കേരളം ഇന്ന് ഒരു ദുരന്തത്തിലേക്ക് നിശ്ശബ്ദമായി നടന്നു കയറുകയാണ്. അത് പ്രകൃതിദുരന്തമല്ല. സർക്കാരിന്റെ കൃത്യമായ അനാസ്ഥയും രാഷ്ട്രീയ ഭീരുത്വവും ചേർന്ന് സൃഷ്ടിക്കുന്ന ഒരു മനുഷ്യനിർമ്മിത വിപത്താണ്. ഭാരതപ്പുഴയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന കുംഭമേള ഒരു ആചാരമല്ല, ഒരു സാംസ്കാരിക ബാധ്യതയല്ല, ഒരു പൈതൃക ഉത്തരവാദിത്തവുമല്ല. അത് കേരളത്തിന്റെ പരിസ്ഥിതിയെയും പൊതുആരോഗ്യത്തെയും തുറന്നുകാട്ടി ബലികൊടുക്കുന്ന ഒരു രാഷ്ട്രീയ സമ്മതപത്രമാണ്. അതിന് കയ്യൊപ്പിട്ടിരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് സർക്കാരാണെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം.
ഭാരതപ്പുഴ ഇന്ന് ഒരു നദിയല്ല. അത് ഭരണകൂട പരാജയത്തിന്റെ ഒഴുകുന്ന രേഖയാണ്. തുലാം കഴിയുന്നതോടെ സ്വാഭാവികമായി ജലപരിമിതമാകുന്ന, പാലക്കാട്–മലപ്പുറം ജില്ലകളുടെ കുടിവെള്ളത്തിന്റെയും ജലസേചനത്തിന്റെയും നാഡിയായ ഈ നദിയെ മൂന്നാഴ്ചയോളം നീളുന്ന ഒരു പരസ്യ ജലോത്സവത്തിന്റെ വേദിയാക്കുന്നത് അജ്ഞത കൊണ്ടല്ല. എല്ലാം അറിഞ്ഞിട്ടാണ്. അതുകൊണ്ടുതന്നെ ഇത് തെറ്റായ തീരുമാനമല്ല; കുറ്റകരമായ തീരുമാനമാണ്. കുളിച്ചും വിസർജ്ജിച്ചും കുംഭങ്ങൾ നിമജ്ജനം ചെയ്തും, കേരളത്തിന്റെ പ്രകൃതിപരിമിതികളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ആൾക്കൂട്ടങ്ങളെ ഇവിടെ ക്ഷണിക്കുന്നത്, ഈ നാടിന്റെ ജനങ്ങളെ രോഗങ്ങളുടെ മുന്നിലേക്ക് തള്ളിവിടുന്ന നയമാണ്.
കേരളത്തിലെ ഒരുകാലത്ത് ഏറ്റവും ശുദ്ധജല സ്രോതസ്സായിരുന്ന മലിനീകരണവുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ തന്നെ പറയുന്നുണ്ട് ഇത് മുന്നറിയിപ്പല്ല, മുൻകൂട്ടി കണ്ട ദുരന്തമാണ്. ഇന്ന് കേരളത്തിലെ 44 നദികളിൽ ഒന്നും തന്നെ സുരക്ഷിതമല്ല. ജലസ്രോതസ്സുകളുടെ പുനരുദ്ധാനം ഒരു സർക്കാരിന്റെയും യഥാർത്ഥ അജണ്ടയായിരുന്നിട്ടില്ല. കാരണം നദികൾ ജീവിച്ചാൽ ലാഭമില്ല, നദികൾ മരിച്ചാൽ കമ്മീഷനുകളുണ്ട്. നദികൾ മലിനീകരിക്കപ്പെടുമ്പോൾ ജനങ്ങൾ കുടിവെള്ളത്തിനായി കോർപ്പറേറ്റുകളെ ആശ്രയിക്കേണ്ടിവരും. കുടിവെള്ള പദ്ധതി പോലും സ്വകാര്യ അന്താരാഷ്ട്ര താൽപര്യങ്ങൾക്ക് കൈമാറിയ ചരിത്രമുള്ള ഒരു സർക്കാർ, ഇന്ന് “ജനക്ഷേമം” പറഞ്ഞാൽ അത് ഒരു രാഷ്ട്രീയ പരിഹാസം മാത്രമാണ്.
ഇവിടെയാണ് സർക്കാർ വിമർശനം മൃദുവാകാൻ പാടില്ലാത്തത്.
കേരളത്തിലെ രോഗങ്ങളുടെ ഏകദേശം 90 ശതമാനവും ജലജന്യ രോഗങ്ങളാണെന്ന യാഥാർത്ഥ്യം മറച്ചുവെച്ച്, പൊതുആരോഗ്യത്തെ “വ്യക്തിഗത ശുചിത്വ പ്രശ്നമായി” ചുരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. നദികൾ മലിനമാക്കപ്പെടുന്നു ,രോഗങ്ങൾ വർധിക്കുന്നു , ആശുപത്രികൾ നിറയുന്നു , മരുന്ന് മാഫിയയും ആശുപത്രി മാഫിയകളും ലാഭം കൊയ്യുന്നു. ഈ ചക്രം അറിയാത്തതല്ല സർക്കാരിന്; ഈ ചക്രം നിലനിർത്തുന്നതാണ് ഭരണകൂട നയം.
ഉത്തരേന്ത്യയിലെ ചില നദികളിൽ കുംഭമേളയ്ക്ക് ഐതിഹ്യങ്ങളുടെ പിൻബലമെങ്കിലും ഉണ്ട്. കേരളത്തിൽ ഇതിന് അത്തരമൊരു പൈതൃകബന്ധവുമില്ല, സാംസ്കാരിക തുടർച്ചയുമില്ല. ഇവിടെ ഇത് ശുദ്ധമായ ഒരു വർഗീയ രാഷ്ട്രീയ പരീക്ഷണമാണ്. ഇലക്ഷൻ സമയത്തെ ഹൈന്ദവ ഏകീകരണത്തിന്റെ rehearsal. ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ, മതനിരപേക്ഷതയും ശാസ്ത്രബോധവും ജനക്ഷേമവും പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ, ഈ പരീക്ഷണത്തിന് മൗനാനുമതി നൽകുന്നു എന്നതാണ് കേരളം ഇന്ന് കാണുന്ന ഏറ്റവും വലിയ രാഷ്ട്രീയ തകർച്ച. എതിർക്കാൻ ധൈര്യമില്ല; കാരണം വോട്ട് ഭയം.
ഒരു റോഡ് വെട്ടുമ്പോൾ പോലും ശാസ്ത്രവും സാഹിത്യവും വിളമ്പി പ്രതിഷേധിക്കുന്ന പരിസ്ഥിതി പ്രസ്ഥാനങ്ങൾ പോലും ഇവിടെ നിശ്ശബ്ദരായി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കുതന്ത്രങ്ങൾക്ക് മുന്നിൽ സർക്കാർ മാത്രമല്ല, പുരോഗമന സമൂഹം തന്നെ അസ്തപ്രജ്ഞരാണ്. “ഇതൊക്കെ ഹിന്ദുമതത്തെ മഹത്വവൽക്കരിക്കുന്നതാണെന്ന” മോഹലാസ്യത്തിൽ പെട്ട് ചില സന്യാസിവേഷധാരികളും രംഗത്തിറങ്ങി. അധികാരത്തോട് അകലം പാലിച്ചിരുന്ന സന്യാസം ഇന്ന് സർക്കാർ നയങ്ങൾക്ക് ആചാര അലങ്കാരം നൽകുന്ന ഉപകരണമായി മാറുന്നു. ഇത് ആത്മീയതയല്ല; രാഷ്ട്രീയ ഉപയോഗമാണ്.ഇവിടെ ചോദിക്കേണ്ട ഏറ്റവും കഠിനമായ ചോദ്യം ഇതാണ്.
കേരള ടൂറിസത്തെ ഇത്ര നിരുത്തരവാദപരമായി ഒരു കമ്മ്യൂണിസ്റ്റ് സർക്കാരും അതിന്റെ മന്ത്രിസഭയും സമീപിക്കണമോ?
“God’s Own Country” എന്ന ബ്രാൻഡ് ഫ്ലക്സ് ബോർഡുകളിലല്ല നിലനിൽക്കുന്നത്; ശുദ്ധജലത്തിലും ആരോഗ്യസുരക്ഷയിലുമാണ്. നദികൾ പകർച്ചവ്യാധികളുടെ പ്രഭവകേന്ദ്രങ്ങളാകുമ്പോൾ, sanitation തകരുമ്പോൾ, ആശുപത്രികൾ നിറയുമ്പോൾ അത് ടൂറിസം നയം അല്ല; ടൂറിസം ആത്മഹത്യയാണ്. ഒരു സർക്കാർ ഇത് കാണാതെ നടിക്കുന്നത് കഴിവില്ലായ്മയല്ല; രാഷ്ട്രീയ കപടതയാണ്.
ഇതെല്ലാം ചേർന്ന് കേരളം ഒരു വലിയ ആരോഗ്യപ്രശ്നസാധ്യതയ്ക്ക് passive ആയി വാതിൽ തുറന്നുകൊടുക്കുകയാണ്. ഇത് ഒരു ഒറ്റ സംഭവമല്ല; ഒരു തുടക്കമാണ്. ഇന്ന് ഭാരതപ്പുഴ, നാളെ മറ്റൊരു നദി. ഇന്ന് കുംഭമേള, നാളെ മറ്റൊരു “ആചാരം”. ഒടുവിൽ അവശേഷിക്കുന്നത് ആശുപത്രികളും കടങ്ങളും ചികിത്സാ സഹായ ഫ്ലക്സ് ബോർഡുകളും മാത്രം.
കേരളത്തിന്റെ നവോത്ഥാന സാംസ്കാരിക ബോധത്തെ കുംഭമേള ഇന്ന് തുറന്നുവെച്ച് ആട്ടി ഇറക്കുകയാണ്. ശാസ്ത്രബോധവും യുക്തിവാദവും സാമൂഹിക സമത്വവും അടിസ്ഥാനം വെച്ചാണ് ഈ സമൂഹം മുന്നോട്ടു നടന്നത്. വിശ്വാസം വ്യക്തിപരമായതും അധികാരം ചോദ്യം ചെയ്യപ്പെടേണ്ടതുമാണ് എന്ന ബോധം കേരളത്തിന്റെ നവോത്ഥാനത്തിന്റെ ഹൃദയമായിരുന്നു. എന്നാൽ ഇന്ന് ഭാരതപ്പുഴയിൽ യിൽ നടക്കുന്ന കുംഭമേള, ആ ബോധത്തെ മറിച്ചിട്ട്, അന്ധവിശ്വാസത്തെ പൊതു ഇടത്തിലേക്ക് തിരികെ കയറ്റുകയാണ്.
നവോത്ഥാനം സ്വകാര്യബോധമായി ചുരുങ്ങുമ്പോൾ, ആചാരം സംസ്ഥാന പിന്തുണയോടെ പൊതുശക്തിയാകുന്നു. ചോദ്യം ചെയ്യൽ “വൈരാഗ്യം” ആക്കപ്പെടുന്നു. യുക്തി “അപമാനം” ആക്കപ്പെടുന്നു. ശാസ്ത്രം മൗനത്തിലാക്കപ്പെടുന്നു. ഇത് ഒരു ചടങ്ങിന്റെ പ്രശ്നമല്ല കേരളം നേടിയെടുത്ത സാംസ്കാരിക മുന്നേറ്റങ്ങളെ തന്നെ പിൻവലിക്കുന്ന രാഷ്ട്രീയ നീക്കമാണ്. നവോത്ഥാനം ഇവിടെ പരാജയപ്പെടുന്നില്ല; അത് ബോധപൂർവ്വം പിന്മാറ്റപ്പെടുകയാണ്. ഇത് ഒരു സർക്കാരിന്റെ രാഷ്ട്രീയ പരാജയമാണ്. ഇത് കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള കുറ്റപത്രമാണ്. ഒരു അപകടമല്ല. ബോധപൂർവ്വം അനുവദിച്ച മനുഷ്യനിർമ്മിത വിപത്ത്.