സ്ത്രീ വോട്ടുകള്‍ എങ്ങോട്ട് വീഴുന്നുവെന്നതാണ് രാജ്യത്തെ തിരഞ്ഞെടുപ്പുകളെ നിര്‍ണായകമാക്കുന്നതെന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുന്നണികളുടെ പ്രകടനപത്രികയില്‍ നിന്ന് തന്നെ വ്യക്തമാണ്. പോളിംഗ് ശതമാനത്തില്‍ വിട്ടുപോയ ഭാഗങ്ങളിലെ കൂടിച്ചേരലുകള്‍ വലിയ മാറ്റം സൃഷ്ടിക്കുന്നുവെന്ന് കണ്ട് പ്രകടനപത്രികളില്‍ ബേട്ടിയും ദീദിയും നാരിയും മഹിളയുമെല്ലാം ചേര്‍ന്ന പ്രഖ്യാപനങ്ങള്‍ സ്ഥിരം അടവുകളായി മാറി കഴിഞ്ഞു. ഈ ഷിഫ്റ്റില്‍ വലിയ രീതിയില്‍ തന്നെ ലക്ഷ്യംവെച്ചു നീങ്ങിയ പാര്‍ട്ടി ബിജെപിയായിരുന്നു.
2014ല്‍ 33 ശതമാനം സ്ത്രീ സംവരണം പാര്‍ലമെന്റിലും നിയമസഭകളിലും പ്രഖ്യാപിച്ചാണ് ബിജെപി ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പ് പിടിക്കുന്നത്. കാര്യം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ലെങ്കിലും 2023ന് നാരീ ശക്തി വന്ദന്‍ ബില്ല് സര്‍ക്കാര്‍ പാസാക്കിയെടുത്തു. 2014ല്‍ പറഞ്ഞ 33 ശതമാനം സംവരണം ഇനി 2029 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശരിയാക്കിയെടുക്കാമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഗ്യാസ് സിലണ്ടറിലെ ഉജ്വല യോജന കാലങ്ങള്‍ക്ക് മുന്നേ പെട്രോള്‍ പമ്പിലെ ബാന്നറുകളില്‍ വലിയ ചിത്രമായെങ്കിലും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞത് ഉദ്ദേശിച്ച ഫലം കിട്ടാതെ വാഗ്ദാനം മാത്രമായി നിന്നത് കൊണ്ടാണ്. അടുത്തിടെ ചര്‍ച്ചയായത് ഡല്‍ഹി തിരഞ്ഞെടുപ്പിലെ സൗജന്യ ദീവാലി സിലണ്ടര്‍ വാഗ്ദാനത്തിന്റെ പേരിലാണ്. ബിജെപി അധികാരത്തില്‍ വന്നാല്‍ സിലണ്ടര്‍ ഫ്രീ തരാം എന്ന് ദീപാവലി ഓഫറില്‍ പറഞ്ഞത് കിട്ടാതെ വന്നപ്പോള്‍ ഗ്യാസ് വണ്ടി തടഞ്ഞു ഡല്‍ഹിയിലെ പെണ്ണുങ്ങള്‍ സിലണ്ടറുകള്‍ തൂക്കിയെടുത്തുകണ്ട് പോയപ്പോഴാണ്.
ദേശീയ തലത്തില്‍ ബേട്ടി ബചാവോ ബേട്ടി പഠാവോ, മഹാരാഷ്ട്രയില്‍ ലഡ്കി ബഹ്ന യോജ്‌ന, ഡല്‍ഹിയില്‍ മഹിള സമൃദ്ധി യോജന, പിന്നെ 2023ല്‍ കൊണ്ടുവന്ന ലാക്പതി ദീദി യോജനയുടെ തുടര്‍ച്ച ഇങ്ങ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വന്നുനില്‍ക്കുന്നു. ഒരു കോടി സ്ത്രീകളെ ലക്പതി ദീദിമാരാക്കുമെന്നതാണ് ബിഹാറിലെ പ്രകടന പത്രികയില്‍ എന്‍ഡിഎ അവകാശപ്പെടുന്നത്. എന്‍ഡിഎ പ്രകടന പത്രികയില്‍ സ്ത്രീകള്‍ക്ക് വ്യക്തമായ ശ്രദ്ധ നല്‍കി തന്നെയാണ് ബിഹാറില്‍ ഭരണവിരുദ്ധ വികാരം ബാധിക്കാതെ ഭരണം നിലനിര്‍ത്താനുള്ള നിതീഷ് കുമാര്‍ ജെഡിയുവിന്റേയും ബിജെപിയുടേയും ശ്രമം. മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന പ്രകാരം സ്ത്രീകള്‍ക്ക് 2 ലക്ഷം രൂപ വരെ സഹായം വാഗ്ദാനം ചെയ്യുന്നു.സ്വാശ്രയത്വവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് സ്ത്രീകള്‍ക്ക് 2 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം. ഒരു കോടി സ്ത്രീകളെ ‘ലഖ്പതി ദീദി’കളാക്കുമെന്നും കൂടാതെ വനിതാ സംരംഭകരെ കോടീശ്വരന്മാരാക്കുന്ന ഒരു മിഷന്‍ ക്രോര്‍പതിയും ബിജെപിയും എന്‍ഡിഎ മുന്നണിയും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യാ ബ്ലോക്ക് പ്രകടന പത്രികയില്‍ ‘മയി ബഹിന്‍ മാന്‍ യോജന’ എന്നൊരു പദ്ധതിയില്‍ സ്ത്രീകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് പ്രതിമാസം 2,500 രൂപ ലഭിക്കുമെന്ന തിരഞ്ഞെടുപ്പ് പ്രഖ്യാപനം നേരത്തെ നടത്തിയതിനാല്‍ അതിനെ നേരിടാന്‍ കൂടിയാണ് ബിഹാറിലെ എന്‍ഡിഎ പ്രഖ്യാപനങ്ങള്‍.
50 ലക്ഷം പുതിയ കോണ്‍ക്രിറ്റ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും സൗജന്യ റേഷന്‍, 125 യൂണിറ്റ് സൗജന്യ വൈദ്യുതി, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ എന്നിവ നല്‍കുമെന്നും എന്‍ഡിഎ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിഹാറില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുമെന്നും രാജ്യത്തെമ്പാടും മോദി സര്‍ക്കാര്‍ നിര്‍മ്മിച്ച എക്‌സ്പ്രസ് ഹൈവേകള്‍ വെള്ളക്കെട്ടിലാഴ്ന്ന് ആള്‍ക്കാരെ ശ്വാസംമുട്ടിക്കുകയും ഇടിഞ്ഞുവീഴുകയും ചെയ്യുമ്പോള്‍ ഏഴ് എക്‌സ്പ്രസ് വേകളുടെയും നിര്‍മ്മാണം ഉള്‍പ്പെടുന്ന പ്രധാന അടിസ്ഥാന സൗകര്യ മുന്നേറ്റം ബിഹാറിലും ബിജെപി വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഹാറില്‍ കഴിഞ്ഞ കുറച്ചു നാളുകളായി പാലങ്ങള്‍ തകര്‍ന്നു വീഴുന്നത് സ്ഥിരമായതിനാല്‍ വലിയ വാഗ്ദാനങ്ങള്‍ അതില്‍ വേണ്ടെന്ന് എന്‍ഡിഎ മുന്നണി കരുതിയിട്ടുണ്ടാവും. അടുത്തിടെ 17 ദിവസത്തില്‍ 12 പാലം വരെ തകര്‍ന്നുവീണെന്നത് ഞെട്ടലോടെ ഏവരും കേട്ടതാണ്.
കൃഷിക്കാര്‍ക്കും ദളിതര്‍ക്കും ബിഹാറിലെ 36 ശതമാനത്തോളം വരുന്ന അതിദരിദ്രര്‍ക്കുമെല്ലാം വലിയ വാഗ്ദാനങ്ങള്‍ ഭരണത്തുടര്‍ച്ചയ്ക്കായി എന്‍ഡിഎ മുന്നണി നല്‍കിയിട്ടുണ്ട്. ഒരു കോടി സര്‍ക്കാര്‍ ജോലികള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ മറ്റൊരു പ്രധാന വാഗ്ദാനം. കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി നഡ്ഡ, മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്രമന്ത്രിയായ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി, കേന്ദ്രമന്ത്രിയും എല്‍ജെപി (റാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാന്‍, ആര്‍എല്‍എം നേതാവ് ഉപേന്ദ്ര കുശ്വാഹ എന്നവിവരെല്ലാം ചേര്‍ന്ന എന്‍ഡിഎ മുന്നണി നേതാക്കളാണ് പട്‌നയില്‍ വെച്ച് പ്രകടനപത്രിക പുറത്തിറക്കിയത്.
243 അംഗ ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 6, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ബിഹാറില്‍ നിതീഷിനെ നിഷ്പ്രഭമാക്കി ബിജെപിയുടെ ജൈത്രയാത്ര തുടരുമോ അതോ നിതീഷിന്റെ കസേര മോഹങ്ങള്‍ ബിജെപിയ്ക്ക് വിനയാകുമോയെന്നതാണ് ഈ തിരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കുന്ന ദേശീയ രാഷ്ട്രീയ പ്രസക്തമായ ചോദ്യം. ഇന്ത്യ മുന്നണി വിജയിച്ചാല്‍ അതും ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ കക്ഷികളുടെ ശക്തിപ്പെടലിന് വഴിവെയ്ക്കും. തൂക്ക് മന്ത്രിസഭയാണെങ്കില്‍ നിതീഷ് കുമാറിന്റെ സ്ഥിരം കസേരകളി ഇരു മുന്നണിയും സഹിക്കേണ്ടി വരും. എന്തായാലും ബിഹാറിന്റെ ഫലം നവംബര്‍ 14-ന് അറിയാം.