ഇന്ത്യയ്‌ക്കെതിരെ സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിൽ നടന്നുകൊണ്ടിരിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കൻ ഇടംകൈയ്യൻ പേസർ നാന്ദ്രെ ബർഗർ തന്റെ ബൗളിംഗ് മികവ് പ്രകടിപ്പിച്ചു. തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ സ്വാധീനം ചെലുത്തി, ബർഗർ ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ യശസ്വി ജയ്‌സ്വാളിനെയും ശുഭ്മാൻ ഗില്ലിനെയും പുറത്താക്കി.
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ 28-കാരന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചു, കൂടുതൽ മെച്ചപ്പെടാൻ ഉപദേശവും അദ്ദേഹം താരത്തിന് നൽകുകയും ചെയ്തു
“എനിക്ക് നാന്ദ്രെ ബർഗർ ഇഷ്ടമാണ്. എനിക്ക് അവന്റെ വേഗത വളരെ ഇഷ്ടമാണ്. എന്നാൽ അവൻ കൂടുതൽ പുഞ്ചിരിക്കാൻ ഇഷ്ടപെടുന്നു. പുഞ്ചിരിക്കുന്നത് കുറക്കുകയും വേഗത കൂട്ടുകയുമാണ് അവൻ ചെയ്യേണ്ടത്! ബാറ്ററുകളെ നോക്കി അവൻ പുഞ്ചിരിക്കുന്നത് അവർക്ക് ഓരോ തവണയും ചെറിയ വിജയം നൽകുന്നു. ബൗൾ വേഗത്തിൽ, ഗൗരവമായി വേഗത്തിൽ, എറിയുക. ആക്രമണ വീര്യം കാണിക്കുക!”, അദ്ദേഹം എഴുതി
ഇന്ത്യൻ ഇന്നിംഗ്‌സിന്റെ പത്താം ഓവറിൽ യശസ്വി ജയ്‌സ്വാളിനെ പുറത്താക്കിക്കൊണ്ട് ബർഗർ തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് നേടി. ദുബായിൽ അടുത്തിടെ സമാപിച്ച IPL 2024 മിനി ലേലത്തിൽ രാജസ്ഥാൻ റോയൽസ് (RR) 50 ലക്ഷം രൂപയ്ക്ക് താരത്തിന്റെ സേവനം സ്വന്തമാക്കിയതിനാൽ, ബർഗറും ജയ്‌സ്വാളും IPL 2024-ന്റെ വരാനിരിക്കുന്ന സീസണിൽ ഡ്രസ്സിംഗ് റൂം പങ്കിടാൻ ഒരുങ്ങുന്നു എന്നത് ശ്രദ്ധേയമാണ്.
തന്റെ മികച്ച സ്പെൽ തുടർന്നു, ബർഗർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റും സ്വന്തമാക്കി. പീറ്റേഴ്‌സന്റെ ഉപദേശം മനസ്സിൽ വെച്ചുകൊണ്ട്, തന്റെ ബൗളിംഗിൽ കൂടുതൽ ആക്രമണോത്സുകത കൊണ്ടുവരാനും ടെസ്റ്റ് ക്രിക്കറ്റിൽ ശാശ്വതമായ സ്വാധീനം ചെലുത്താനും ബർഗർ ലക്ഷ്യമിടുന്നു.
മത്സരത്തിലേക്ക് വന്നാൽ ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് എതിരെ തകർന്നടിഞ്ഞ കാഴ്ചയാണ് കാണാൻ സാധിച്ചത്. സെഞ്ചൂറിയനിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാംദിനം കളി നിർത്തുമ്പോൾ എട്ടിന് 208 എന്ന നിലയിലാണ്. 70 റൺസ് നേടി കെ എൽ രാഹുൽ ക്രീസിലുണ്ട്. മുഹമ്മദ് സിറാജാണ് (0) അദ്ദേഹത്തിന് കൂട്ട്. അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് ഇന്ത്യയെ തകർത്തത്.