ആളുകളെ താഴ്ത്തിക്കെട്ടുന്നതും അപമാനിക്കുന്നതും ശക്തിയല്ല, ബലഹീനതയുടെ അടയാളമാണ്; സ്മൃതിയ്ക്ക് വേണ്ടി രാഹുലിന്റെ അപേക്ഷ, കൊട്ട് കൊള്ളുന്നതാര്‍ക്ക്?

ആളുകളെ താഴ്ത്തിക്കെട്ടുന്നതും അപമാനിക്കുന്നതും ശക്തിയുടെ ലക്ഷണമല്ല, അത് ബലഹീനതയുടെ അടയാളമാണ്.

സ്മൃതി ഇറാനിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധി തന്റെ അണികളോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്. തന്നെ ആക്രമിക്കാവുന്നതിന്റെ പരാമവധി പാര്‍ലമെന്റിനുള്ളിലും പുറത്തും അമേഠിയിലെ തോല്‍വിയില്‍ പരിഹസിച്ചും അപമാനിച്ചും പപ്പുവിളികളോടെ ആര്‍ത്തട്ടഹസിച്ച എതിരാളിയെ രാഹുല്‍ ഗാന്ധി നേരിട്ട വിധം ഇങ്ങനെയാണ്. തന്നോട് പറഞ്ഞ ഭാഷയില്‍ അതേ രീതിയില്‍ തിരിച്ചടിയ്ക്കാന്‍ തന്റെ അണികളോട് ആക്രോശിക്കുകയോ ആഹ്വാനം ചെയ്യുകയോ ചെയ്യാതെ തന്റെ എതിരാളിയ്‌ക്കെതിരെ മോശമായതോ അധിക്ഷേപകരമായതോ ആയ പരാമര്‍ശം ഉണ്ടാവരുതെന്ന് തന്റെ അണികളോട് ഒരു രാഷ്ട്രീയ നേതാവ് പറയുന്നത് സമകാലിക ഇന്ത്യയ്ക്ക് അധികം പരിചിതമായ കാഴ്ചയല്ല. കാരണം രാജ്യം കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഭരിക്കുന്നത് മോദി സര്‍ക്കാരാണ്.

പപ്പുവെന്ന് വിളിച്ചും ബാലക് ബുദ്ധിയെന്ന് പരിഹസിച്ചും കുട്ടികള്‍ നേരിടുന്ന ഡിസ്ലെക്‌സിയ എന്ന പഠനവൈകല്യത്തെ പോലും രാഹുല്‍ ഗാന്ധിയെ പരിഹസിക്കാനായി ഉപയോഗിക്കുകയും ചെയ്ത പ്രധാനമന്ത്രിയുടെ ഭരണകാലത്താണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകളെന്നതാണ് പ്രധാനം. അതും രാഹുലിനെ അപഹസിക്കാനും അധിക്ഷേപിക്കാനും മോദിയ്‌ക്കൊപ്പം ചേര്‍ന്ന് എല്ലാ പരിപാടികളിലും പ്രത്യേകം രാഹുല്‍ ധ്വംസന സെഷണ്‍ സംഘടിപ്പിക്കുന്ന സ്മൃതി ഇറാനിയ്ക്ക് വേണ്ടി.

ജയവും തോല്‍വിയും ജീവിതത്തില്‍ സംഭവിക്കുന്ന ആപേക്ഷികമാണ്. ശ്രീമതി സ്മൃതി ഇറാനിയ്ക്ക് എതിരെ അപകീര്‍ത്തികരമായ വാക്കുകളോ പരാമര്‍ശമോ പാടില്ലെന്നും അവരോട് മോശമായി പെരുമാറുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സ്മൃതി ഇറാനിയോട് മാത്രമല്ല മറ്റേതെങ്കിലും നേതാവിനോടും ആ മോശം രീതി പാടില്ല. ആളുകളെ അപമാനിക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്നത് ബലഹീനതയുടെ ലക്ഷണമാണ്, അല്ലാതെ ശക്തിയല്ല അത് കാണിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ചു കയറാനുള്ള സ്മൃതി ഇറാനിയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മ്മയോട് ഒന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്മൃതി പരാജയപ്പെട്ടത്. രാഹുല്‍ ഗാന്ധി അമേഠിയില്‍ മല്‍സരിക്കാതെ റായ്ബറേലി തിരഞ്ഞെടുത്തപ്പോള്‍ പേടിച്ചോടിയതാണെന്നും രാഹുലിന്റെ പോക്ക് തനിക്ക് അംഗീകാരമാണെന്നും പറഞ്ഞു നടന്ന സ്മൃതിയാണ് രാഹുലിന്റെ വിശ്വസ്തന് മുന്നില്‍ അടിപതറി വീണത്. ഇതോടെ സോഷ്യല്‍ മീഡിയയിലടക്കം സ്മൃതിയ്‌ക്കെതിരെ പരിഹാസവര്‍ഷങ്ങളുണ്ടായി.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 55,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ അദ്ദേഹത്തിന്റെ കോട്ടയായ അമേഠിയില്‍ പരാജയപ്പെടുത്തിയത്. അതിന് ശേഷം പാര്‍ലമെന്റില്‍ വയനാട്ടില്‍ നിന്നെത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് നേര്‍ക്ക് പലവിധത്തിലുള്ള ആരോപണങ്ങള്‍ സ്മൃതി ഉയര്‍ത്തുകയും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി തനിക്ക് നേര്‍ക്ക് ഫ്‌ലൈയിംഗ് കിസ് ആംഗ്യം കാണിച്ചെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് ബിജെപിയുടെ വനിത എംപിമാരെ ഒന്നടങ്കം ചേര്‍ത്ത് മണിപ്പൂര്‍ അവിശ്വാസ പ്രമേയ ചര്‍ച്ച കാലത്ത് സ്മൃതി ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതായിരുന്നില്ല.

ബിജെപി രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ അയോഗ്യനാക്കി പിന്നീട് സുപ്രീം കോടതി വിധിയിലൂടെ സഭയില്‍ രാഹുല്‍ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു സ്മൃതിയുടെ ഫ്‌ലൈയിംഗ് കിസ് ആരോപണം.
മണിപ്പൂര്‍ വിഷയത്തില്‍ ഇന്ത്യ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പ്രസംഗം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഭരണപക്ഷത്തെ ചിലര്‍ പരിഹസിച്ച് ചിരിച്ചിരുന്നു. ഇതുകണ്ട് ട്രഷറി ബെഞ്ച് അതായത് ഭരണപക്ഷത്തെ മുന്‍നിരക്കാര്‍ ഇരിക്കുന്ന ഇടത്തേക്ക് നോക്കി രാഹുല്‍ ഗാന്ധി ഒരു ഫ്ലൈയിംഗ് കിസ് നല്‍കി ഇറങ്ങിപ്പോയി. ഇതിന് വനിത എംപിമാരെ നോക്കി രാഹുല്‍ ഗാന്ധി അശ്ലീല ആംഗ്യം കാണിച്ചുവെന്നൊക്കെയാണ് അന്നത്തെ വനിത ശിശുക്ഷേമ മന്ത്രിയായിരുന്ന സ്മൃതി ആരോപണം ഉന്നയിച്ചത്. ബിജെപിയുടെ വനിത എപിമാര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതിയും നല്‍കി.

നെഹ്‌റു കുടുംബത്തിന്റെ ലക്ഷണമാണ് ഈ മാന്യതയില്ലാത്ത പെരുമാറ്റമെന്നും അയാളുടെ കുടുംബത്തിനും പാര്‍ട്ടിക്കും സ്ത്രീകളെ കുറിച്ചുള്ള ചിന്താഗതിയാണ് ഈ ആക്ഷനിലൂടെ വെളിവായതെന്നും സ്മൃതി ഇറാനി അന്ന് പറഞ്ഞിരുന്നു.

എന്തായാലും ഇക്കുറി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പറഞ്ഞുനടന്ന പല കാര്യങ്ങളും സ്മൃതി ഇറാനിയെ തിരിച്ചു കൊത്തിയിരുന്നു. അയോഗ്യനാക്കി രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതിയില്‍ നിന്ന് ഇറക്കി വിട്ടപ്പോള്‍ പരിഹസിച്ച് ചിരിച്ചവര്‍ ബുധനാഴ്ചയാണ് 28 തുഗ്ലക് ക്രസന്റിലെ ഔദ്യോഗിക വസതിയില്‍ നിന്ന് ഇറങ്ങേണ്ടി വന്നത്. ഇതേ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ അതിര് കടക്കുന്നത് കണ്ടതോടെയാണ് സ്മൃതിയ്ക്കായി രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപേക്ഷയുമായെത്തിയത്. അപമാനിക്കല്‍ ശക്തിയുടെ ലക്ഷണമല്ലെന്നും അത് ബലഹീനതയുടെ അടയാളമാണെന്നും പറഞ്ഞു. കൊള്ളേണ്ടവര്‍ക്ക് എന്തായാലും വിഷയം കൊണ്ടിട്ടുണ്ട്.

Latest Stories

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി