ഛാഠ് പൂജയ്ക്ക് യമുനയില്‍ ഒന്ന് മുങ്ങി സ്‌നാനം ചെയ്ത് പൂജ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തൊക്കെ സഹക്കണം. യമുന ആട്രിലെ പതഞ്ഞു കിടക്കുന്ന വെള്ളത്തില്‍ നാട്ടിലെ ആചാരത്തിന്റെ പേര് പറഞ്ഞു മുങ്ങാനാകുമോ?. മെയ്ക്ക് ഇന്‍ ഇന്ത്യ പറഞ്ഞു നടക്കുമ്പോഴും കൂടിയ പാശ്ചാത്യ ബ്രാന്‍ഡുകളില്‍ അഭിരമിക്കുന്ന രാജ്യത്തെ ബിജെപി പ്രധാനമന്ത്രിയ്ക്ക് യമുനയിലെ മലിനജലത്തിലെങ്ങനെ ഒന്നും മുങ്ങാന്‍ പറ്റും. ഗംഗയും യമുനയും ശുദ്ധീകരിക്കാന്‍ പതിനായിരക്കണക്കിന് കോടികളുടെ പദ്ധതി പ്രഖ്യാപിച്ച് ആ പേരില്‍ വോട്ടുപിടിച്ചു 10 കൊല്ലത്തിലേറെ ഭരിച്ചിട്ട് ആ യമുന തീരത്ത് പ്രത്യേക നീരാട്ട് സംവിധാനമുണ്ടാക്കി കുളിക്കാന്‍ ഇറങ്ങുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി. യമുന തീരത്ത് ഫില്‍ട്ടര്‍ വാട്ടര്‍ നിറച്ച കുളം തീര്‍ത്ത് പടവുകളിട്ട് ഡല്‍ഹി സര്‍ക്കാര്‍ വരച്ചുകാണിക്കുന്നുണ്ട് ശുചീകരണ പദ്ധതികളുടെ വമ്പന്‍ വിജയം.
യമുന തീരത്ത് ഛാഠ് പൂജയ്ക്ക് സാധാരണക്കാര്‍ സ്‌നാനത്തിന് ഇറങ്ങുമ്പോള്‍ പ്രധാനമന്ത്രി മോദി യമുന വെള്ളം കലരാത്ത അതിര് തിരിച്ചു ശുദ്ധീകരിച്ച വെള്ളം നിറച്ച സ്‌നാന്‍ഘട്ടില്‍ മുങ്ങിനിവരും. ആംആദ്മി പാര്‍ട്ടിയാണ് യമുനയിലെ ഛാഠ് പൂജ ഒരുക്കങ്ങളിലെ ‘അയിത്തം’ തുറന്നുകാട്ടിയത്. ഡല്‍ഹിയില്‍ പ്രതിപക്ഷമായ ആംആദ്മി പാര്‍ട്ടി വാസുദേവ് ഘട്ടില്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍മ്മിച്ച ഒരു കൃത്രിമ ഘാട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആചാരപരമായ സ്‌നാനത്തിനായി പ്രത്യേകം ഫില്‍ട്ടര്‍ ചെയ്ത വെള്ളം കൊണ്ട് നിറച്ച യമുനതീരത്തെ മറ്റൊരു കുഞ്ഞന്‍ യമുനയെ കാണിച്ചു തരുന്നുണ്ട്. ഡല്‍ഹിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന വസീറാബാദ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്നുള്ള ഫില്‍ട്ടര്‍ ചെയ്ത വെള്ളം ഉപയോഗിച്ചാണ് വാസുദേവ് ഘട്ടില്‍ കൃത്രിമ യമുന ഉണ്ടാക്കിയത്. ഒരു കുഞ്ഞന്‍ അരുവി ആരുമറിയാതെ രഹസ്യമായി ബിജെപി ശുദ്ധവെള്ളം കൊണ്ടു നിറച്ചത് ജനങ്ങള്‍ പൂജയ്ക്കിറങ്ങുന്ന യമുനയിലെ വെള്ളത്തില്‍ പ്രധാനമന്ത്രി ഇറങ്ങില്ലെന്ന് പറയാന്‍ ഭയന്നിട്ടാണ്. അപ്പോള്‍ ചോദ്യമാകുന്ന ഗംഗ- യമുന ശുചീകരണ പദ്ധതിയിലെ കോടികളുടെ ഒഴിക്കിനെ കുറിച്ചാണ്.
ബിജെപിയുടെ രഹസ്യാത്മക ഫില്‍ട്ടര്‍ നിറയ്ക്കല്‍ വാര്‍ത്ത സമ്മേളനം നടത്തി എഎപി ഡല്‍ഹി മേധാവി സൗരഭ് ഭരദ്വാജ് തുറന്നുകാട്ടി. യമുനയിലെ വെള്ളത്തില്‍ തന്നെ മുങ്ങികുളിച്ചുവെന്ന് വരുത്താനാണ് ഈ രഹസ്യാത്മകത ബിജെപി നടത്തിയതെന്ന് വ്യക്തമാക്കുകയാണ് ആപ് നേതാക്കള്‍. പക്ഷേ ഫില്‍ട്ടര്‍ വാട്ടര്‍ നിറച്ച പ്രത്യേക യമുന മാളോകരുടെ കണ്ണില്‍പ്പെട്ടുപോയി. ഈ കുടിലതയെ പറ്റി ആപ് നേതാവ് സൗരഭ് ഭരദ്വാജ് പരിഹാസത്തോടെ പറഞ്ഞത് ഇങ്ങനെയാണ്.
‘ഡല്‍ഹിയിലെയും രാജ്യത്തെയും ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപി ഉടന്‍ തന്നെ മറ്റൊരു നാടകം അവതരിപ്പിക്കാന്‍ പോകുന്നു. ഡല്‍ഹി, ബീഹാര്‍, പൂര്‍വാഞ്ചല്‍ എന്നിവിടങ്ങളിലെ ജനങ്ങളെ കബളിപ്പിക്കാനും ബിജെപി യമുന വൃത്തിയാക്കിയെന്ന് കാണിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആ ഫില്‍ട്ടര്‍ ചെയ്ത വെള്ളത്തില്‍ മുങ്ങിക്കുളിക്കും. യമുനാനദിക്കരയില്‍ ഒരു കൃത്രിമ കുളം നിര്‍മ്മിച്ചിട്ടുണ്ട്, അതില്‍ ഡല്‍ഹിയിലെ കുടിവെള്ളം വിതരണം ചെയ്യുന്ന വസീറാബാദ് ട്രീറ്റ്മെന്റ് പ്ലാന്റ് പൈപ്പ്ലൈനില്‍ നിന്നുള്ള ഫില്‍ട്ടര്‍ ചെയ്ത വെള്ളം നിറച്ചിരിക്കുന്നു, മറ്റുള്ളവര്‍ മലിന ജലത്തില്‍ നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് ഫില്‍ട്ടര്‍വെള്ളത്തില്‍ ക്യാമറകള്‍ക്ക് വേണ്ടി കുളിക്കാന്‍ സാധിക്കും.
ഫില്‍ട്ടര്‍ ചെയ്ത വെള്ളത്തിന്റെ വ്യാജ നദി’യില്‍ നിന്ന് വ്യത്യസ്തമായി, മറ്റ് ഘട്ടുകളില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം കലര്‍ന്ന വെള്ളമുള്ളതിനാല്‍ ഭക്തര്‍ക്ക് ആരോഗ്യപരമായ അപകടങ്ങള്‍ ഉണ്ടാകുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും ആപ് പുറത്തിറക്കിയിട്ടുണ്ട്. ‘ഡല്‍ഹിയിലെ ഛാഠ് പൂജയുമായി ബന്ധപ്പെട്ട മതവികാരങ്ങളെ ബിജെപി പരിഹസിച്ചു എന്ന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ബിജെപിയുടെ രീതിയില്‍ തന്നെ ആചാരലംഘനം ചൂണ്ടിക്കാട്ടി എക്സില്‍ പോസ്റ്റുമിട്ടു. ഡല്‍ഹിയിലെ പ്രതിപക്ഷ നേതാവ് അതിഷി ഈ സാഹചര്യത്തെ ‘തികച്ചും വിവേചനപരം’ എന്ന് വിശേഷിപ്പിച്ചു.
സ്ഥിരം വികാരപ്രകടനവുമായാണ് ബിജെപി ഈ ആരോപണങ്ങളെ നേരിട്ടത്. ആരോപണങ്ങളെ ‘രാഷ്ട്രീയ നിരാശയുടെ ലജ്ജാകരമായ ഉദാഹരണം’ എന്ന് വിശേഷിപ്പിച്ച ബിജെപി ഉത്സവത്തിന് മുമ്പ് ‘യമുന ശുചീകരണത്തെ ആം ആദ്മി പാര്‍ട്ടി എതിര്‍ക്കുന്നുവെന്ന് പറഞ്ഞു മതംവികാരം ഇളക്കാനാണ് ശ്രമിച്ചത്. 2018 നും 2024 നും ഇടയില്‍ യമുനാ തീരത്ത് ഛാഠ് പൂജ നിരോധിച്ച മുന്‍ ആം ആദ്മി സര്‍ക്കാരാണെന്ന് പറഞ്ഞാണ് ഡല്‍ഹി ബിജെപി മേധാവി വീരേന്ദ്ര സച്ച്‌ദേവ ആരോപണങ്ങളെ എതിര്‍ത്തത്. ശുചിത്വം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ ഒരു പ്രതിപക്ഷ നേതാവ് എതിര്‍പ്പ് ഉന്നയിച്ച ആദ്യത്തെ രാഷ്ട്രീയ നാടകമാണിതെന്നാണ് ആപ്പിന്റെ ആരോപണങ്ങള്‍ക്കുള്ള ബിജെപി മറുപടി. ബിജെപി സര്‍ക്കാര്‍ എട്ട് മാസത്തിനുള്ളില്‍ യമുനയുടെ അടിസ്ഥാന ശുചീകരണം പൂര്‍ത്തിയാക്കിയെന്നും പ്രകൃതിദത്ത സ്‌നാന കേന്ദ്രങ്ങള്‍ ഭക്തര്‍ക്ക് ലഭ്യമാക്കിയതായും സച്ച്‌ദേവ പറഞ്ഞു.
ആംആദ്മി ഉന്നയിച്ച ആരോപണങ്ങള്‍ ചെറുതല്ല, ‘ഛാഠ ഉത്സവത്തിന് വരുന്ന ബീഹാറില്‍ നിന്നും പൂര്‍വാഞ്ചലില്‍ നിന്നും വരുന്ന ഭക്തരെ കബളിപ്പിക്കാന്‍ ബിജെപി കിഴക്കന്‍ കനാല്‍ വഴി യുപിയിലെ കര്‍ഷകര്‍ക്ക് വെള്ളം നല്‍കുന്നത് നിര്‍ത്തി യമുനയിലേക്ക് വെള്ളം തുറന്നുവിട്ടിരിക്കുകയാണെന്നും ആംആദ്മി പറയുന്നു. ബിജെപിയ്ക്ക് യമുനയുടെ മലിനീകരണത്തില്‍ ഒരു മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അവരുടെ നുണ മറയ്ക്കാന്‍ അവര്‍ പുതിയ തന്ത്രങ്ങള്‍ സ്വീകരിക്കുകയാണെന്നും ആംആദ്മി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
എന്തായാലും 2014 മുതല്‍ ഗംഗ നവീകരണം ബിജെപി കൊട്ടിഘോഷിക്കുന്നുണ്ട്. യമുന ഗംഗയുടെ പോഷക നദിയായതിനാല്‍ പതഞ്ഞു പൊങ്ങുന്ന യമുനയും ശുദ്ധീകരണത്തിന്റെ നമാമി ഗംഗ പദ്ധതിയിലുണ്ടായിരുന്നു. 2014 മുതല്‍ 19 വരെ 5 വര്‍ഷം കൊണ്ട് ഗംഗയെ ശുദ്ധീകരിക്കുമെന്ന് പറഞ്ഞവര്‍ അടുത്ത തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ 2026 മാര്‍ച്ച് വരെ ഗംഗ ശുചീകരണ പദ്ധതി നീട്ടി. 20,000 കോടിയുടെ ബജറ്റാണ് ഈ ശുചീകരണത്തിന് തുടക്കത്തില്‍ നീക്കിവെച്ചത്. 22,500 കോടിയാക്കി പിന്നീട് 5 വര്‍ഷം 12 വര്‍ഷമായപ്പോള്‍. കേന്ദ്രത്തിന്റെ ഈ പദ്ധതിയ്ക്ക് പുറമേ 2025-26 ഡല്‍ഹി ബിജെപി സര്‍ക്കാര്‍ ബജറ്റില്‍ യമുനയ്ക്ക് 500 കോടി നീക്കി വെച്ചിട്ടുണ്ട്. പിന്നീട് ഓടകളും മാലിന്യനീക്കവും നദീതട സംരക്ഷണവുമായി ഒരു 9000 കോടി വേറെ. ഈ മാസം ആദ്യം 1816 കോടിയുടെ അടുത്ത യമുന ക്ലീനിംഗ് പ്രഖ്യാപനം അമിത് ഷാ നേരിട്ടും നടത്തിയിട്ടുണ്ട്. ഈ കോടികളൊക്കെ ഇങ്ങനെ ഒഴുകി യമുനയിലേക്ക് ഇറങ്ങിയിട്ടും അത് പതഞ്ഞുപൊങ്ങി വിഷലിപ്തമായി ഒഴുകുന്നുണ്ട്. കോടികളൊക്കെ ഇറക്കിയ കേന്ദ്രസര്‍ക്കാരിന്റെ നായകന് പോലും പക്ഷേ യമുനയില്‍ കാല് കുത്താന്‍ പേടിയാണെന്ന് മാത്രം.
യമുനയിലെ വെള്ളത്തില്‍ ഒരാള്‍ കുളിച്ചാല്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും’ എന്ന് ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ മുന്നറിയിപ്പ് ഉള്ളപ്പോള്‍ ബിജെപി ‘ബീഹാര്‍ വോട്ടുകള്‍ക്കായി ജനങ്ങളുടെ ആരോഗ്യവും വിശ്വാസവും അപകടത്തിലാക്കുന്നു’എന്ന് ആംആദ്മി പറയുന്നതില്‍ തെറ്റെന്താണ്. മോദിയെന്തായാലും സ്വന്തം ആരോഗ്യം നോക്കും. പ്രധാനമന്ത്രി മോദി ഛാഠ് ആഘോഷിക്കുന്നത് ശുദ്ധീകരിച്ച യമുനയിലും അതേസമയം പാവപ്പെട്ട പൂര്‍വാഞ്ചലിലെ സാധാരണക്കാര്‍ യഥാര്‍ത്ഥ യമുനയുടെ മലിനവും കോളിംഫോം ബാക്ടീരിയ അപകടകരമായി കൂടിയതുമായ വെള്ളത്തില്‍ പ്രാര്‍ത്ഥന നടത്താനും നിര്‍ബന്ധിതരാകുന്നുവെന്നത് മാത്രമാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട ബിജെപി രാഷ്ട്രീയത്തിന്റെ ബാക്കിപത്രം. കൃത്രിമമായി നിര്‍മ്മിച്ച യമുനയില്‍ ചൊവ്വാഴ്ച നരേന്ദ്ര മോദി കുളിക്കാനിറങ്ങുമ്പോള്‍ ആചാരലംഘനത്തിന് സാധ്യതയില്ല. കാരണം അത് മോദിയാണല്ലോ, സംഘപ്രചാരകരുടെ ഇന്ത്യയില്‍ മോദിയ്ക്ക് എന്തുമാകാം, മോദി ചെയ്യുന്നതെന്തോ അതല്ലേ അവര്‍ക്ക് ആചാരം.