നീയോൺ വെളിച്ചങ്ങൾ തെളിയുന്ന നിമിഷം മുതൽ ഇന്ത്യയിലെ നഗരങ്ങൾ ഒരേ സ്വപ്നം വിൽക്കുകയാണ് ആഘോഷം, ലഹരി, വിനോദം, “ലൈഫ്‌സ്റ്റൈൽ”. ഗോവയിലെ ബീച്ചുകൾ മുതൽ ഹൈദ്രാബാദിലെ റൂഫ്‌ടോപ്പ് പബ്ബുകൾ വരെ, ഗുരുഗ്രാമിലെ കോർപ്പറേറ്റ് ലൗഞ്ചുകളിൽ നിന്ന് മുംബൈയിലെ ബേസ്‌മെന്റ് നൈറ്റ്ക്ലബ്ബുകൾ വരെ, ഈ സ്വപ്നം നിർമ്മിക്കപ്പെടുന്നത് ഒരേ മനുഷ്യരുടെ ചുമലിലാണ്. അവർ കയ്യടിയ്ക്കപ്പെടുന്നില്ല. അവർ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ വരുന്നില്ല. അവർ കത്തിക്കരിയുമ്പോൾ മാത്രമാണ് വാർത്തയാകുന്നത്.എന്നാൽ ആ വെളിച്ചങ്ങളുടെ അടിയിൽ, കാണാൻ ആരുമില്ലാത്ത ഒരുകൂട്ടം മനുഷ്യർ ചുട്ടുപൊള്ളുകയാണ്. അവർ ഉപഭോക്താക്കളല്ല; അവർ തൊഴിലാളികളാണ്.
ഗോവയിലെ നൈറ്റ് ക്ലബ് തീപിടിത്തം ഒരു ‘അപകടം’ ആയിരുന്നില്ല. അത് ഒരു ഘടനാപരമായ കൊലപാതകമാണ്. വർഷാവസാന ആഘോഷങ്ങൾ വർധിക്കുന്നതോടെ നൈറ്റ് ക്ലബ്ബുകളും പബ്ബുകളും കഫേകളും നിറയുമ്പോൾ, അവ പ്രവർത്തിപ്പിക്കുന്ന ബെയറർമാരും അടുക്കള ജീവനക്കാരും ക്ലീനർമാരും ഫ്രണ്ട് ഡെസ്ക് സ്റ്റാഫും കൂടുതൽ അപകടത്തിലേക്ക് തള്ളപ്പെടുന്നു. അവർ ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുന്നു പക്ഷേ മരണത്തിനു ശേഷം പോലും അവരുടെ പേരുകൾ ഓർമ്മിക്കപ്പെടുന്നില്ല.ബെംഗളൂരുവിലെ മഡ്‌പൈപ്പ് ഹൂക്ക ബാർ ഇന്ന് ‘ഒരു കേസ്സ് സ്റ്റഡി’ ആയി മാറിയിരിക്കുന്നു. താഴ്ന്ന മേൽക്കൂരകളും ശ്വാസംമുട്ടിക്കുന്ന ഇടവഴികളും അടുക്കളയിൽ ചലിക്കാൻ പോലും ഇടമില്ലാത്ത തിരക്കുമായിരുന്നു അവിടുത്തെ യാഥാർഥ്യം. തീപിടിത്തം സംഭവിച്ചപ്പോൾ, നിയമലംഘനങ്ങൾ വാർത്തയായി. പക്ഷേ അവിടെ ജോലി ചെയ്ത മനുഷ്യരുടെ ജീവിതം മാത്രം കണക്കിൽ പെടാതെ പോയി.
നാലാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ട നേപ്പാളിയായ പ്രേം, ജീവൻ രക്ഷിച്ചത് ഭാഗ്യം കൊണ്ടാണ്. എന്നാൽ ഗോവയിൽ, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, അസം, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് ആ ഭാഗ്യം ഉണ്ടായില്ല. ബേസ്‌മെന്റ് അടുക്കളയിൽ കുടുങ്ങി അവർ കത്തിക്കരിഞ്ഞു. അടുക്കളകൾ എപ്പോഴും ഭൂമിക്കടിയിലാണെന്നത് യാദൃശ്ചികമല്ല ഗോവയിലെ ഖസാൻ ഭൂമിയിൽ പണിതുയർത്തിയ ക്ലബ്ബുകൾ മുതൽ ബെംഗളൂരുവിലെ റൂഫ്‌ടോപ്പ് കഫേകൾ വരെ, സൗന്ദര്യബോധം എന്ന പേരിൽ മുളയും മരവും തുണിയും ഉപയോഗിച്ച് മരണകുഴികൾ സൃഷ്ടിക്കപ്പെടുന്നു. അകത്ത് ജോലി ചെയ്യുന്നവർക്ക് രക്ഷപ്പെടാനുള്ള വഴികൾ പോലും ഉണ്ടാകാറില്ല.അവിടെ തൊഴിലാളികൾ അദൃശ്യരാണ്.
വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള യുവാക്കളെ കുറിച്ച് ഒരിക്കൽ ഒരു മാനേജർ പറഞ്ഞ വാചകം:
“അവർ കുടുംബവുമായി വരാറില്ല. നാട്ടിലേക്ക് പോകാൻ കഴിയില്ല. അതിനാൽ അവർക്ക്ജോലിയിൽ കൂടുതൽ പ്രതിബദ്ധത. ഉണ്ട്”
ഇതാണ് സത്യം. ബന്ധനമില്ലായ്മയെ തൊഴിലുടമകൾ ‘കമ്മിറ്റ്മെന്റ്’ എന്ന് വിളിക്കുന്നു.
അവരുടെ ഒറ്റപ്പെടലാണ് വ്യവസായത്തിന്റെ ഇന്ധനം.
10–12 മണിക്കൂർ ഷിഫ്റ്റുകൾ. സ്ഥിരം ചിരി. ക്ഷീണത്തിനിടയിലും സൗഹൃദം അഭിനയിക്കേണ്ട വികാരാത്മക തൊഴിൽ. ഇതൊക്കെയാണ് ‘സോഫ്റ്റ് സ്കിൽസ്’. എന്നാൽ ഈ സൗഹൃദത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്നത് സുരക്ഷയില്ലായ്മയും നിയമരഹിതത്വവും ആണ്.
ഗോവയിൽ മരിച്ച തൊഴിലാളികളിൽ ഒരാളുടെ സഹോദരൻ പറഞ്ഞത്, “അവൻ വിളിച്ചപ്പോൾ പറഞ്ഞു, അടുക്കളയിൽ ചൂട് സഹിക്കാൻ പറ്റുന്നില്ലെന്ന്. പക്ഷേ നാട്ടിലേക്ക് പോകാൻ പറ്റില്ലായിരുന്നു. പണം വേണം.” ഗോവയിലെ ആ നൈറ്റ് ക്ലബ്ബിൽ അവൻ contract labour ആയിരുന്നു. പേപ്പറിൽ അവൻ അവിടെ ഉണ്ടായിരുന്നില്ല. തീപിടിച്ചപ്പോൾ, അവന്റെ പേര് ആദ്യ ദിവസത്തെ ലിസ്റ്റിൽ പോലും ഉണ്ടായിരുന്നില്ല. മൃതദേഹം തിരിച്ചറിയാൻ കുടുംബം യാത്ര ചെയ്തപ്പോൾ മാത്രമാണ് അവൻ ‘തൊഴിലാളി’ ആയി മാറിയത്.
ഗോവയിലെ നൈറ്റ് ക്ലബ് തീപിടിത്തം ‘അപകടം’ എന്ന് വിളിക്കുന്നത് ഒരു കള്ളമാണ്. അത് നിയമത്തിന്റെ പരാജയമല്ല; നിയമം ഉദ്ദേശപൂർവ്വം പ്രവർത്തിക്കാത്തതിന്റെ ഫലമാണ്. ബേസ്‌മെന്റ് അടുക്കളയിൽ കുടുങ്ങി മരിച്ച തൊഴിലാളികൾക്ക് രക്ഷപ്പെടാൻ വഴിയില്ലായിരുന്നു എന്നത് അപ്രതീക്ഷിതമല്ല. ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ അടുക്കളകൾ എവിടെയാണെന്ന് നോക്കിയാൽ മതി ഭൂമിക്കടിയിൽ, വായുവില്ലാതെ, ഒരൊറ്റ പ്രവേശനവഴിയോടെ. ഉപഭോക്താവിന് മേൽക്കൂരയിൽ കാഴ്ച; തൊഴിലാളിക്ക് താഴെ ഇരുട്ട്.
ബേസ്‌മെന്റുകളുടെ ഇരുട്ടിൽ നിന്നാണ് തൊഴിലാളികൾ നിയമപരമായി അപ്രത്യക്ഷമാകുന്നത്. അവിടെയെത്തുമ്പോൾ, അപകടം ഇനി ഒരു കെട്ടിടത്തിന്റെ രൂപകൽപ്പന മാത്രമല്ല; അത് ഒരു തൊഴിൽബന്ധത്തിന്റെ ഫലമാകുന്നു. ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഏറ്റവും ശക്തമായ സുരക്ഷാ ഉപകരണം ഫയർ എക്സിറ്റുകളോ അലാറങ്ങളോ അല്ല. അത് contract labour എന്ന നിയമരൂപമാണ്. തീപിടിച്ചാൽ, അതാണ് ആദ്യം പ്രവർത്തിക്കുന്നത് ഉത്തരവാദിത്തം പിരിച്ചുവിടാൻ.
ഒരു നൈറ്റ് ക്ലബ്ബിലോ പബ്ബിലോ ജോലി ചെയ്യുന്ന ആളോട് ചോദിച്ചാൽ, അവൻ ആരുടെ ജീവനക്കാരനാണെന്ന് അവനുതന്നെ വ്യക്തമാകില്ല. ചിലപ്പോൾ അവൻ സ്ഥാപനത്തിന്റെ പേരിൽ യൂണിഫോം ധരിച്ചിരിക്കും. ചിലപ്പോൾ ശമ്പളം മറ്റൊരു പേരിൽ ലഭിക്കും. ചിലപ്പോൾ ഒരാൾ വഴി ജോലിക്ക് എത്തും, മറ്റൊരാൾ വഴി ശമ്പളം കിട്ടും. ഈ അസംബന്ധം അബദ്ധമല്ല. ഇത് കൃത്യമായി രൂപകൽപ്പന ചെയ്ത തൊഴിൽക്രമമാണ്. കാരണം വ്യക്തമായ employer–employee ബന്ധം ഉണ്ടെങ്കിൽ, അപകടം സംഭവിക്കുമ്പോൾ ഉത്തരവാദിത്തം ഉറപ്പിക്കേണ്ടി വരും. അതിനാൽ ബന്ധം തന്നെ മങ്ങിയതാക്കുന്നു.
contract labour നിയമത്തിന്റെ ഔദ്യോഗിക ലക്ഷ്യം തൊഴിലാളികളെ സംരക്ഷിക്കലാണ്. എന്നാൽ ഹോസ്പിറ്റാലിറ്റി മേഖലയിലെ അതിന്റെ പ്രയോഗം പൂർണ്ണമായും മറിച്ചാണ്. ഇവിടെ contract labour ഉപയോഗിക്കുന്നത് സീസണൽ ആവശ്യം കൊണ്ടല്ല. ഇത് സ്ഥിരം സംവിധാനമാണ്. PF ഒഴിവാക്കാൻ, ESI ഒഴിവാക്കാൻ, ഇൻഷുറൻസ് ഒഴിവാക്കാൻ, ജോലി സമയം നിയന്ത്രണങ്ങൾ ഒഴിവാക്കാൻ—എല്ലാം contract labour എന്ന ഒരൊറ്റ വാക്കിനുള്ളിൽ ഒളിപ്പിക്കുന്നു.
തീപിടിച്ചാൽ നടക്കുന്ന സംഭാഷണങ്ങൾ ഏതാണ്ട് ഒരേ രീതിയിലാണ്. ഉടമ പറയും: “തൊഴിലാളികൾ ഞങ്ങളുടേതല്ല.” മാനേജർ പറയും: “സ്റ്റാഫിംഗ് contractor ആണ്.” contractor പറയും: “അവർ daily wage workers.” ലേബർ ഡിപ്പാർട്ട്‌മെന്റ് പറയും: “employer–employee relationship തെളിയിച്ചാൽ മാത്രം നടപടി.” ഈ വാചകങ്ങൾക്കിടയിൽ, മനുഷ്യർ മരിച്ചുകിടക്കും. മരിച്ച ശേഷം പോലും, അവകാശം തെളിയിക്കേണ്ടി വരും.
ഗോവയിലെ നൈറ്റ് ക്ലബ് തീപിടിത്തത്തിന് ശേഷം പുറത്തുവന്ന വിവരങ്ങളിൽ, മരിച്ചവരിൽ പലരും ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത തൊഴിലാളികളല്ലെന്ന് വ്യക്തമാകുന്നു. അതായത് അവർ ജോലി ചെയ്തിരുന്നുവെന്ന് തെളിയിക്കേണ്ട ബാധ്യത അവരുടെ കുടുംബങ്ങൾക്ക് മേൽ വീണു. തൊഴിലാളി മരിച്ചിട്ടും, അവൻ തൊഴിലാളിയാണെന്ന് തെളിയിക്കേണ്ടി വരുന്ന ഒരു വ്യവസ്ഥയാണിത്. contract labour ഈ ക്രൂരതയെ നിയമപരമാക്കുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്—contract labour-ന്റെ ഏറ്റവും വലിയ ഗുണം ഉടമകൾക്ക് അത് replaceable ആകുന്നതാണ്. ഒരാൾ മരിച്ചു പോയാൽ, അടുത്ത ദിവസം മറ്റൊരാൾ. സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തേണ്ടതില്ല. അന്വേഷണങ്ങൾ നടക്കുമ്പോഴും, പുതിയ തൊഴിലാളികൾ ജോലിയിൽ പ്രവേശിക്കും. ഈ തുടർച്ചയാണ് വ്യവസായത്തിന്റെ യഥാർത്ഥ സുരക്ഷ. മനുഷ്യരുടെ തുടർച്ചയല്ല, പ്രവർത്തനത്തിന്റെ തുടർച്ച.
ഹൈദ്രാബാദിലും ഗുരുഗ്രാമിലും നടത്തിയ അനൗദ്യോഗിക സംഭാഷണങ്ങളിൽ, പല തൊഴിലാളികളും പറഞ്ഞ ഒരു വാചകം ഒരുപോലെയാണ്: “ഞങ്ങൾ സ്ഥിരം അല്ല.” ഈ വാചകം അവർ ആശ്വസത്തോടെ പറയുന്നില്ല. അത് അവർക്ക് അറിയാവുന്ന സത്യം മാത്രമാണ്. സ്ഥിരമല്ലാത്തവർക്ക് ചോദ്യം ചോദിക്കാനാവില്ല. ചോദ്യം ചോദിച്ചാൽ അടുത്ത ദിവസം ജോലി ഉണ്ടാകില്ല. ഈ ഭയം contract labour-ന്റെ മറ്റൊരു മുഖമാണ്.
contract labour നിയമപരമായി നിലനിൽക്കുന്നിടത്തോളം, ലേബർ ഇൻസ്‌പെക്ഷൻ സംവിധാനങ്ങൾക്കും അത് സൗകര്യമാണ്. പരിശോധനയ്ക്ക് വരുമ്പോൾ, രേഖകളിൽ തൊഴിലാളികളുടെ എണ്ണം കുറവായിരിക്കും. യഥാർത്ഥത്തിൽ ജോലി ചെയ്യുന്നവർ “outsourced” ആയിരിക്കും. “Not on our rolls” എന്ന വാചകം പരിശോധനയെ തന്നെ അവസാനിപ്പിക്കും. ലേബർ ഇൻസ്‌പെക്ടർമാർക്ക് തൊഴിലാളികളെ എണ്ണേണ്ടി വരില്ല. പേരുകൾ ചോദിക്കേണ്ടി വരില്ല. അപകടസാധ്യത വിലയിരുത്തേണ്ടി വരില്ല.
ഈ സംവിധാനത്തിന്റെ മറ്റൊരു അപകടകരമായ വശം തൊഴിലാളികളുടെ ചലനശീലമാണ്. ഒരേ തൊഴിലാളി ഇന്ന് ഹൈദ്രാബാദിൽ, നാളെ ഗുരുഗ്രാമിൽ, അടുത്ത മാസം ഗോവയിൽ. ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിയമങ്ങൾ, വ്യത്യസ്ത രജിസ്ട്രേഷൻ സംവിധാനങ്ങൾ. ഒരു സംസ്ഥാനത്ത് സംഭവിച്ച അപകടത്തിന്റെ രേഖ മറ്റൊരു സംസ്ഥാനത്ത് ഒന്നും അർത്ഥമാക്കുന്നില്ല. തൊഴിലാളിയുടെ ശരീരം സഞ്ചരിക്കുന്നു. അവകാശങ്ങൾ ഒരിടത്തും എത്തുന്നില്ല.
ഇതാണ് സംസ്ഥാനങ്ങൾക്കിടയിലെ ഉത്തരവാദിത്ത വിടവ്. ജന്മ സംസ്ഥാനത്തിന് തൊഴിലാളിയുടെ മരണത്തിൽ ഉത്തരവാദിത്തമില്ല. ജോലി ചെയ്ത സംസ്ഥാനത്തിന് അവൻ “outsider” ആണ്. കേന്ദ്ര സർക്കാരിന് ഇത് “state subject” ആണ്. ഈ അധികാര വിഭജനത്തിൽ, contract labour പൂർണ്ണമായി ഉപയോഗിക്കപ്പെടുന്നു. ഒരാൾ മരിച്ചാൽ, അവൻ ഒരു കണക്കായി പോലും രേഖപ്പെടുത്തപ്പെടുന്നില്ല.
മാധ്യമങ്ങൾ പലപ്പോഴും ചോദിക്കുന്ന ചോദ്യം ഇതാണ്: “ലൈസൻസ് ഉണ്ടായിരുന്നോ?” പക്ഷേ contract labour ഉള്ളിടത്ത്, ലൈസൻസ് ഉണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ ചോദ്യമാണ്. ആദ്യ ചോദ്യം ഇതാണ്: “അവിടെ എത്ര പേർ ജോലി ചെയ്തിരുന്നു?” ഈ ചോദ്യം ഉന്നയിക്കപ്പെടുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. കാരണം കൃത്യമായ ഉത്തരം ആരുടേയും കൈയിൽ ഇല്ല. രേഖകളിൽ കാണിക്കുന്നതും യാഥാർത്ഥ്യവും തമ്മിൽ വലിയ വിടവ് ഉണ്ടാകും. ഈ വിടവാണ് നിയമത്തിന്റെ ഏറ്റവും വലിയ പരാജയം.
contract labour എന്നത് ഇന്ത്യയിൽ തൊഴിലാളികളെ നിയമപരമായി അദൃശ്യരാക്കാനുള്ള ഒരു സാങ്കേതികത മാത്രമല്ല. അത് സമൂഹത്തിന്റെ മനസാക്ഷിയെ മയക്കുന്ന ഉപകരണവുമാണ്. “Temporary worker” എന്ന വാക്ക് മരണത്തെ പോലും താൽക്കാലികമാക്കുന്നു. സ്ഥിരം അല്ലാത്തവരുടെ മരണം സ്ഥിരം ആഘാതമാകുന്നില്ല. അതുകൊണ്ടാണ് ഇത്തരം വാർത്തകൾ പെട്ടെന്ന് മറക്കപ്പെടുന്നത്.
ഇതിന്റെ ഏറ്റവും ക്രൂരമായ ഭാഗം സുരക്ഷാ പരിശീലനവുമായി ബന്ധപ്പെട്ടതാണ്. contract labour-ന് ഫയർ ഡ്രിൽ നൽകേണ്ട ഉത്തരവാദിത്തം ആരുടേയും തലയിൽ ഇല്ല. ഉടമ പറയും contractor-ന്റെ ബാധ്യത. contractor പറയും തൊഴിലാളി മാറിക്കൊണ്ടിരിക്കുന്നു. ലേബർ ഡിപ്പാർട്ട്‌മെന്റ് പറയും ഇത് അവരുടെ പരിധിക്ക് പുറത്താണ്. അങ്ങനെ, തീപിടിച്ചാൽ എന്ത് ചെയ്യണമെന്ന് അറിയാതെ തൊഴിലാളികൾ കുടുങ്ങുന്നു. അവർ പഠിക്കുന്നത് ഒരു അപകടത്തിലൂടെയാണ്. അതിന് വില കൊടുക്കുന്നത് ശരീരമാണ്.
ഗുരുഗ്രാമിൽ നടന്ന ഒരു ചെറിയ തീപിടിത്തത്തിന് ശേഷം, ഒരു തൊഴിലാളി പറഞ്ഞ വാചകം ഈ സംവിധാനത്തിന്റെ സാരാംശം വ്യക്തമാക്കുന്നു: “സൈറൺ കേട്ടപ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.” ഈ വാചകം ഒരു വ്യക്തിയുടെ പരാജയം അല്ല. അത് ഒരു സംവിധാനത്തിന്റെ കുറ്റപത്രമാണ്. സുരക്ഷാ സംവിധാനം ഉണ്ടായിട്ടും, അത് തൊഴിലാളിയിലേക്ക് എത്താത്തതിന്റെ തെളിവ്.
contract labour നിയമപരമായി നിലനിൽക്കുന്നിടത്തോളം, നൈറ്റ് ലൈഫ് വ്യവസായത്തിലെ അപകടങ്ങൾ വ്യക്തിഗത ദൗർഭാഗ്യങ്ങളായി തുടരും. അവ ഒരിക്കലും ഘടനാപരമായ കുറ്റങ്ങളായി മാറില്ല. കാരണം ഘടന തന്നെ നിയമത്തിന്റെ സംരക്ഷണത്തിലാണ്. ഇത് തിരുത്താതെ പോകുന്നിടത്തോളം, ബേസ്‌മെന്റുകളും തീപ്പിടിത്തങ്ങളും തുടരുക തന്നെ ചെയ്യും.
ഈ മരണങ്ങൾ സംഭവിച്ചത് ഭരണകൂടം അറിയാതെ പോയതുകൊണ്ടല്ല. ഇന്ത്യയിലെ നൈറ്റ് ലൈഫ് വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഓരോ ഫയർ ഓഫീസർക്കും, മുനിസിപ്പൽ എഞ്ചിനീയർക്കും, ലേബർ ഇൻസ്‌പെക്ടർക്കും, നഗര ഭരണാധികാരിക്കും ഒരേ സത്യം അറിയാം—ബേസ്‌മെന്റ് അടുക്കളകൾ അപകടകരമാണ്, contract labour സുരക്ഷിതമല്ല, പരിശോധനകൾ അപൂർണ്ണമാണ്. എന്നിട്ടും ഒന്നും മാറുന്നില്ല. കാരണം ഇവിടെ പരാജയം വ്യക്തികളുടേതല്ല; അത് ഒരു സംവിധാനത്തിന്റെ നിശ്ചയമാണ്.
ഫയർ ഡിപ്പാർട്ട്‌മെന്റുകൾ ഇന്ത്യയിൽ പലപ്പോഴും അവരുടെ പരിധി പറഞ്ഞ് രക്ഷപ്പെടുന്നു. “ഞങ്ങൾ പരിശോധന നടത്തും, നോട്ടീസ് നൽകും.” ഇതാണ് ഔദ്യോഗിക ഭാഷ. പക്ഷേ ഈ നോട്ടീസുകൾക്ക് പിന്നാലെ എന്ത് സംഭവിക്കുന്നു എന്നതാണ് യഥാർത്ഥ ചോദ്യം. ഒരു ഫയർ എൻഒസി സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നത് സാങ്കേതികമായി സാധ്യമാണ്. പക്ഷേ പ്രായോഗികമായി അത് അപൂർവ്വമാണ്. കാരണം ഒരു എൻഒസി റദ്ദാക്കുന്നത് ഒരു സ്ഥാപനം അടയ്ക്കുന്നതിന് തുല്യമാണ്. ഒരു സ്ഥാപനം അടയ്ക്കുമ്പോൾ, നഗരത്തിന്റെ ‘ബിസിനസ് ഫ്രണ്ട്‌ലി’ ഇമേജ് ബാധിക്കും. ഈ ഭയം ഫയർ സുരക്ഷയെക്കാൾ വലുതായി മാറുന്നു.
നഗരസഭകൾ ഇതിലും കൂടുതൽ ശക്തമായ സ്ഥാനത്താണ്. ബിൽഡിംഗ് പ്ലാൻ അപ്രൂവലും ഉപയോഗമാറ്റ അനുമതിയും അവരുടെ കൈയിലാണ്. ബേസ്‌മെന്റ് പാർക്കിംഗ് അടുക്കളയായി മാറുന്നത് അവർക്ക് അറിയാം. എന്നാൽ അവർ ഇടപെടുന്നില്ല. കാരണം ഒരിക്കൽ ഇടപെട്ടാൽ, ആ കെട്ടിടം മുഴുവൻ ചോദ്യം ചെയ്യേണ്ടി വരും. പ്ലാൻ അപ്രൂവലിൽ നിന്ന് occupancy സർട്ടിഫിക്കറ്റ് വരെ. അതിനിടയിൽ ഉദ്യോഗസ്ഥർക്ക് നിയമപരമായ തലവേദനകൾ തുടങ്ങും. കേസുകൾ വരും. സ്റ്റേ ഓർഡറുകൾ വരും. ഒടുവിൽ ഉത്തരവാദിത്തം ഒരു ഉദ്യോഗസ്ഥന്റെ മേൽ പതിയാം. ഈ അപകടം ഏറ്റെടുക്കാൻ ആരും തയ്യാറല്ല.
ലേബർ ഡിപ്പാർട്ട്‌മെന്റുകൾക്ക് ഈ മേഖലയോട് ഒരു സ്ഥിരം അകലം നിലനിൽക്കുന്നുണ്ട്. കാരണം ഹോസ്പിറ്റാലിറ്റി മേഖല ‘informal–formal’ ഇടനിലയിലാണ്. ഫാക്ടറി അല്ല, അതിനാൽ Factories Act ബാധകമല്ല. ചെറിയ സ്ഥാപനം എന്ന പേരിൽ Shops and Establishments Act-ന്റെ കർശനതയും കുറയും. contract labour ഉള്ളതിനാൽ, employer–employee ബന്ധം തെളിയിക്കാൻ ബുദ്ധിമുട്ട്. ഈ നിയമപരമായ മൂടൽമഞ്ഞിലാണ് ലേബർ പരിശോധനകൾ അപ്രസക്തമാകുന്നത്. പരിശോധന നടക്കാറില്ലെന്നല്ല; നടന്നാലും അത് ഫലപ്രദമാകുന്നില്ല.
ഇവിടെ ഒരിക്കൽ കൂടി വ്യക്തമാക്കേണ്ടത് ഇതാണ്: ഈ വകുപ്പുകൾ തമ്മിൽ ഒരു ഔദ്യോഗിക കൂട്ടുകെട്ട് രേഖകളിൽ കാണില്ല. പക്ഷേ പ്രവർത്തനത്തിൽ അത് വ്യക്തമാണ്. ഫയർ ഡിപ്പാർട്ട്‌മെന്റ് മുനിസിപ്പാലിറ്റിയെ ചൂണ്ടിക്കാണിക്കും. മുനിസിപ്പാലിറ്റി ലേബർ ഡിപ്പാർട്ട്‌മെന്റിനെ. ലേബർ ഡിപ്പാർട്ട്‌മെന്റ് ഫയർ എൻഒസി ഇല്ലാതെ ഇടപെടാൻ കഴിയില്ലെന്ന് പറയും. ഈ അധികാര കൈമാറ്റം ഉത്തരവാദിത്തത്തെ ഇല്ലാതാക്കുന്ന ഒരു കൃത്യമായ സംവിധാനം തന്നെയാണ്.
ഗോവയിലെ നൈറ്റ് ക്ലബ് തീപിടിത്തത്തിന് ശേഷം, ഒരുപാട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇത് ഇന്ത്യയിൽ പതിവായ ഒരു നാടകമാണ്. സസ്പെൻഷൻ എന്നത് ശിക്ഷയല്ല; അത് സമയം വാങ്ങാനുള്ള മാർഗമാണ്. അന്വേഷണങ്ങൾ നടക്കും. റിപ്പോർട്ടുകൾ തയ്യാറാകും. കുറച്ച് മാസങ്ങൾക്കുശേഷം, ഉദ്യോഗസ്ഥർ തിരിച്ചെത്തും. meanwhile, സ്ഥാപനങ്ങൾ പുതിയ പേരിൽ പ്രവർത്തനം പുനരാരംഭിക്കും. സസ്പെൻഷൻ ഒരു ആശ്വാസമായി മാധ്യമങ്ങൾ അവതരിപ്പിക്കും. പക്ഷേ അത് ഒരു structural change ഉണ്ടാക്കുന്നില്ല.
ഇവിടെ ഒരു നിർണ്ണായക ചോദ്യം ഉയരുന്നു: അപകടം സംഭവിക്കുന്നതിന് മുമ്പ് ഈ സ്ഥാപനങ്ങൾ എങ്ങനെ പ്രവർത്തിച്ചു? ഇത്രയും അപകടസാധ്യതകൾ ഉണ്ടായിട്ടും, എങ്ങനെ വർഷങ്ങളോളം അവർ തുറന്നുകിടന്നു? ഈ ചോദ്യത്തിന് ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ—സംസ്ഥാനം അത് അനുവദിച്ചു. മൗനത്തിലൂടെയും അനാസ്ഥയിലൂടെയും.
ഹൈദ്രാബാദിലും ഗുരുഗ്രാമിലും നടത്തിയ സംഭാഷണങ്ങളിൽ, ചില ഫയർ ഉദ്യോഗസ്ഥർ സ്വകാര്യമായി പറയുന്ന ഒരു വാചകം ആവർത്തിക്കുന്നു: “നമ്മൾ എല്ലാം അടയ്ക്കാൻ തുടങ്ങിയാൽ, പകുതി നഗരം അടയ്ക്കേണ്ടി വരും.” ഈ വാചകം ഒരു സമ്മതിയാണ്. നിയമം നടപ്പാക്കിയാൽ നഗരത്തിന്റെ ഇപ്പോഴത്തെ രൂപം നിലനിൽക്കില്ല എന്ന സത്യം. അതിനാൽ നിയമം നടപ്പാക്കാതിരിക്കാൻ തീരുമാനിക്കുന്നു. ഇത് അജ്ഞതയല്ല. ഇത് നയം തന്നെയാണ്.
പഞ്ചാബിലെ ഹൈവേ റസ്റ്റോബാറുകളിലും ഗുജറാത്തിലെ സ്വകാര്യ ക്ലബ്ബുകളിലും ഈ നയം മറ്റൊരു രൂപത്തിലാണ്. അവിടുത്തെ സ്ഥാപനങ്ങൾ പലപ്പോഴും നിയമത്തിന്റെ പരിധിക്ക് പുറത്താണ്. അതിനാൽ പരിശോധനകൾ തന്നെ നടക്കാറില്ല. “Illegal” എന്ന മുദ്ര തന്നെ അവരെ സുരക്ഷാ ചോദ്യങ്ങളിൽ നിന്ന് ഒഴിവാക്കുന്നു. നിയമപരമല്ലാത്തിടത്ത് നിയമപരമായ സുരക്ഷ ആവശ്യപ്പെടാൻ കഴിയില്ല എന്ന വിചിത്രമായ ലജിക്. ഈ ലജിക് തൊഴിലാളികളുടെ ജീവനെ പൂർണ്ണമായും ഉപേക്ഷിക്കുന്നു.
കേരളത്തിൽ, ഈ സംസ്ഥാനിക നിഷ്ക്രിയത കൂടുതൽ സൂക്ഷ്മമാണ്. ഉയർന്ന സാമൂഹ്യ സൂചികകളുടെ മറവിൽ, ടൂറിസം മേഖലയിലെ അപകടങ്ങൾ ചെറുതാക്കപ്പെടുന്നു. “ഇവിടെ അങ്ങനെയൊന്നും സംഭവിക്കില്ല” എന്ന ആത്മവിശ്വാസം പരിശോധനകളെ ദുർബലമാക്കുന്നു. അപകടം സംഭവിച്ചാൽ, അത് ഒരു അപവാദമായി മാത്രം ചിത്രീകരിക്കും. സിസ്റ്റമാറ്റിക് പ്രശ്നമായി ഒരിക്കലും അംഗീകരിക്കില്ല. ഈ നിഷേധമാണ് ഏറ്റവും അപകടകരം.
സംസ്ഥാനങ്ങൾ തമ്മിലുള്ള ഉത്തരവാദിത്ത വിഭജനവും ഈ പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നു. തൊഴിലാളികൾ ഒരുസംസ്ഥാനത്ത് നിന്ന് മറ്റൊരിടത്ത് ജോലി ചെയ്യുന്നു. അപകടം സംഭവിച്ചാൽ, ആരാണ് ഉത്തരവാദി എന്ന ചോദ്യം നിയമപരമായി സങ്കീർണ്ണമാകുന്നു. ഈ സങ്കീർണ്ണത തന്നെയാണ് സംവിധാനത്തിന്റെ ശക്തി. വ്യക്തമായ ഉത്തരവാദിത്തമില്ലെങ്കിൽ, ശിക്ഷയും ഉണ്ടാകില്ല.
ഇവിടെ വീണ്ടും ഓർക്കേണ്ടത്, ഇത് അഴിമതിയുടെ മാത്രം കഥയല്ല എന്നതാണ്. പലപ്പോഴും ഉദ്യോഗസ്ഥർ പണം വാങ്ങിയെന്ന തെളിവുകൾ പുറത്തുവരാറില്ല. അതിനർത്ഥം അവർ കുറ്റക്കാരല്ല എന്നല്ല. അത് കുറ്റം മറ്റൊരു രൂപത്തിലാണ് പ്രവർത്തിക്കുന്നത് എന്നതിന്റെ തെളിവാണ്. ഇത് institutional complicity ആണ്—സംവിധാനം തന്നെ അപകടത്തെ സാധാരണവൽക്കരിക്കുന്നു.
ഇന്ത്യയിലെ നൈറ്റ് ലൈഫ് വ്യവസായത്തിലെ ഫയർ സേഫ്റ്റി പരാജയം ഒരു ഭരണപരമായ പിഴവല്ല. അത് ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പാണ്. വിനോദം തുടരണം. നിക്ഷേപം തുടരണം. നഗരത്തിന്റെ മിനുക്ക് നിലനിൽക്കണം. അതിന് വേണ്ടി തൊഴിലാളികളുടെ ജീവൻ ഒരു അംഗീകരിക്കപ്പെട്ട നഷ്ടമായി കണക്കാക്കപ്പെടുന്നു.
ഇനി ബാക്കി വരുന്ന ചോദ്യം ഇതാണ്: ഈ എല്ലാം വ്യക്തമായിട്ടും, എന്തുകൊണ്ട് മാധ്യമങ്ങൾ ഇവിടെ നിൽക്കുന്നു? എന്തുകൊണ്ട് അന്വേഷണം അപകട വാർത്തയിൽ അവസാനിക്കുന്നു? എന്തുകൊണ്ട് പേരുകൾ ചോദിക്കപ്പെടുന്നില്ല, ബന്ധങ്ങൾ പരിശോധിക്കപ്പെടുന്നില്ല?ഗോവയിലെ നൈറ്റ് ക്ലബ് തീപിടിത്തത്തിന് ശേഷം, മാധ്യമങ്ങൾ പറഞ്ഞത് പരിചിതമായ വാക്കുകളാണ്: “തീപ്പിടിത്തം”, “ദുരന്തം”, “അപകടം”, “25 പേർ മരിച്ചു”. ഈ വാക്കുകൾ എല്ലാം ശരിയാണ്. പക്ഷേ അവ പൂർണ്ണമല്ല. അവ എന്താണ് മറയ്ക്കുന്നത് എന്ന് നോക്കിയാൽ മാത്രമാണ് പ്രശ്നത്തിന്റെ ആഴം കാണാൻ കഴിയുക. അവ മറയ്ക്കുന്നത് പേരുകളാണ്. തീരുമാനങ്ങളാണ്. ഒപ്പുകളാണ്. വർഷങ്ങളായി എടുത്തിട്ടുള്ള, എടുക്കാതിരുന്നിട്ടുള്ള തീരുമാനങ്ങളുടെ ശൃംഖലയാണ്.
മരിച്ച തൊഴിലാളികളുടെ പേരുകൾ എത്രപേർക്ക് അറിയാം? അവരുടെ വീടുകൾ എവിടെയായിരുന്നു? അവരുടെ കുടുംബങ്ങളോട് സംസാരിക്കാൻ എത്ര മാധ്യമങ്ങൾ പോയി? അവരുടെ തൊഴിൽരേഖകൾ എവിടെയാണ്? ഈ ചോദ്യങ്ങൾ ചോദിക്കപ്പെടാത്തത് യാദൃശ്ചികമല്ല. കാരണം ഈ ചോദ്യങ്ങൾ ചോദിച്ചാൽ, ദുരന്തത്തിന്റെ ഫ്രെയിം തകരും. അത് ഒരു ‘അപകട വാർത്ത’യായി തുടരാൻ കഴിയില്ല. അത് ഒരു സംഘടിത കുറ്റകൃത്യത്തിന്റെ കഥയായി മാറും.“അപകടം” എന്ന വാക്ക് ഉപയോഗിക്കുന്ന നിമിഷം മുതൽ, ഉത്തരവാദിത്തം അപ്രത്യക്ഷമാകുന്നു. “ദുരന്തം” എന്ന വാക്ക് ഉപയോഗിക്കുമ്പോൾ, അത് പ്രകൃതിയുടെ കളിയാകുന്നു. പക്ഷേ ഇവിടെ ഒന്നും പ്രകൃതിദത്തമല്ല. ബേസ്‌മെന്റ് അടുക്കളകൾ പ്രകൃതിദത്തമല്ല. contract labour പ്രകൃതിദത്തമല്ല. പരിശോധനകൾ ഒഴിവാക്കുന്നത് പ്രകൃതിദത്തമല്ല. ഇതെല്ലാം മനുഷ്യർ എടുത്ത തീരുമാനങ്ങളുടെ ഫലമാണ്. ഭാഷ അത് മറയ്ക്കുമ്പോൾ, കുറ്റവാളികൾ രക്ഷപ്പെടുന്നു.തീപ്പിടിത്തം വാർത്തയാകും.
അറസ്റ്റുകൾ വാർത്തയാകും.
സസ്പെൻഷനുകൾ വാർത്തയാകും.
പിന്നെ അടുത്ത വാർത്ത.
അന്വേഷണം അവിടെ അവസാനിക്കുന്നു. ഒരിക്കലും ഫയർ എൻഒസി നൽകിയ ഉദ്യോഗസ്ഥന്റെ പേര്. ഒരിക്കലും അവസാനമായി ലേബർ പരിശോധന നടന്ന തീയതി. ഒരിക്കലും “ഈ അടുക്കളയിൽ എത്ര പേർ ജോലി ചെയ്തിരുന്നു?” എന്ന ചോദ്യം. കാരണം ആ ചോദ്യങ്ങൾ ചോദിച്ചാൽ, വാർത്തയ്ക്ക് ആയുസ്സ് കൂടും. അത് പരസ്യവരുമാനത്തോടും എഡിറ്റോറിയൽ സൗകര്യത്തോടും പൊരുത്തപ്പെടില്ല. അന്വേഷണാത്മക മാധ്യമപ്രവർത്തനം സമയം ചോദിക്കുന്നു. അതാണ് ഇന്ന് ഏറ്റവും വിലകൂടിയ വിഭവം.
നഗരങ്ങളിലെ നൈറ്റ് ലൈഫ് വ്യവസായം പുറമേ കാണിക്കുന്നത് വെളിച്ചമാണ്. അകത്ത് പ്രവർത്തിക്കുന്നത് ഇരുട്ടാണ്. ആ ഇരുട്ടിന്റെ സ്ഥിരം വിലാസം ബേസ്‌മെന്റാണ്. ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഏറ്റവും അപകടകരമായ ഇടം ഒരിക്കലും ഡാൻസ് ഫ്ലോറുകളല്ല; അത് അടുക്കളകളാണ്. അവ എവിടെയാണെന്ന് നോക്കിയാൽ ഒരു മാതൃക വ്യക്തമാണ്—ഭൂമിക്കടിയിൽ.
ബേസ്‌മെന്റ് അടുക്കളകൾ യാദൃശ്ചികമല്ല. അവ ഒരു രാഷ്ട്രീയ–വാണിജ്യ തീരുമാനം ആണ്. ഉപഭോക്താവിന് ശുദ്ധമായ കാഴ്ച വേണം. പുക കാണരുത്. ശബ്ദം കേൾക്കരുത്. ചൂട് അനുഭവിക്കരുത്. അതിന് വേണ്ടി തൊഴിലാളികളെ ഭൂമിക്കടിയിലേക്ക് തള്ളുന്നു. അവിടെ വായു ചലിക്കില്ല. ജനാലകളില്ല. ഫയർ എക്സിറ്റുകൾ പേപ്പറിൽ മാത്രം. ഒരു തീപ്പൊരി മതി—അടുക്കള മരണകുഴിയാകാൻ.
നഗരസഭകൾക്ക് ഇത് അറിയാം. ഫയർ ഡിപ്പാർട്ട്‌മെന്റുകൾക്ക് ഇത് അറിയാം. ലൈസൻസ് നൽകുന്ന അതോറിറ്റികൾക്ക് ഇത് അറിയാം. എന്നിട്ടും അനുമതികൾ ലഭിക്കുന്നു. കാരണം ബേസ്‌മെന്റ് എന്നത് ഫയർ സേഫ്റ്റി നിയമങ്ങളിൽ ഒരു grey zone ആണ്. പാർക്കിംഗ് എന്ന് രേഖപ്പെടുത്തിയ ഇടം “temporarily kitchen” ആയി മാറുന്നു. സ്റ്റോർ റൂം എന്ന് പറഞ്ഞത് ഗ്യാസ് സിലിണ്ടർ ഡമ്പായി മാറുന്നു. പരിശോധനയ്ക്ക് മുൻപ്, അടുക്കള ‘മുകളിൽ’ കൊണ്ടുവരും. പരിശോധന കഴിഞ്ഞാൽ, എല്ലാം പഴയപടി.
ഈ തട്ടിപ്പ് രേഖകളിൽ നടക്കുന്നു. പ്ലാൻ അപ്രൂവലിൽ അടുക്കള മുകളിലാണ്. ഫീൽഡിൽ അത് ഭൂമിക്കടിയിലാണ്. ഫയർ എക്സിറ്റ് പ്ലാനിൽ രണ്ട് വഴികളുണ്ട്. യാഥാർത്ഥ്യത്തിൽ ഒരു വഴിയുണ്ട്—അതും അടുക്കളയുടെ ഉള്ളിലൂടെ. ഫയർ ഓഫീസർ ഒപ്പിടുന്നു. മുനിസിപ്പൽ എഞ്ചിനീയർ മൗനം പാലിക്കുന്നു. ലേബർ ഇൻസ്‌പെക്ടർ വരാറില്ല. കാരണം ഇത് ഒരാളുടെ പരാജയമല്ല; ഒരു സംവിധാനത്തിന്റെ ക്രമീകരണമാണ്.
ഗോവയിൽ ബേസ്‌മെന്റ് അടുക്കളയിൽ കുടുങ്ങി മരിച്ച തൊഴിലാളികൾക്ക് രക്ഷപ്പെടാൻ വഴിയില്ലായിരുന്നു. അത് അപ്രതീക്ഷിതമല്ല. തീപിടിച്ചാൽ അവർ മരിക്കണം എന്നത് കെട്ടിടത്തിന്റെ ഡിസൈനിൽ തന്നെ എഴുതിയിട്ടുള്ള വിധിയായിരുന്നു. ബീച്ചിനടുത്തുള്ള ഭൂമി വിലപിടിപ്പുള്ളതാണ്. മുകളിലെ സ്ഥലം വിനോദത്തിനായി മാറ്റണം. അടുക്കള താഴെ. തൊഴിലാളികൾ താഴെ. മരണവും താഴെ.
ബെംഗളൂരുവിൽ മഡ്‌പൈപ്പ് സംഭവത്തിന് ശേഷം നഗരസഭ പറഞ്ഞത് “violations found” എന്നാണ്. ആ വാചകം തന്നെ കുറ്റസമ്മതമാണ്. ലംഘനങ്ങൾ കണ്ടെത്തിയത് അപകടത്തിന് ശേഷം. അതിന് മുമ്പ് എന്തുകൊണ്ട് കണ്ടില്ല? കാരണം കാണാതിരിക്കാൻ എല്ലാവർക്കും താൽപ്പര്യമുണ്ടായിരുന്നു. ലംഘനം കാണുന്നത് സ്ഥാപനത്തെ അടയ്ക്കേണ്ടി വരുമെന്നർത്ഥം. അടച്ചാൽ വരുമാനം പോകും. വരുമാനം പോയാൽ രാഷ്ട്രീയ സംഭാവന പോകും. ഈ ചങ്ങലയിൽ തൊഴിലാളിയുടെ ജീവൻ ഏറ്റവും വിലകുറഞ്ഞ കണ്ണിയാണ്.
ഹൈദ്രാബാദിലെ പബ്ബുകളിൽ നടത്തിയ അനൗദ്യോഗിക നിരീക്ഷണങ്ങളിൽ ഒരു കാര്യമാണ് ആവർത്തിച്ച് കാണുന്നത്—ഗ്യാസ് സിലിണ്ടറുകൾ കിച്ചൻ ഫ്ലോറിന് കീഴിലും, സ്റ്റെർകേസിന് അടിയിലും, ഇലക്ട്രിക് പാനലുകൾക്ക് അടുത്തുമായി സൂക്ഷിക്കുന്നു. ഫയർ സേഫ്റ്റി മാനുവൽ പ്രകാരം ഇത് ഗുരുതര ലംഘനമാണ്. പക്ഷേ ആ മാനുവൽ പ്രിന്റ് ചെയ്ത് മതിലിൽ ഒട്ടിച്ചതോടെ ഉത്തരവാദിത്തം അവസാനിക്കുന്നു. പരിശീലനം ഒന്നുമില്ല. ഡ്രിൽ ഒന്നുമില്ല. തൊഴിലാളികൾക്ക് അറിയില്ല—തീ പിടിച്ചാൽ ഏത് വഴിയാണ് പോകേണ്ടത്. അവർ പഠിക്കുന്നത് അനുഭവത്തിലൂടെയാണ്. അതിന് വില കൊടുക്കുന്നത് ശരീരമാണ്.
ഗുരുഗ്രാമിൽ ഫയർ എൻഒസി ഒരു വ്യാപാര ഇടപാടാണ്. ഓരോ renewal-ഉം ഒരു ritual. കെട്ടിടത്തിന്റെ ഉപയോഗം മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കാറില്ല. ബേസ്‌മെന്റിൽ എത്ര പേർ ജോലി ചെയ്യുന്നു എന്ന കണക്കില്ല. കാരണം തൊഴിലാളികൾ contract staff ആണ്. പേപ്പറിൽ അവർ അവിടെയില്ല. അവിടെ ഇല്ലാത്തവരെ എങ്ങനെ സംരക്ഷിക്കും?
പഞ്ചാബിലെ ഹൈവേ റസ്റ്റോബാറുകളിൽ ബേസ്‌മെന്റ് ഇല്ലായിരിക്കാം. പക്ഷേ അവിടെ അടുക്കളകൾ ഷെഡുകളിലാണ്. അതേ അപകടം, മറ്റൊരു രൂപത്തിൽ. മരം, തുണി, പ്ലാസ്റ്റിക്—എല്ലാം തീപിടിക്കാൻ തയ്യാറായി. ഫയർ എക്സിറ്റുകൾ എന്നത് അവിടെ ഒരു തമാശയാണ്. കാരണം ‘തീ പിടിച്ചാൽ ഓടി പുറത്തുകടക്കാം’ എന്ന ധാരണയാണ് ഭരണകൂടത്തിനും ഉടമയ്ക്കും.
മുംബൈയിൽ ബേസ്‌മെന്റ് അടുക്കളകൾ നഗരത്തിന്റെ സ്ഥിരം സ്വഭാവമാണ്. മുനിസിപ്പൽ നിയമങ്ങൾ അവയെ നിയന്ത്രിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും, യാഥാർത്ഥ്യത്തിൽ enforcement മാധ്യമശ്രദ്ധയുണ്ടെങ്കിൽ മാത്രം. ഒരുപാട് കേസുകളിൽ, തീപിടിത്തത്തിന് ശേഷം മാത്രമാണ് ഫയർ എക്സിറ്റുകൾ രേഖകളിൽ പോലും പരിശോധിക്കുന്നത്. അതുവരെ തൊഴിലാളികൾ ജീവിച്ചോ മരിച്ചോ എന്നത് ‘collateral damage’ മാത്രമാണ്.
ഗുജറാത്തിൽ കഥ കൂടുതൽ ഇരുണ്ടതാണ്. അനധികൃത ബാറുകൾ, രഹസ്യ പാർട്ടികൾ. അവിടെയുള്ള അടുക്കളകൾക്ക് ലൈസൻസ് എന്നൊന്നില്ല. അതിനാൽ ഫയർ സേഫ്റ്റി ചോദ്യം തന്നെ ഉയരുന്നില്ല. തൊഴിലാളികൾ രേഖകളിൽ ഇല്ല. അവർ മരിച്ചാൽ കണക്കിലും ഇല്ല.
കേരളത്തിൽ പോലും, ടൂറിസം മേഖലയിൽ ബേസ്‌മെന്റ് അടുക്കളകൾ ‘സ്റ്റോർ റൂം’ എന്ന പേരിൽ സാധാരണമാകുകയാണ്. ഹോംസ്റ്റേകളിലും റിസോർട്ടുകളിലും ഫയർ ഓഡിറ്റ് ഒരു ഫോർമാലിറ്റിയാണ്. തൊഴിലാളികൾ കുടിയേറ്റക്കാർ ആയതിനാൽ, അപകടം സംഭവിച്ചാൽ പരാതിപ്പെടാൻ ആരുമില്ല. നാട്ടുകാരല്ല എന്ന ഒറ്റ കാരണത്താൽ, അവരുടെ മരണം സാമൂഹ്യ കലഹമാകുന്നില്ല. അതാണ് ഏറ്റവും അപകടകരമായ സുരക്ഷാ സംവിധാനം നിശ്ശബ്ദത.
ഫയർ സേഫ്റ്റി ഇന്ത്യയിൽ സാങ്കേതിക വിഷയം മാത്രമല്ല. അത് ഒരു വർഗ്ഗ ചോദ്യമാണ്. മുകളിലുള്ളവർക്ക് സുരക്ഷ. താഴെയുള്ളവർക്ക് അപകടം. ബേസ്‌മെന്റ് അടുക്കളകൾ നിലനിൽക്കുന്നിടത്തോളം, ഈ വ്യവസ്ഥ തുടരുക തന്നെ ചെയ്യും.
നൈറ്റ് ക്ലബ്ബിൽ മരിച്ചാൽ “എന്തൊരു ദുരന്തം”.
ഫാക്ടറിയിൽ മരിച്ചാൽ “അപകടം”.
നിർമാണ സൈറ്റിൽ മരിച്ചാൽ “റിസ്ക്”.
കുടിയേറ്റ തൊഴിലാളി മരിച്ചാൽ “അവർ എവിടെയോ നിന്നുള്ളവരല്ലേ”.
ഈ വാചകമാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ സുരക്ഷാ ഉപകരണം.
“അവർ നമ്മുടെ ആളുകളല്ല.”
ഈ ചിന്തയാണ് ഭരണകൂടത്തെ ധൈര്യമാക്കുന്നത്. നിയമം നടപ്പാക്കാതെ പോകാൻ. ഫയർ സേഫ്റ്റി ഒപ്പിട്ട് കടന്നുപോകാൻ. ലേബർ പരിശോധന ഒഴിവാക്കാൻ. കാരണം ശക്തമായ സാമൂഹ്യ പ്രതികരണം ഉണ്ടാകില്ലെന്ന് അവർക്കറിയാം. മരിച്ചവർ വോട്ടർമാരല്ല. അവരുടെ കുടുംബങ്ങൾ നഗരത്തിൽ ഇല്ല. അവരുടെ ശബ്ദം പെട്ടെന്ന് മങ്ങിപ്പോകും.
ഇവിടെ വീണ്ടും വ്യക്തമാക്കേണ്ടത്: ഇത് അഴിമതിയുടെ മാത്രം കഥയല്ല. ചിലപ്പോൾ പണം വാങ്ങിയെന്ന തെളിവ് പോലും കാണില്ല. പക്ഷേ അതിനർത്ഥം കുറ്റം ഇല്ല എന്നല്ല. അത് കുറ്റം സിസ്റ്റമാറ്റിക് ആണെന്നതിന്റെ തെളിവാണ്. institutional complicity. നിയമം നടപ്പാക്കാതിരിക്കാനുള്ള ശീലങ്ങൾ. അപകടത്തെ സാധാരണമാക്കുന്ന സംസ്കാരം. വിനോദ വ്യവസായം തകരരുത് എന്ന രാഷ്ട്രീയ ധാരണ.
ഇന്ത്യയിൽ ഫയർ സേഫ്റ്റി നിയമങ്ങൾ പരാജയപ്പെട്ടിട്ടില്ല. അവ ഉദ്ദേശിച്ച പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. ഉടമകളെ സംരക്ഷിക്കാൻ. നഗരങ്ങളുടെ ബ്രാൻഡ് നിലനിർത്താൻ. തൊഴിലാളികളെ expendable ആക്കാൻ. Acceptable loss എന്ന ആശയം നിയമത്തിലില്ലെങ്കിലും, പ്രയോഗത്തിൽ ശക്തമാണ്.
ഇനി ചോദിക്കേണ്ടത് ഇതാണ്: ഇത് മാറ്റാൻ എന്ത് വേണം? പുതിയ നിയമങ്ങളോ? കൂടുതൽ ഓഡിറ്റുകളോ? കൂടുതൽ കമ്മീഷനുകളോ? അനുഭവം പറയുന്നത്, ഇവ ഒന്നും മതിയാകില്ല എന്നതാണ്. നിയമങ്ങൾ ഇതിനകം ഉണ്ട്. ഓഡിറ്റുകൾ ഇതിനകം നടക്കുന്നു. കമ്മീഷനുകൾ ഇതിനകം റിപ്പോർട്ടുകൾ എഴുതിയിട്ടുണ്ട്. പ്രശ്നം അവയുടെ അഭാവമല്ല. പ്രശ്നം അവ നടപ്പാക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ്.ഗോവ, ബെംഗളൂരു, ഹൈദ്രാബാദ്, ഗുരുഗ്രാം, പഞ്ചാബ്, മുംബൈ, ഗുജറാത്ത്, കേരളം — എല്ലായിടത്തും ഒരേ മാതൃക ആവർത്തിക്കുന്നു. അതിനർത്ഥം പ്രശ്നം പ്രാദേശികമല്ല. അത് ദേശീയമാണ്. വിനോദ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയിലാണ് എഴുതപ്പെട്ടിരിക്കുന്നത്.
ഇനി ഒരു അവസാന ചിന്ത. നീയോൺ വെളിച്ചങ്ങൾ വീണ്ടും തെളിയും. പാർട്ടികൾ വീണ്ടും നടക്കും. പുതിയ ക്ലബ്ബുകൾ തുറക്കും. പുതിയ തൊഴിലാളികൾ എത്തും. പഴയവരുടെ പേരുകൾ ആരും ഓർക്കില്ല. മാധ്യമങ്ങൾ പുതിയ വാർത്തകളിലേക്ക് മാറും. നഗരങ്ങൾ വീണ്ടും ചിരിക്കും.
അപ്പോൾ വീണ്ടും ഒരു തീപിടിത്തം സംഭവിക്കും.
വീണ്ടും നമ്മൾ പറയും “ദുരന്തം”.
അത് തന്നെയാണ് ഏറ്റവും വലിയ കള്ളം.
ഇത് ദുരന്തമല്ല.
ഇത് ദൗർഭാഗ്യമല്ല.
ഇത് വികസനത്തിന്റെ പേരിൽ, വിനോദത്തിന്റെ പേരിൽ, നിയമത്തിന്റെ പേരിൽ നടക്കുന്ന സംഘടിത ക്രൂരതയാണ്.