കേരളത്തിൽ തെരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങൾ ഭരണവും നയങ്ങളും വിലയിരുത്തി ഭാവിയെക്കുറിച്ചുള്ള ചിന്തകളിലേക്ക് മാറേണ്ട അത്യന്തം നിർണായക നിമിഷങ്ങൾ പലപ്പോഴും വ്യത്യസ്ത ദിശകളിലേക്കാണ് വഴുതിപ്പോകുന്നത്. വികസന മാതൃകകളെയും തൊഴിൽ സാധ്യതകളെയും യുവജനങ്ങളുടെ ഭാവി പദ്ധതികളെയും ചർച്ച ചെയ്യേണ്ട സമയത്ത് മിക്ക മാധ്യമങ്ങളും സാമൂഹ്യപ്രവർത്തകരും പൊതുസമൂഹവും വ്യക്തികളുടെ സ്വകാര്യതയിൽ നിന്നൊരു ഭാഗം ചോർത്തിയെടുത്ത് അതിനെ തെരഞ്ഞെടുത്ത രാഷ്ട്രീയ ആയുധമാക്കുന്ന ഒരു പതിവ് ഇട പാടായി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്തെ ഈ സദാചാര ഓഡിറ്റിംഗ് എന്ന പ്രവണത കേരളത്തിൽ ഒരു സാമൂഹ്യ-മാധ്യമ വ്യവസായമായി വളർന്നിട്ടുണ്ടെന്നും അതിന്റെ ലക്ഷ്യം പൊതുപ്രശ്നങ്ങളിൽ നിന്ന് വോട്ടർമാരുടെ ശ്രദ്ധ മാറ്റി വ്യക്തികളുടെ സ്വകാര്യജീവിതത്തെ രാഷ്ട്രീയത്തിന്റെ കേന്ദ്രവിഷയമാക്കുക കൂടിയാണെന്നും വ്യക്തമാകുന്നു. ഒരു ശബ്ദരേഖയോ ഒരു ചാറ്റോ ചോർന്നുകിട്ടിയാൽ ഉടൻതന്നെ അത് തെരഞ്ഞെടുപ്പ് ചർച്ചയുടെ പ്രധാന വിഷയമായി പൊങ്ങിവരുകയും യഥാർത്ഥ നയപരമായ ചർച്ചകൾ പൂർണ്ണമായും പിന്നിലേക്കു തള്ളപ്പെടുകയും ചെയ്യുന്നു. തൊഴിലില്ലായ്മ, ആരോഗ്യസംരക്ഷണം, പരിസ്ഥിതി പ്രതിസന്ധികൾ, സ്കൂൾ ഉയർന്നവിദ്യാഭ്യാസ മേഖലകളിലെ പരിഷ്കാരങ്ങൾ, വ്യവസായ സ്റ്റാർട്ടപ്പ് വളർച്ച, പൊതുഗതാഗതം, അടിസ്ഥാനസൗകര്യ വികസനം ഇവയെല്ലാം തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കേണ്ട വിഷയങ്ങൾ ആയിട്ടും ഈ സദാചാര ഓഡിറ്റിംഗ് അങ്ങനെ നടക്കാനുള്ള ഇടം പൂട്ടുകയാണ് ചെയ്യുന്നത്. വോട്ടർമാരുടെ ബോധഭ്രമം സൃഷ്ടിക്കാനും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിനിർത്താനും ഉപയോഗിച്ചുവരുന്ന ഒരു പഴയ ഭരണ രാഷ്ട്രതന്ത്രമാണ് ഇത്. തെരഞ്ഞെടുപ്പ് എത്തുമ്പോൾ ചിലർ ഉദ്ദേശപ്രേരിതമായി ചോർത്തുന്ന സ്വകാര്യതാ ലംഘനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും സ്റ്റുഡിയോ ചര്‍ച്ചകളിലൂടെയും ഒരു രാഷ്ട്രീയ നാടകമായി അവതരിപ്പിക്കപ്പെടുകയും അതിലൂടെ പൊതുപ്രവർത്തകരെ വിലയിരുത്തേണ്ട മാനദണ്ഡം പൊതു ഉത്തരവാദിത്തങ്ങളിൽ നിന്ന് സ്വകാര്യബന്ധങ്ങളിലേക്കായി വഴിമാറുകയും ചെയ്യുന്നു. ഇത് ഒരു വ്യക്തിയുടെ സ്വകാര്യതയെ മാത്രമല്ല, രാഷ്ട്രീയത്തിന്റെ ഗൗരവത്തെയും ജനാധിപത്യത്തിന്റെ നിലവാരത്തെയും തകർക്കുന്ന ഒരു പ്രവണതയാണ്.
കേരളം വിദ്യാഭ്യാസ രാഷ്ട്രിബോധമുള്ള സംസ്ഥാനമാണെന്നാണ് നാം ഉയർത്തിക്കാണിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ പഠിച്ചിറങ്ങുന്ന യുവതലമുറയുടെ രാഷ്ട്രീയ ബോധം തന്നെ ഈ സ്വകാര്യതാ വിവാദങ്ങളുടെ തിരയിലകത്തു പോകുമ്പോൾ, അവർ നയങ്ങളെക്കുറിച്ചോ ഭരണത്തെക്കുറിച്ചോ സംസാരിക്കാതെ സ്വകാര്യ ഗോസിപ്പുകൾ പങ്കുവച്ചുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലേക്ക് നമ്മൾ എത്തിച്ചേരുന്നു. പുതിയ തലമുറയെ എങ്ങനെയാണ് തൊഴിൽവിപണിയിൽ ഉൾപ്പെടുത്തേണ്ടത്, എന്താണ് സംസ്ഥാനത്തിന്റെ ഭാവി വളർച്ചാ മേഖലകൾ, വിദ്യാഭ്യാസത്തിന്റെ ദിശ എന്താകണം, സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും തൊഴിൽരംഗത്തും ഭരണഘടനാപരമായ ഇടങ്ങളിലും എങ്ങനെ കൂടുതൽ ഉൾപ്പെടണം എന്ന യഥാർത്ഥ ചോദ്യങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയരേണ്ടവയായിരുന്നു. പക്ഷേ ഓരോ തെരഞ്ഞെടുപ്പിലും ഈ ചർച്ചകൾ മാധ്യമങ്ങളുടെ ശ്രദ്ധയിൽ നിന്ന് മറഞ്ഞുതീരുകയും, പകരം വ്യക്തികളുടെ സ്വകാര്യതയെ ഒരു പൊതുചാർത്തി വേദിയിലാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഏറ്റവും വലിയ ഫലമായി രാഷ്ട്രീയ ചർച്ചയുടെ നിലവാരമാത്രമല്ല താഴുന്നത്, ഒരു സമൂഹത്തിന്റെ ബൗദ്ധികക്ഷമതയും ചിന്താനിരൂപണശേഷിയും തന്നെ ദുർബലമാവുകയാണ്.
ഒരു ജനാധിപത്യ സമൂഹത്തിൽ നേതാക്കളെ വിലയിരുത്തേണ്ടത് അവരുടെ പൊതു പ്രവർത്തനവും ഭരണ ഉത്തരവാദിത്തവുമാണ്, അവരുടെ സ്വകാര്യ ജീവിതത്തിലെ ഉപവിശേഷങ്ങളല്ല. ജനങ്ങളോട് അവർക്കുണ്ടായ ഉത്തരവാദിത്തം എങ്ങനെ നിറവേറ്റുന്നു, അഴിമതിവിരുദ്ധ നിലപാട് എത്ര ശക്തമാണ്, സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധത എത്രയാണ, സ്ത്രീകൾക്കും പിന്നാക്കവിഭാഗങ്ങൾക്കും നീതിയുള്ള നയങ്ങൾ കൊണ്ടുവരാൻ അവർ ഏത് രീതിയിൽ പ്രവർത്തിക്കുന്നു, തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ അവർക്ക് ദൂരദൃഷ്ടി എത്രമുണ്ട്, സ്റ്റേറ്റ് മെഷീനറി അവർ എത്ര കാര്യക്ഷമമായി ഉപയോഗിക്കുന്നു ഇവയാണ് ഒരു നേതാവിനെ വിലയിരുത്തേണ്ട പ്രധാന മാനദണ്ഡങ്ങൾ. എന്നാൽ സദാചാര ഓഡിറ്റിംഗ് എന്ന പേര് കൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന ഈ സ്വകാര്യതാ ആക്രമണങ്ങൾ ഈ എല്ലാ മാനദണ്ഡങ്ങളെയും ഇല്ലാതാക്കുകയും, ഒരു സമൂഹത്തിന്റെ രാഷ്ട്രീയ പഠനത്തെ പൂർണ്ണമായും യാഥാർത്ഥ്യ ചോദ്യങ്ങളിൽ നിന്ന് വഴിതെറ്റിക്കുകയും ചെയ്യുന്നു. ഒരു ജനതയുടെ രാഷ്ട്രീയ ബോധം ഉയരേണ്ട സമയത്ത് അത് ‘സ്വകാര്യത’ എന്ന ചെറുവിഷയത്തിലേക്ക് ചുരുക്കപ്പെട്ടു പോകുന്നത് അപകടകരമായ ഒരു പ്രവണതയാണ്. മാധ്യമങ്ങൾക്കും സമൂഹത്തിനും ഇതിൽ ഒരു പങ്കുണ്ട്; സ്വകാര്യതയെ ‘കണ്ടന്റ്’ ആക്കി വിൽക്കുന്ന ഇന്നത്തെ മാധ്യമരീതികൾ ജനാധിപത്യ ചർച്ചയെ തന്നെ തകർക്കുന്നുണ്ട്. സമൂഹമാധ്യമങ്ങൾ ഈ പ്രവണതയെ വേഗത്തിലാക്കുകയും, സ്വകാര്യതാ ലംഘനം ഒരു പൊതുസംഭാഷണ വിഷയമായി ഉയർത്തി നിർത്തുകയും ചെയ്യുന്നു.
ഒരു സമൂഹം തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലുള്ള സ്വകാര്യതാപൂർണ ചർച്ചകളിൽ മുഴുകുമ്പോൾ ഏറ്റവും വലിയ നഷ്ടം ജനാധിപത്യത്തിനും നയതന്ത്രചർച്ചയ്ക്കുമാണ്. പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ ശ്രദ്ധ കുറയുമ്പോൾ ഭരണത്തിന്റെ ഉത്തരവാദിത്തം വിലയിരുത്തപ്പെടാതെ പോകുന്നു. സമൂഹം സ്വന്തം പ്രശ്നങ്ങളെ അവഗണിക്കുകയും അപ്രസക്തമായ വിവാദങ്ങളിൽ മുഴുകുകയും ചെയ്യുമ്പോൾ, രാഷ്ട്രീയ ശക്തികൾക്കാണ് ഏറ്റവും കൂടുതൽ പ്രയോജനം. ഇതിന്റെ ഫലമായി സംസ്ഥാനത്തിന്റെ യഥാർത്ഥ വികസനദിശയെക്കുറിച്ചുള്ള ചർച്ചകൾ പിന്നിലാവുകയും ജനങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും തന്നെ പിന്നോട്ടു നീങ്ങുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലൂടെ നാം തിരിച്ചറിയേണ്ട ഏറ്റവും പ്രധാന കാര്യം ജനാധിപത്യത്തിന്റെ ശക്തി നേതാക്കളുടെ സ്വകാര്യകഥകളിൽ അല്ല, വോട്ടർമാരുടെ ബോധത്തിലാണ് എന്നതാണ്.
അതിനാൽ തെരഞ്ഞെടുപ്പ് സമയത്ത് സദാചാര ഓഡിറ്റിംഗ് എന്ന രീതിയിൽ നടക്കുന്ന ഈ സ്വകാര്യതാ ആക്രമണങ്ങളെ സാമൂഹികമായി നിരസിക്കാനുള്ള ഉത്തരവാദിത്തം വോട്ടർമാർക്കാണ്. സ്വകാര്യജീവിതവും പൊതുപ്രവർത്തനവും തമ്മിലുള്ള അതിർത്തി തിരിച്ചറിയുകയും മാധ്യമങ്ങൾ ചർച്ചയെ ഏത് ദിശയിലേക്കെങ്കിലും വലിക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ യാഥാർത്ഥ ലക്ഷ്യം മനസ്സിലാക്കുകയും ചെയ്യേണ്ടത് സമൂഹം തന്നെയാകുന്നു. വ്യക്തികളുടെ സ്വകാര്യ പ്രശ്നങ്ങൾ ഒരു സംസ്ഥാനത്തിന്റെ ഭാവിയെ നയിക്കേണ്ട വോട്ടിന്‍റെ അടിസ്ഥാനമാകരുത്; പൊതു നയങ്ങളും ഭരണക്ഷമതയും സാമൂഹ്യനീതി ബോധവുമാണ് ജനാധിപത്യത്തിന്‍റെ അടിത്തറ. ഒരു സമൂഹം ആ അടിസ്ഥാനത്തെ തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമാണ്, കാരണം തെരഞ്ഞെടുപ്പ് ഒരു വ്യക്തിയുടെ സ്വകാര്യരേഖകളെക്കുറിച്ചല്ല, ഒരു ജനതയുടെ ഭാവിയെക്കുറിച്ചാണ്.
അതിനാൽ തെരഞ്ഞെടുപ്പ് സമയത്ത് സദാചാര ഓഡിറ്റിംഗ് എന്ന രീതിയിൽ നടക്കുന്ന സ്വകാര്യതാ ആക്രമണങ്ങളെയും അപ്രസക്തമായ ചർച്ചകളെയും സമൂഹം തിരിച്ചറിയുകയും നിരസിക്കയും ചെയ്യുന്നത് അത്യാവശ്യമാണ്, കാരണം ജനാധിപത്യത്തിന്റെ ഗൗരവം വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന്റെ വിഘടിത ഭാഗങ്ങളിൽ അല്ല, പൊതുപ്രവർത്തനത്തിന്റെ ഉത്തരവാദിത്തത്തിലാണ്. അതോടൊപ്പം, നിയമപരമായ കുറ്റകൃത്യങ്ങൾ ഉണ്ടെങ്കിൽ അതിന്‍റെ അന്വേഷണം, തെളിവെടുപ്പ്, നടപടി എന്നിവയെല്ലാം രാഷ്ട്രീയ ക്യാമ്പെയ്നുകളുടെയും തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെയും ഭാഗമാക്കാതെ നിയമവ്യവസ്ഥയുടെ സമചിതമായ പ്രവർത്തനത്തിന് വിടുകയാണ് ചെയ്യുന്ന വിധം ഒരു സമൂഹം വളരേണ്ടതും. ഒരു കുറ്റം ഉണ്ടായോ ഇല്ലയോ എന്ന കാര്യത്തെ രാഷ്ട്രീയ അഭിനയം, പ്രചാരണ നേട്ടം, നൈതിക വടംവലി എന്നിവയുടെ ഉപകരണമായി ഉപയോഗിക്കാതെ, അതത് അന്വേഷണ ഏജൻസികൾക്കും കോടതികൾക്കും വിട്ടുകൊടുത്താൽ മാത്രമേ പൊതുരംഗത്തിലെ ശബ്ദങ്ങളുടെ ശുദ്ധിയും ജനാധിപത്യത്തിന്റെ നിലനില്പും ഉറപ്പാക്കാൻ കഴിയൂ. ഒരു സംസ്ഥാനത്തിന്റെ ഭാവിയെ നയിക്കുന്ന വോട്ട് വ്യക്തികളുടെ സ്വകാര്യതയുടെയോ, ചോർന്ന സംഭാഷണങ്ങളുടെയോ, തെരുവുവർത്തമാനങ്ങളുടെയോ അടിസ്ഥാനത്തിലല്ല തീരുമാനിക്കേണ്ടത്; വോട്ട് നിർണ്ണയിക്കേണ്ടത് ഭരണത്തിന്റെ ഗുണമേന്മ, നയങ്ങളുടെ ദിശ, സമൂഹ നന്മയ്ക്കുള്ള പ്രതിബദ്ധത, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ എന്നിവയെ ആശ്രയിച്ചായിരിക്കണം. ഒരു സമൂഹം ഈ അടിസ്ഥാനബോധത്തിലേക്ക് തിരിച്ചുവരുമ്പോഴാണ് തെരഞ്ഞെടുപ്പുകൾ വ്യക്തിത്വങ്ങളുടെ പൊതു ശിക്ഷണവേദികളല്ലാതെ ഒരു ജനതയുടെ ഭാവിക്ക് വേണ്ടിയുള്ള സത്യസന്ധമായ ചര്‍ച്ചാ വേദികളായി മാറുന്നത്.
പൊതു പ്രവർത്തന രംഗത്ത് സ്ത്രീകളുടെ ലൈംഗികതയെ രാഷ്ട്രീയ ആയുധമാക്കുന്ന പ്രവണത, ഉപയോഗിക്കുന്നവർക്കു ലഭിക്കുന്ന താൽക്കാലിക പ്രചാരണ നേട്ടത്തേക്കാൾ വളരെ വലിയ നഷ്ടം സ്ത്രീകൾക്കാണ് വരുത്തിവെക്കുന്നത്, കാരണം അത് സ്ത്രീയുടെ വ്യക്തിത്വത്തെ, കഴിവിനെ, പൊതു ഇടങ്ങളിൽ അവൾ കൈവരിക്കുന്ന സ്ഥാനത്തെയും എല്ലാം അവഗണിച്ച്, അവരെ ഒരു സ്വകാര്യശരീരത്തിലേക്ക് ചുരുക്കുന്ന ഏറ്റവും പഴയ പിതൃസത്താധിപത്യ ഉപാധിയാണ്. സ്ത്രീകൾ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ഓരോ മുന്നേറ്റവും അവരുടെ അഭിപ്രായം, അവരുടെ തർക്കശേഷി, അവരുടെ ബൗദ്ധികത, അവരുടെ നേതൃത്വക്ഷമത എന്നീ മാനദണ്ഡങ്ങൾ പ്രകാരമല്ല വിലയിരുത്തപ്പെടുന്നത്; പകരം അവരെ താഴെയിറക്കാനുള്ള ഏറ്റവും എളുപ്പവഴിയായി അവരുടെ ശരീരത്തെ രാഷ്ട്രീയത്തിന്റെ മുൻനിരയിൽ വലിച്ചെറിയുകയാണ് പതിവ്. ഈ രീതി സ്ത്രീകളെ ഒരു വ്യക്തിഗത വിഭാഗമെന്ന നിലയിൽ ദുർബലപ്പെടുത്തുന്നതുമാത്രമല്ല, പൊതുരംഗത്തിൽ അവർക്ക് ഉണ്ടാകേണ്ട സ്വാഭാവിക നൈതിക സ്വാതന്ത്ര്യത്തെയും രാഷ്ട്രീയ ഇടപെടലിനെയും തന്നെ സംശയചിഹ്നത്തിന് വിധേയമാക്കുന്നു. ഒരു സ്ത്രീയുടെ പൊതു ഇടത്തെ നിലപാട്, അവളുടെ രാഷ്ട്രീയ പാടവം, ജനങ്ങളുടെ പ്രശ്നങ്ങളിൽ അവൾ നൽകുന്ന ഇടപെടൽ ഇവയെല്ലാം മറയ്ക്കപ്പെടുകയും, അവളെ ഒരു ഗോസിപ്പ് വിഷയമായി ചുരുക്കുന്ന അസമത്വ വ്യാപാരത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന ഈ ശൈലി, അവസാനത്തിൽ സ്ത്രീകൾക്ക് വിരോധമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ അക്രമരൂപമാകുന്നു. സ്ത്രീയുടെ ശരീരത്തെക്കുറിച്ചോ ബന്ധങ്ങളെക്കുറിച്ചോ നടക്കുന്ന ചർച്ചകൾ ഒരിക്കലും അവളുടെ പൊതു പ്രവർത്തനത്തെ അളക്കാനുള്ള മാനദണ്ഡമാകരുത്; എന്നാൽ അത് അളവുകോലായി ഉപയോഗിക്കുന്ന ഓരോ തവണയും, പൊതുരംഗം സ്ത്രീകൾക്ക് കൂടുതൽ അനീതിപൂർണ്ണമായ, കൂടുതൽ അപകടകരമായ, കൂടുതൽ കുറ്റപ്പെടുത്തലുകൾ നിറഞ്ഞ ഒരു സ്ഥലമായി മാറുന്നു.
ഒടുവിൽ, തെരഞ്ഞെടുപ്പ് കാലത്തെ സദാചാര ഓഡിറ്റിംഗും സ്ത്രീകളുടെ സ്വകാര്യതയെ രാഷ്ട്രീയ ആയുധമാക്കുന്ന പിതൃസത്താ തന്ത്രങ്ങളും, യാഥാർത്ഥത്തിൽ ജനാധിപത്യത്തെയും സമൂഹത്തെയും മുന്നോട്ടു കൊണ്ടുപോകുന്നത് അല്ല, മറിച്ച് അവയെ അതേ ചക്രത്തിൽ കുടുക്കി നിർത്തുന്ന പഴയ, ക്ഷീണിച്ച, അനീതിപരമായ മാർഗങ്ങളാണ്. ഒരു രാഷ്ട്രത്തിന്റെ ഭാവി തീരുമാനിക്കുന്നത് വ്യക്തികളുടെ സ്വകാര്യതയോ ചോർന്ന റെക്കോർഡുകളോ അല്ല; അത് തീരുമാനിക്കുന്നത് ജനങ്ങളുടെ ബൗദ്ധികതയും വോട്ടർമാരുടെ വിവേകവും അവർ ചോദിക്കുന്ന യഥാർത്ഥ ചോദ്യങ്ങളുമാണ്. പൊതുരംഗത്തെ വിലയിരുത്തേണ്ടത് നയങ്ങളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ്, സ്വകാര്യ ജീവിതത്തിലെ അനാവശ്യ ചാലകങ്ങളാൽ അല്ല. ഒരു സമൂഹം ഈ ബോധത്തിലേക്ക് തിരിച്ചുവരുമ്പോഴാണ് തെരഞ്ഞെടുപ്പ് ഒരു പ്രഹസനമല്ലാതെ ഒരു ഉത്തരവാദിത്വമായി മാറുന്നത്. സ്വകാര്യതയെ ആയുധമാക്കുന്ന രാഷ്ട്രീയത്തിന് ഒരു ദിവസം പോലും കൂടെ വിട്ട് കൊടുക്കാതെ, നാം സംരക്ഷിക്കേണ്ടത് പൊതുപ്രവർത്തനത്തിന്റെ സത്യവും ജനാധിപത്യത്തിന്റെ ഗൗരവവുമാണ്. കാരണം ശക്തമായ ഒരു ജനതയെ തകർക്കാൻ ഏറ്റവും എളുപ്പം അവരുടെ ചിന്തയെ വഴിതെറ്റിക്കുകയാണ് അതിനോട് പ്രതികരിക്കാനുള്ള ഏറ്റവും വലിയ ശക്തി യാഥാർത്ഥ പ്രശ്നങ്ങളെ നേർക്കുനോക്കാനുള്ള ധൈര്യമാണ്, അതാണ് ഒരു ജനാധിപത്യത്തിന്റെ അടിത്തറ, അതാണ് ഒരു വോട്ടിന്റെ മഹത്വം, അതാണ് മുന്നോട്ട് പോകേണ്ട ഏക പാത.