പ്രതികാര രാഷ്ട്രീയത്തിന്റെ പുതിയമുഖവുമായി നായിഡു ആന്ധ്രയില്‍?; അമരാവതിയുടെ തിരിച്ചുവരവില്‍ പൊളിച്ചടുക്കപ്പെടുന്ന പ്രതിപക്ഷ ഓഫീസ്!

മുന്‍മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയായ വൈഎസ്ആര്‍സിപിയുടെ പണിതുകൊണ്ടിരിക്കുന്ന ആസ്ഥാനമന്ദിരം ഇടിച്ചു നിരത്തി പുതിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പ്രതികാര രാഷ്ട്രീയത്തിന്റെ പുത്തന്‍ പതിപ്പിലേക്ക് ആന്ധ്രാപ്രദേശ് കടക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ചാണ് പ്രതിപക്ഷത്തിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഓഫീസ് കെട്ടിടം പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ഇടിച്ചുനിരത്തപ്പെടുന്നത്. എന്നാല്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മിച്ച പാര്‍ട്ടി ഓഫീസാണ് പൊളിച്ചു മാറ്റിയതെന്ന ന്യായം നായുഡുവിന്റെ ടിഡിപി സര്‍ക്കാരിനുണ്ട്.

പുലര്‍ച്ചെ ഒരു കെട്ടിടം മുനിസപ്പില്‍ കോര്‍പ്പറേഷന്‍ അതോറിറ്റി പൊളിച്ചുമാറ്റിയതിന്റെ രോഷം പലയിടങ്ങളില്‍ നിന്ന് ഉയരുമ്പോള്‍ ജഗന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അഴിമതി കേസില്‍ അകത്താക്കിയതിന്റെ പകവീട്ടുകയാണ് പുത്തന്‍ മുഖ്യമന്ത്രിയെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസുകാര്‍ പറയുന്നത്. ഗുണ്ടൂര്‍ ജില്ലയിലെ തഡപ്പള്ളിയിലെ ഓഫിസ് കെട്ടിടമാണ് എംടിഎംസി ശനിയാഴ്ച പുലര്‍ച്ചെ പൊളിച്ച് നീക്കിയത്. ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ഈ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയത്. മംഗളഗിരി-താഡപള്ളി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഥവാ എംടിഎംസി അധികൃതര്‍ മണ്ണുമാന്തി യന്ത്രങ്ങളും ബുള്‍ഡോസറുകളും ഉപയോഗിച്ച് പുലര്‍ച്ചെ 5:30 ഓടെയാണ് പൊളിക്കല്‍ നടപടികള്‍ തുടങ്ങിയത്. അനധികൃത നിര്‍മ്മാണത്തെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടിയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു സിആര്‍ഡിഎ അധികൃതര്‍.

അനധികൃത നിര്‍മാണം ആരോപിച്ച് തലസ്ഥാന മേഖല വികസന അതോറിറ്റി അഥവാ സിആര്‍ഡിഎ വൈഎസ്ആര്‍സിപിയ്ക്ക് നല്‍കിയ നോട്ടീസിനെതിരെ പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വെള്ളിയാഴ്ച കോടതിയ്ക്ക് മുമ്പാകെ വിഷയമെത്തുകയും പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടതായും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ട്. വൈഎസ്ആര്‍സിപിയുടെ അഭിഭാഷകന്‍ സിആര്‍ഡിഎ കമ്മീഷണറെ ഇക്കാര്യങ്ങള്‍ അറിയിച്ചതായും പാര്‍ട്ടി വക്താവ് അവകാശപ്പെട്ടു. ഇതോടെ കോടതിയെ മറികടന്നാണോ സര്‍ക്കാര്‍ നീക്കം നടത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്.

ജലസേചന വകുപ്പിന്റെ ഭൂമിയിലാണ് വൈഎസ്ആര്‍സിപി ഓഫീസ് പണിയുന്നതെന്ന് സിആര്‍ഡിഎ, എംടിഎംസി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്ത് ബോട്ട് യാര്‍ഡിനായി ഉപയോഗിച്ചിരുന്ന ഭൂമി ചെറിയ തുകയ്ക്ക് പാട്ടത്തിനെടുത്താണ് പാര്‍ട്ടി ഓഫീസ് പണിതതെന്നാണ് ആക്ഷേപം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ പാര്‍ട്ടി സിആര്‍ഡിഎയുടെയും എംടിഎംസിയുടെയും അനുമതി വാങ്ങാതെയാണ് നിര്‍മാണം തുടങ്ങിയതെന്നും ആരോപണമുണ്ട്. എന്നാല്‍ സംഭവം തീര്‍ത്തും പ്രതികാര രാഷ്ട്രീയമാണെന്നാണ് മുന്‍മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറയുന്നത്.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാഷ്ട്രീയ പകപോക്കല്‍ നടത്തിയെന്ന് ‘എക്സ്’ പോസ്റ്റില്‍ ജഗന്‍ ആരോപിച്ചു. ഹൈക്കോടതിയുടെ ഉത്തരവുകള്‍ അവഗണിച്ച് ഒരു ഏകാധിപതി വൈഎസ്ആര്‍സിപിയുടെ കേന്ദ്ര ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തുവെന്നാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ മുന്‍മുഖ്യമന്ത്രി കുറിച്ചത്.

എന്‍ഡിഎ സഖ്യത്തിലുള്ള നായിഡു വരുന്ന അഞ്ച് വര്‍ഷങ്ങള്‍ രാഷ്ട്രീയ പകപോക്കലിന്റെ വേദിയാക്കാന്‍ ഉദ്ദേശിക്കുന്നുവോ എന്ന ചോദ്യം ഉയരുന്നുണ്ട്. നേരത്തെ ജഗന്‍ 2019ല്‍ അധികാരത്തില്‍ വന്നപ്പോള്‍ നായിഡു തലസ്ഥാനമാക്കാന്‍ നിര്‍മ്മാണം ആരംഭിച്ച അമരാവതിയെ തഴഞ്ഞു വിശാഖപട്ടണത്തെ മുന്‍നിര്‍ത്തിയാണ് ആന്ധ്ര ഭരിച്ചിരുന്നത്. തിരിച്ചു അധികാരത്തിലെത്തിയ നായിഡു ആദ്യം തന്നെ പ്രഖ്യാപിച്ചത് അമരാവതിയാകും ഇനി ആന്ധ്രയുടെ തലസ്ഥാനമെന്നാണ്. പിന്നാലെയാണ് അനധികൃത നിര്‍മ്മാണമെന്ന് ആരോപിച്ച് പ്രതിപക്ഷത്തിന്റെ കേന്ദ്ര ഓഫീസ് ബുള്‍ഡോസര്‍രാജില്‍ ഇടിച്ചുനിരത്തിയത്. ആന്ധ്രയുടെ വരും ദിനങ്ങള്‍ രാഷ്ട്രീയ പ്രക്ഷുബ്ധമാണെന്ന് വ്യക്തമാക്കുകയാണ് നായിഡു- ജഗന്‍ പോര്. അഴിമതി കേസില്‍ തന്നെ അറസ്റ്റ് ചെയ്യിപ്പിച്ച ജഗനെതിരെ കൂര്‍മ്മബുദ്ധിയോടെ പകവീട്ടാന്‍ നായിഡു ഇറങ്ങുമ്പോള്‍ ആന്ധ്രാ രാഷ്ട്രീയം കലുഷിതമാവുകയാണ്.

Latest Stories

CSK VS RR: എന്നെ തടയാൻ മാത്രം കെല്പുള്ള ബോളർമാർ ഇവിടെയില്ല; ചെന്നൈക്കെതിരെ തകർപ്പൻ ഫോമിൽ സഞ്ജു സാംസൺ

CSK VS RR: 'ഇവൻ എന്നെ എയറിൽ കേറ്റും', ധോണി ആ ചെറിയ ചെക്കനെ കണ്ട് പഠിക്കണം എന്ന് ആരാധകർ; ചെന്നൈക്കെതിരെ തകർത്തടിച്ച് വൈഭവ് സൂര്യവൻഷി

ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുടെ പരീക്ഷഫലം പുറത്തുവിടാത്തതിന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

CSK VS RR: വന്നു, റൺറേറ്റ് കുറച്ചു, പോയി; എം എസ് ധോണിയുടെ ബാറ്റിംഗ് പ്രകടനത്തിൽ വൻ ആരാധകരോഷം

ദേശീയപാത തകര്‍ന്നുവീണത് നിര്‍ഭാഗ്യകരം; ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം; പാക് സൈനിക മേധാവിയുടെ സ്ഥാനക്കയറ്റം അട്ടിമറി ഒഴിവാക്കാനെന്ന് നിഗമനം

രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കും; അടിയന്തര സഹായം നല്‍കണം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും നാളുകള്‍; ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍

IPL 2025: ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുന്നതെന്ന് ഒടുവില്‍ പിടികിട്ടി, അപ്പോ ഇതായിരുന്നല്ലേ കുറിച്ചത്, താരത്തിന്റെ മറുപടി ഇങ്ങനെ

ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി; തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ