നാടക വേദിയിൽ നിന്ന് വെള്ളിത്തിരയിലേക്ക്; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
നാടകവേദിയിലെ അഞ്ച് പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തിലൂടെ ശ്രദ്ധേയയായ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ വീട്ടിൽ ദീർഘകാലമായി കിടപ്പിലായിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’യിലെ ജമീല എന്ന കഥാപാത്രത്തിലൂടെ സിനിമാപ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ സാവിത്രിക്ക് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ചിരുന്നു.
സിനിമയിലെത്തുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പേ സാവിത്രി നാടകവേദിയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 1961ൽ ‘കറുത്ത വെളിച്ചം’ എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. മാങ്കാവ്, തിരുവണ്ണൂർ, മീഞ്ചന്ത എന്നിവിടങ്ങളിലെ അമച്വർ നാടകസംഘങ്ങളിലൂടെയായിരുന്നു തുടക്കം. ആഹ്വാൻ സെബാസ്റ്റ്യന്റെ ‘വഴിയമ്പലം’ നാടകത്തിലൂടെയാണ് സജീവ നാടകപ്രവർത്തകയായി മാറിയത്. കെ.ടി. മുഹമ്മദ്, എം.ടി. വാസുദേവൻ നായർ, തിക്കോടിയൻ, ടി. ദാമോദരൻ എന്നിവർ ചേർന്ന് എഴുതിയ നാടകമായിരുന്നു ‘വഴിയമ്പലം’.
1984ൽ കെ.ടി. മുഹമ്മദിന്റെ കലിംഗ തിയറ്റേഴ്സിന്റെ ‘ഇതു ഭൂമിയാണ്’ എന്ന നാടകത്തിലൂടെയാണ് സാവിത്രി പ്രഫഷനൽ നാടകവേദിയിലെത്തുന്നത്. തുടർന്ന് ‘കാഫർ’, ‘സൃഷ്ടി’, ‘ദീപസ്തംഭം മഹാശ്ചര്യം’, ‘അച്ഛനും ബാപ്പയും’, ‘സാക്ഷാത്കാരം’, ‘കുചേലവൃത്തം’, ‘സമന്വയം’ തുടങ്ങിയ നിരവധി നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. പിന്നീട് സംഗമം തിയറ്റേഴ്സ്, ചിരന്തന തിയറ്റേഴ്സ്, സ്റ്റേജ് ഇന്ത്യ തുടങ്ങിയ പ്രമുഖ നാടകസംഘങ്ങളുടെയും ഭാഗമായിരുന്നു. ‘രാജസഭ’യിലെ ഐഷക്കുട്ടി എന്ന കഥാപാത്രത്തിന് 1993ൽ മികച്ച നാടക നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ‘അണിയറ’യിലെ അഭിനയത്തിന് സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
പ്രഫഷനൽ നാടകസംഘങ്ങളുടെ സുവർണകാലം അവസാനിച്ചതോടെ സാവിത്രിക്കും വേദിയിൽ നിന്ന് പതിയെ മാറിനിൽക്കേണ്ടിവന്നു. എന്നാൽ വർഷങ്ങൾക്കുശേഷം യുവസംവിധായകൻ സക്കരിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ സാവിത്രി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി. സൗബിൻ ഷാഹിർ അവതരിപ്പിച്ച മജീദിന്റെ ഉമ്മയായ ജമീലയെ സാവിത്രി അവതരിപ്പിച്ചപ്പോൾ, സരസ ബാലുശ്ശേരി അവതരിപ്പിച്ച ബീയുമ്മയ്ക്കൊപ്പമുള്ള അവരുടെ പ്രകടനം സിനിമയുടെ ഹൃദയഭാഗമായി മാറി. സിനിമയിൽ മുൻപരിചയമില്ലാത്ത ഈ നാടകപ്രവർത്തകരെ സംവിധായകൻ സക്കരിയ ഓഡിഷനിലൂടെയാണ് കണ്ടെത്തിയത്.
2018ൽ പുറത്തിറങ്ങിയ ‘സുഡാനി ഫ്രം നൈജീരിയ’ സാവിത്രിയുടെ സിനിമാജീവിതത്തിന് വലിയ വഴിത്തിരിവായി. ജമീല എന്ന കഥാപാത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പുറമെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും ലഭിച്ചു. തുടർന്ന് ‘ഡാകിനി’, ‘വൈറസ്’, ‘മേരാ നാം ഷാജി’, ‘ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന’, ‘പട’, ‘പാപ്പൻ’, ‘മഹി’, ‘ക്രിസ്റ്റി’ തുടങ്ങിയ ചിത്രങ്ങളിലും സാവിത്രി അഭിനയിച്ചു.
തിരശ്ശീലയിൽ വൈകിയെത്തിയെങ്കിലും സാവിത്രി അവിടെ സ്വന്തമായൊരു ഇടം കണ്ടെത്തി. അഞ്ചു പതിറ്റാണ്ടിലേറെ നാടകവേദിക്ക് നൽകിയ സംഭാവനകളും, ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിൽ സിനിമയിലൂടെ നേടിയ അംഗീകാരങ്ങളും ചേർന്നതാണ് സാവിത്രി ശ്രീധരന്റെ കലാജീവിതം. മക്കളായ സുനീഷ്, പ്രസീദ, സബീന എന്നിവരാണ്. ഭർത്താവ് ശ്രീധരൻ നേരത്തെ മരിച്ചിരുന്നു.
വശ്യതയുടെ മറവിൽ മറഞ്ഞുപോയ ജീവിതം; സിൽക്ക് സ്മിത ഓർമ്മയായിട്ട് 30 വർഷം
93-ാം പിറന്നാൾ നിറവിൽ മധു; ആറു പതിറ്റാണ്ടിലേറെ മലയാള സിനിമയുടെ ഹൃദയം തൊട്ട അഭിനയജീവിതം