വംശീയ കലാപത്തിൽ കത്തിയെരിഞ്ഞ മണിപ്പൂരിലേക്ക് രണ്ടേകാൽ കൊല്ലത്തിനൊടുവിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി എത്തിയിരിക്കുന്നു. പ്രതിപക്ഷം മാത്രമല്ല മാളോകരൊക്കെ എന്തു കൊണ്ട് മണിപ്പൂരിൽ പ്രധാനമന്ത്രി പോകുന്നില്ലെന്ന് കണ്ഠമിടറി രണ്ടേകാൽ കൊല്ലത്തോളം ചോദിച്ചു വശംകെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം. അതും മിസോറാമിലെ ഉദ്ഘാടന പ്രഖ്യാപന മഹാമഹങ്ങൾക്ക് ശേഷം ആ വഴി മണിപ്പൂരിലേക്ക്. ലക്ഷ്യം മറ്റ് ചില ഉദ്ഘാടന പ്രഖ്യാപനങ്ങളടക്കം.
2023 മേയ് മാസത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുള്ള മണിപ്പൂരിൽ ആളിക്കത്തിയ അണയാത്ത വംശീയ കലാപം ആ സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കി രണ്ടേകാൽ വർഷം പിന്നിട്ടപ്പോഴാണ് രാജ്യത്തെ പ്രധാനമന്ത്രി ആ നാട്ടിൽ കാല് കുത്തിയത്. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി മണിപ്പൂരിലെത്തയത്. സന്ദർശനത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളടക്കം പ്രധാനമന്ത്രി നിർവഹിച്ചിട്ടുമുണ്ട്. ഐസ്വാൾ സന്ദർശനത്തോടെയാണ് പ്രധാനമന്ത്രിയുടെ ത്രിദിന സന്ദർശനത്തിന് തുടക്കമിട്ടത്. മിസോറാമിനെ ഇന്ത്യൻ റെയിൽശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബൈറാബി- സൈരംഗ് പദ്ധതിയിലെ 34 കിലോമീറ്റർ ദൈർഘ്യമുള്ള ഹോർട്ടോക്കി- സൈരംഗ് റെയിൽപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഐസ്വാളിൽ നിർവഹിച്ചു. പിന്നീട്
മിസോറമിൽനിന്ന് ഹെലികോപ്റ്ററിലാണ് മണിപ്പൂരിലെ കലാപകേന്ദ്രങ്ങളിലൊന്നായ ചുരാചന്ദ്പുരിലേക്കെത്താൻ മോദി തീരുമാനിച്ചിരുന്നത്. പക്ഷേ കനത്ത മഴ ഹെലികോപ്ടർ യാത്ര സാധ്യമാക്കിയില്ല. കാറിലാണ് മോദി മണിപ്പൂരിലെത്തിയത്.
നാലേ നാല് മണിക്കൂറാണ് രാജ്യം രണ്ട് വർഷങ്ങളായി കലാപവേദനയിൽ ഉറ്റുനോക്കുന്ന മണിപ്പൂരിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ചെലവഴിക്കുന്നത്. ചുരാചന്ദ്പുർ പീസ് ഗ്രൗണ്ടിലെത്തി പൊതുയോഗത്തിൽ പങ്കെടുത്ത മോദി മണിപ്പൂർ ധീരന്മാരുടെ നാടാണെന്ന് പറഞ്ഞു. ജനങ്ങളെ സല്യൂട്ട് ചെയ്യുന്നെന്ന് പറഞ്ഞു. സംസ്ഥാനത്തിന്റെ ഭംഗിയെ കുറിച്ച് വാചാലനായി.
മണിപ്പുർ പ്രകൃതിയുടെ സമ്മാനമാണ്. ധൈര്യത്തിൻറെയും നിശ്ചയധാർഢ്യത്തിന്റേയും നാടാണ് മണിപ്പൂർ.ഇവിടുത്തെ കുന്നുകൾ രാജ്യത്തിന് ലഭിച്ച അതുല്യമായ സമ്മാനമാണ്. അതേസമയം, അത് നിങ്ങളുടെ നിരന്തര കഠിനാധ്വാനത്തെ പ്രതിഫലിപ്പിക്കുന്നു. മണിപ്പുരിലെ ജനങ്ങളുടെ ആവശേത്തിന് മുമ്പിൽ ഞാൻ സല്യൂട്ട് ചെയ്യുന്നു. കനത്ത മഴയിലും പരിപാടിയിൽ പങ്കെടുക്കാനായി ഇവിടെ എത്തിയ നിങ്ങളോടെനിക്ക് നന്ദിയുണ്ട്. മണിപ്പുർ ധീരന്മാരുടെ നാടാണ്. മണിപ്പുരിലെ ജനങ്ങൾക്ക് മുന്നിൽ ഞാൻ തല കുനിക്കുന്നു. ഈ മനോഹരമായ സ്ഥലത്തെ അക്രമം വിഴുങ്ങി. എന്നാൽ പുതിയ പ്രഭാതം ആരംഭിക്കാൻ പോകുന്നു. ആളുകൾ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കും. ഞാൻ നിങ്ങളോടൊപ്പമുണ്ട്. കേന്ദ്രസർക്കാർ നിങ്ങളോടൊപ്പമുണ്ട്. മണിപ്പുർ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമായി മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’.
കലാപപങ്കിലമായ രണ്ടേകാൽ കൊല്ലമെത്തി പറയാതിരുന്ന വാക്കുകയാണ് കൂക്കി- മെയ്തെയ് വംശീയ കലാപത്തിനൊടുവിൽ വന്നുനിന്ന് രാജ്യത്തെ പ്രധാനമന്ത്രി പറയുന്നത്. ഞാനും കേന്ദ്രസർക്കാരും നിങ്ങളോടൊപ്പമുണ്ടെന്ന്. എല്ലാം കഴിഞ്ഞുള്ള നരേന്ദ്ര മോദിയുടെ വരവ് മണിപ്പൂറിൽ വലിയ ചലനമുണ്ടാക്കുന്നില്ല. കുക്കികൾ പൊതുവേ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നുണ്ടെന്നാലും അത് വ്യാപകമല്ല. മെയ്തെയ്കളിൽ ഒരു വിഭാഗം സന്ദർശനം പ്രഹസനമാണെന്ന നിലപാട് എപ്പോഴേ എടുത്തവരാണ്. നിരോധിത മെയ്തെയ് സംഘടനകൾ സന്ദർശനം ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
പ്രതിപക്ഷവും മോദിയുടെ സന്ദർശനത്തെ കനത്ത ഭാഷയിൽ വിമർശിക്കുകയും ഇംഫാലിൽ കോൺഗ്രസ് പ്രതിഷേധിക്കുകയും ചെയ്തു. മണിപ്പൂർ ബിജെപി ഭരണത്തിലാണ് കത്തിയമർന്നതെന്ന പ്ലക്കാർഡുമായാണ് കോൺഗ്രസ് പ്രതിഷേധം. മണിപ്പുർ സന്ദർശനം മോദിയുടെ പശ്ചാത്താപമല്ലെന്നും മുറിവേറ്റവർക്ക് മേലെയുള്ള ക്രൂരമായ പ്രഹരമാണെന്നുമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വിമർശിച്ചിരുന്നു. മോദിയോടുള്ള ഖാർഗെയുടെ വാക്കുകൾ ഇങ്ങനെയാണ്.
‘‘മണിപ്പുരിൽ നീണ്ടുനിന്നത് 864 ദിവസത്തെ അക്രമം. 300 ജീവൻ നഷ്ടപ്പെട്ടു, 67,000 പേർ കുടിയിറക്കപ്പെട്ടു, 1,500ലധികം പേർക്ക് പരുക്കേറ്റു. അതിനുശേഷം നിങ്ങൾ 46 വിദേശ യാത്രകൾ നടത്തി. പക്ഷേ സ്വന്തം പൗരന്മാരോട് സഹതാപം പ്രകടിപ്പിക്കാൻ മണിപ്പുരിൽ ഒരു സന്ദർശനം പോലും നിങ്ങൾ നടത്തിയില്ല. നിങ്ങളുടെ അവസാന സന്ദർശനം 2022 ജനുവരിയിലായിരുന്നു. അതും തിരഞ്ഞെടുപ്പ് സമയത്ത്! ഈ മണിപ്പുർ സന്ദർശനം നിങ്ങളുടെ പശ്ചാത്താപമല്ല, കുറ്റബോധവുമല്ല. നിങ്ങൾ സ്വയം ഒരു സ്വാഗത ചടങ്ങ് സംഘടിപ്പിക്കുകയാണ്. മുറിവേറ്റവർക്ക് മേലെയുള്ള ക്രൂരമായ പ്രഹരമാണിത്, കാരണം നിങ്ങൾ ഇപ്പോഴും അടിസ്ഥാന ഭരണഘടനാ ഉത്തരവാദിത്തങ്ങളിൽ നിന്നു മാറിനിൽക്കുകയാണ്. നിങ്ങളുടെ സ്വന്തം വാക്കുകളിൽ പറഞ്ഞാൽ. എവിടെ നിങ്ങളുടെ രാജധർമ്മം?