വിധാന്‍ സൗധ കാത്തിരിക്കുന്നു മുഖ്യമന്ത്രിയെ

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം എന്ന വാര്‍ത്ത വന്ന് നാല്‍പതാമത്തെ മണിക്കൂറിലാണ് ഈ കുറിപ്പെഴുതുന്നത്. ആരാണ് അവിടെ മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. പതിവുപോലെ നിരീക്ഷകരുടെ പോക്കുവരവ്, അര്‍ത്ഥികളുടെ ഡല്‍ഹി യാത്ര, ഒടുവില്‍ തീരുമാനം ഹൈക്കമാന്‍ഡിനു വിടുന്ന ചടങ്ങ് എല്ലാം പതിവുപോലെ നടക്കുന്നുണ്ട്. നോട്ടം തെറ്റിയാല്‍ കൂട്ടം തെറ്റുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ പതിവുരീതി സുവിദിതമായിരുന്നിട്ടും കോണ്‍ഗ്രസ് പാഠമൊന്നും പഠിച്ചില്ല. മിന്നുന്ന വിജയത്തിന്റെ ശില്പി ശിവകുമാറാണെങ്കിലും മുഖ്യമന്ത്രിയാകാന്‍ മുന്നിട്ടു നില്‍ക്കുന്നത് സിദ്ധരാമയ്യ ആണ്. ആദ്യത്തെ ഊഴം തന്‍േറതാക്കിക്കൊണ്ട് മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാനും എഴുപത്തിയഞ്ചുകാരനായ സിദ്ധരാമയ്യ തയാറാണ്. രണ്ടാമൂഴം മിഥ്യയാണെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ശിവകുമാറിനറിയാം. ഏറ്റവുമൊടുവില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും പോരു നടക്കുന്നത് വീതംവയ്പ് ധാരണകള്‍ പാലിക്കപ്പെടാത്തതുകൊണ്ടാണ്.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ ഭൂരിഭാഗവും സിദ്ധരാമയ്യയെ അനുകൂലിക്കുന്നവരാണ്. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ സാമുദായികപരിഗണനകള്‍ അനുവദിക്കുന്നില്ല. സാമുദായികപ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെയുള്ള ഒരു ഫോര്‍മുലയും കര്‍ണാടകയില്‍ പ്രാവര്‍ത്തികമാവില്ല. മുഖ്യമന്ത്രി ആരെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനങ്ങളോട് അത് ഖര്‍ഗെ പറയുമെന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്.

ഹൈക്കമാന്‍ഡ് എന്ന ഉമ്മാക്കി കാണിച്ചും പറഞ്ഞും സംസ്ഥാനഘടകങ്ങളെ പേടിപ്പിക്കുന്ന സാമ്പ്രദായികരീതി കോണ്‍ഗ്രസ് അവസാനിപ്പിക്കണം. തീരുമാനങ്ങള്‍ ജനാധിപത്യപരമായാല്‍ നടപ്പാക്കാന്‍ എളുപ്പമുണ്ട്. അടിച്ചേല്‍പിക്കുന്നത് സമന്വയമല്ല. ഭൂരിപക്ഷകക്ഷിയുടെ എംപിമാര്‍ ഒരുമിച്ചിരുന്ന് രഹസ്യ ബാലറ്റിലൂടെ പ്രധാനമന്ത്രിയെ കണ്ടെത്തുന്നത് ബ്രിട്ടനില്‍ കണ്ടു. മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതും നോമിനേഷന്‍ ഇല്ലാതെയാണ്. കോണ്‍ക്‌ളേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍ അവരിലൊരാളുടെ പേര് രഹസ്യമായി രേഖപ്പെടുത്തുന്നു. നിര്‍ദിഷ്ടസംഖ്യയിലെത്തുന്നതുവരെ പ്രക്രിയ തുടരും. യോഗ്യരില്‍ നിന്നും യോഗ്യനായ ആളെ കണ്ടെത്തിയാല്‍ പരിഭവത്തിനും പ്രതിഷേധത്തിനും ഇടം കുറയും. മാര്‍ഗം ഏതായാലും തങ്ങളെ ഭരിക്കാന്‍ പോകുന്നത് ആരെന്നറിയുന്നതിനുള്ള അവകാശം വോട്ടുചെയ്ത ജനങ്ങള്‍ക്കുണ്ട്.

നിയുക്ത പ്രധാനമന്ത്രിയെ അല്ലെങ്കില്‍ മുഖ്യമന്ത്രിയെ അവതരിപ്പിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി പാര്‍ട്ടികള്‍ക്കുണ്ട്. ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടി ഉത്തരവാദിത്വത്തോടെ തീരുമാനമെടുക്കുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടാകും. ജനങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെ സംഭവിക്കണമെന്നില്ല. മത്സരിക്കാതെ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയായ ആളാണ് ഇ കെ നായനാര്‍. രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന്് കരുതിയിരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായത് നരസിംഹ റാവുവായിരുന്നു. സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നപ്പോഴാണ് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായത്. ആകുന്നത് ആരായാലും അത് കാലവിളംബമില്ലാതെ അറിയിക്കപ്പെടണം. കര്‍ണാടകയില്‍ 136ല്‍ നിന്ന് ഒരാളെ കണ്ടെത്താന്‍ കഴിയാത്ത പാര്‍ട്ടി പാര്‍ലമെന്റില്‍ 272ല്‍ നിന്ന് ഒരാളെ എങ്ങനെ കണ്ടെത്തുമെന്ന ചോദ്യം 2024ല്‍ പോളിങ് ബൂത്തിലേക്കു പോകുമ്പോള്‍ ജനങ്ങളുടെ മനസിലുണ്ടാകരുത്. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നത് വിശ്വാസ്യതയുടെ ഭാഗമാണ്. വിശ്വാസ്യതയുള്ളവരെയാണ് ജനം വിശ്വസിക്കുന്നത്. വിശ്വാസമാണ് വോട്ട്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ