രാഹുല്‍ ഗാന്ധി ഹരിയാനയിലെ വോട്ട് കൊള്ളയില്‍ ശക്തമായ തെളിവുകളുമായി രംഗത്ത് വന്നതിന് ശേഷം ചില കാര്യങ്ങള്‍ ശ്രദ്ധാകേന്ദ്രമായി മാറുന്നുണ്ട്. അതിലൊന്ന് ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരുടെ കാര്യത്തിലാണ്, അതായത് ആവര്‍ത്തിച്ച് വോട്ട് ചെയ്യുന്നവരും വോട്ടര്‍ പട്ടികയില്‍ ആവര്‍ത്തിച്ച് കടന്നു കൂടുന്നവരും. രാഹുല്‍ ഗാന്ധി ഇന്നലെ ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് 22 വോട്ടര്‍മാര്‍ 10 ബൂത്തുകളില്‍ വോട്ട് ചെയ്ത കാര്യം അത്ര ലാഘവത്തില്‍ വിടാവുന്നതല്ല. ഇത് ചര്‍ച്ചയാകുമ്പോള്‍ ജനശ്രദ്ധയിലേക്ക് എത്തുന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കാതെ ഉപേക്ഷിച്ച ഒരു സോഫ്റ്റ് വെയ്‌റാണ്. വോട്ടര്‍ പട്ടികയിലെ ആവര്‍ത്തനം തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഡീ-ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍. അതായത് ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയര്‍.
ഈ ഡീ-ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ 3 വര്‍ഷമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്നില്ല എന്ന കാര്യമാണ് ഏറ്റവും പ്രധാനവും സംശയത്തോടെ നോക്കേണ്ടതും. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് അഥവാ സിഡിഎസി വികസിപ്പിച്ച ഈ സോഫ്റ്റ്വെയര്‍ 2022 ലെ സ്പെഷ്യല്‍ സമ്മറി റിവിഷന്‍ സമയത്താണ് അവസാനമായി ഉപയോഗിച്ചത്. പിന്നീട് മൂന്ന് വര്‍ഷക്കാലത്തേക്ക് ഇത് ഉപയോഗിച്ചിട്ടില്ല. അതായത് സാങ്കേതികമായി ഒരിക്കല്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വോട്ടര്‍ പട്ടിക ശുദ്ധീകരണ സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക നവീകരണ പ്രക്രിയയില്‍ നിന്ന് നിശബ്ദമായി അപ്രത്യക്ഷമായി.
മൂന്ന് വര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പ്രധാന ഉപകരണമാണ് ഈ ഡി ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍. വോട്ടര്‍ പട്ടികയിലെ ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരേയും സമാന ഫോട്ടോകളുമായെത്തുന്ന എന്‍ട്രികളും തിരിച്ചറിയാന്‍ രൂപകല്‍പ്പന ചെയ്ത സോഫ്റ്റ്വെയറാണ് ഡീഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് വികസിപ്പിച്ചെടുത്ത ഈ ടൂള്‍ അവസാനമായി വിന്യസിച്ചത് 2022 ലെ വാര്‍ഷിക സ്പെഷ്യല്‍ സമ്മറി റിവിഷന്‍ അഥവാ എസ്എസ്ആര്‍ സമയത്താണ്. അന്ന് രാജ്യത്തെ മൊത്തം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണത്തില്‍ അപൂര്‍വമായ ഒരു ശുദ്ധീകരണമാണ് ഈ സംവിധാനം കൊണ്ട് സാധിച്ചത്. ഏകദേശം 3 കോടി ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കില്‍ അസാധുവായ എന്‍ട്രികള്‍ നീക്കം ചെയ്യുന്നതിന് സഹായിച്ച ഈ സോഫ്റ്റ് വെയറാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കാതെ മാറ്റിവെച്ചത്. അതായത് പൊടിപിടിക്കാനെന്ന പോലെ തട്ടുമ്പുറത്തേക്ക് ഈ ഡീ ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയത് എന്തിനെന്ന് ആര്‍ക്കും സംശയമൊന്നുമില്ലല്ലോ.
രാഹുല്‍ ഗാന്ധി ഹരിയാനയുടെ കാര്യത്തില്‍ മാത്രം ചൂണ്ടിക്കാട്ടിയത് 2024 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 ലക്ഷം വോട്ടുകള്‍ ‘മോഷ്ടിക്കപ്പെട്ടു’വെന്നും അതില്‍ 5.21 ലക്ഷം അതായത് അഞ്ചേകാല്‍ ലക്ഷത്തോളം ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാര്‍ സംസ്ഥാനത്തിന്റെ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നുവെന്നാണ്. ഇവയില്‍, വ്യത്യസ്ത പേരുകളുള്ളതും എന്നാല്‍ സമാനമായ ഫോട്ടോഗ്രാഫുകളുള്ളതുമായ ഒന്നിലധികം എന്‍ട്രികള്‍ ഉണ്ടായിരുന്നുവെന്നും, അതിലൊന്ന്, ഇന്ന് നമ്മള്‍ക്ക് മുന്നില്‍ തട്ടിപ്പിന് ഉപയോഗിച്ചത് തന്റെ പഴയ ഫോട്ടോയെന്ന് സമ്മതിച്ച് ഇതെന്തൊരു ഭ്രാന്താണ് എന്ന് ചോദിച്ച ബ്രസീലിയന്‍ മോഡല്‍ ലാറിസ നെറിയുടെതാണ്.
അപ്പോള്‍ എന്ത് കൊണ്ട് 2022ല്‍ 3 കോടി ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ കണ്ടെടുത്ത് നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ മെച്ചപ്പെട്ടതാക്കാന്‍ സഹായിച്ച ഡൂ ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല എന്ന ചോദ്യം ചോദിച്ചാല്‍, രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മാത്രം പറയാന്‍ വായ തുറക്കുന്ന അതേ ലാഘവത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരം ഉണ്ട്. വീടുകള്‍ തോറുമുള്ള പരിശോധന നടക്കാത്തപ്പോള്‍ മാത്രമേ സോഫ്റ്റ്വെയര്‍ ഉപയോഗിക്കൂ എന്നും സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണപ്രകാരം ഈ പ്രക്രിയ നടക്കുന്നുണ്ട് എന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിസംഗത ബിജെപിയെ സഹായിക്കാനെന്നും വോട്ട് കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിക്കുമ്പോഴും ഡീ-ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ 3 വര്‍ഷമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കാത്തത് ബിജെപിയെ സഹായിക്കാനെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുമ്പോഴും സംഘ ഹാന്‍ഡിലുകളും മാധ്യമങ്ങളും പടച്ചുവിടുന്ന വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി തള്ളുകളില്‍ മതിമറക്കുകയാണ് ചിലരെങ്കിലും.
തന്റെ ഫോട്ടോ ഉപയോഗിച്ച് തന്നെ ഇന്ത്യക്കാരിയാക്കി ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അട്ടിമറി നടത്തിയെന്ന് കണ്ട് ഇതെന്ത് ഭ്രാന്താണ് എന്ന് ചോദിച്ച് തന്റെ ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തിയ ബ്രസിലുകാരി ലാറിസ നെറിയുടെ ഫോട്ടോ ഉപയോഗിച്ച് വാര്‍ത്ത കൊടുത്ത ജനം ഓണ്‍ലൈനിന്റെ തലക്കെട്ട് കണ്ടാല്‍ സാമാന്യ ബോധമുള്ളവര്‍ ഞെട്ടിത്തരിച്ചു പോകും. രാഹുലിന്റെ വാദങ്ങള്‍ പൊളിച്ച് ബ്രസീലിയന്‍ മോഡലെന്നാണ് ജനത്തിന്റെ തലക്കെട്ട്. ഇവരോടൊക്കെ ആ ബ്രസീലുകാരി ചോദിച്ചതേ നമുക്കും ചോദിക്കാനാകൂ, എന്തൊരു ഭ്രാന്താണിത്, ഏത് ലോകത്താണ് നാം ജീവിക്കുന്നത് എന്ന്.