ഇറാന്റെ ആണവപദ്ധതി പൂർണ്ണമായും ഇല്ലാതാക്കണം; ട്രംപുമായുള്ള ചർച്ചയ്ക്ക് പിന്നാലെ നിലപാട് കടുപ്പിച്ച് നെതന്യാഹു
ഇറാനുമായുള്ള ഏത് അന്തിമ കരാറും അവരുടെ ആണവപദ്ധതി പൂർണ്ണമായും ഇല്ലാതാക്കുന്ന തരത്തിലുള്ളതായിരിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് അദ്ദേഹം തന്റെ നിലപാട് കൂടുതൽ വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ധാരണാപത്രത്തെക്കുറിച്ചും ഇറാൻ്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വരാനിരിക്കുന്ന ചർച്ചകളെക്കുറിച്ചും ട്രംപുമായി സംസാരിച്ചതായി നെതന്യാഹു എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ഇറാൻ ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കരുത് എന്നതാണ് തന്റെയും പ്രസിഡന്റ് ട്രംപിന്റെയും വിട്ടുവീഴ്ചയില്ലാത്ത നയമെന്ന് അദ്ദേഹം ആവർത്തിച്ചു. ഇതിനർത്ഥം ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ പൊളിച്ചുമാറ്റുകയും സമ്പുഷ്ടീകരിച്ച ആണവ വസ്തുക്കൾ അവരുടെ രാജ്യത്തുനിന്ന് പൂർണ്ണമായും നീക്കം ചെയ്യുകയും വേണം എന്നാണ്. ഇറാനിൽ നിന്നുള്ള ആണവ ഭീഷണി പൂർണ്ണമായും ഇല്ലാതാക്കുന്ന ഒരു കരാറാണ് ലക്ഷ്യമിടുന്നതെന്ന് ഇരുവരും ചർച്ചയിൽ സമ്മതിച്ചതായും നെതന്യാഹു അവകാശപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായുള്ള കരാർ ഏതാണ്ട് പൂർത്തിയായെന്നും ഇതിന് അന്തിമരൂപം നൽകാൻ കാത്തിരിക്കുകയാണെന്നും ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇറാൻ്റെ ആണവ വിഷയത്തിൽ അമേരിക്കൻ ഭരണകൂടം നിലവിൽ സ്വീകരിക്കുന്ന സമീപനത്തിൽ നെതന്യാഹുവിന് ആശങ്കയുണ്ടെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലബനനിലെ വെടിനിർത്തലും യുഎസ്-ഇറാൻ കരാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ചും ഇസ്രായേലിന് കടുത്ത വിയോജിപ്പുണ്ട്.
ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം നടത്തിയതിനെ തുടർന്ന് മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായിരുന്നു. ഇതിനു മറുപടിയായി ഇസ്രായേലിനും ഗൾഫിലെ അമേരിക്കൻ സഖ്യകക്ഷികൾക്കും നേരെ ഇറാനും ആക്രമണം നടത്തുകയും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. പിന്നീട് പാകിസ്താൻ്റെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ ട്രംപ് അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇറാൻ ആണവ പദ്ധതി പൂർണ്ണമായും ഇല്ലാതാക്കണമെന്ന കടുത്ത നിലപാടുമായി ഇസ്രായേൽ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
മൊജ്തബ ഖമനയി ഗുരുതരാവസ്ഥയിലെന്ന് ഇസ്രായേൽ മാധ്യമങ്ങൾ; വാർത്തകളോട് പ്രതികരിക്കാതെ ഇറാൻ
ഫാൽക്കൺ 9 റോക്കറ്റിന്റെ ഇടിച്ചിറക്കൽ ഉയർത്തുന്ന ‘സ്പേസ് റൈറ്റ്സ്’ ചോദ്യങ്ങൾ; ചന്ദ്രനെയും മാലിന്യക്കൂമ്പാരമാക്കുകയാണോ മനുഷ്യൻ?