻ ഗള്ളിവറോളം വളർന്നു നിൽക്കുകയാണ്.
ഒരിക്കൽ എന്റേതായിരുന്ന വലിയൊരു ലോകം ഒരു കുഞ്ഞു ലില്ലിപുട്ടായി പരിണമിച്ചിരിക്കുന്നു. വെളുത്ത ലില്ലി ചെടികളും കനകാംബരവും പടർന്നു പൂത്ത മുറ്റത്തിന്റെ ഇറമ്പുകൾ, എന്റെ മുച്ചക്ര സൈക്കിൾ ചവിട്ടിയെത്താൻ ബദ്ധപ്പെട്ട അതിരുകൾ, ആകാശം കൊമ്പിലുയർത്തി നിന്ന കശുമാവുകൾ – എല്ലാം ഒറ്റ രാത്രിയിൽ ചുരുങ്ങിപ്പോയത് പോയത് പോലെ. വിറ്റു പോയിട്ടും വിട്ട് പോകാത്ത ചിലതില്ലേ…അങ്ങനെയൊന്നാണിത് !Visiting after 18 years !! എന്നാണ് അശ്വതി പോസ്റ്റിനോടൊപ്പം കുറിച്ചിരിക്കുന്നത്.