ഗ്യാസ് ഗോഡൗണിലെ ഇരുമുറികെട്ടിടത്തില്‍ നിന്നും അവന്‍ വെച്ച നല്ല വീട്ടിലേക്ക് കുടുംബം മാറിയിരിക്കുന്നു, കഷ്ടകാലം വിട്ടൊഴിയുകയാണ്

സൈക്കിളില്‍ പാചകവാതക സിലിണ്ടറുകള്‍ വീടുകള്‍ത്തോറും കൊണ്ട് കൊടുത്തു ഉപജീവനം നടത്തിയിരുന്നൊരു അച്ഛനുണ്ടായിരുന്നു. ഗ്യാസ് കമ്പനിയുടെ ഗോഡൌണിനോടോരം ചേര്‍ന്നുള്ള ഇരുമുറി കെട്ടിടത്തിന്റെ ഇടുങ്ങലില്‍ ശ്വാസം മുട്ടി വളര്‍ന്നുവന്ന ആ അച്ഛന്റെ അഞ്ചുമക്കളുണ്ടായിരുന്നു. കേവലം മുപ്പത്തിയൊന്നര സെന്റിമീറ്റര്‍ വ്യാസവും, എണ്‍പത്തിരണ്ടര സെന്റിമീറ്റര്‍ മാത്രം ഉയരവുമുള്ള ചുവന്ന സിലിണ്ടറിനുള്ളില്‍, പതിനേഴായിരത്തി അഞ്ഞൂറ് മില്ലിബാര്‍ പ്രെഷറില്‍ അമര്‍ത്തപ്പെട്ടു പോയ ഹൈഡ്രോകാര്‍ബണുകളെ പോലെ അഞ്ചുപേര്‍.

ആ മക്കളില്‍ പലരും ചെറുപ്പം മുതലെ ചെറിയ കൂലിജോലികള്‍ ചെയ്ത് അച്ഛനെ സഹായിച്ചപ്പോള്‍, മൂന്നാമന്‍ മാത്രം വലിയ വലിയ സ്വപ്നങ്ങള്‍ കണ്ടു. എന്നാല്‍, വഴിവിളക്കിന്റെ വെട്ടത്തിലിരുന്ന് കൊണ്ട് ഫിസിക്‌സും, മാത്തമാറ്റിക്സും, ബയോളജിയും മനഃപാഠമാക്കി തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവന്‍ മെനക്കെട്ടില്ല. അവനിഷ്ടം കെമിസ്ട്രിയായിരുന്നു. അത്, ഗാഡ സള്‍ഫ്യൂരിക്ക് ആസിഡില്‍ ജലം ചേര്‍ക്കുമ്പോളുണ്ടാവുന്ന താപമോചക പ്രവര്‍ത്തനത്തിന്റെ രാസസമവാക്യങ്ങള്‍ ഗ്രഹിക്കേണ്ടുന്ന കെമിസ്ട്രിയായിരുന്നില്ല. മറിച്ച്, കവറും, പോയിന്റും, ലോംഗ് ഓഫും, മിഡ് വിക്കറ്റിലുമൊക്കെയായി മൈതാനത്തിന്റെ നാനാദിശകളിലും വിന്യസിക്കപ്പെട്ട ഫീല്‍ഡിന്റെ തന്മാത്രഘടന ഹൃദയസ്ഥമാക്കി അവയുടെ വിടവിലൂടെ കൃത്യമായി പന്തുകളെ എങ്ങനെ അതിര്‍ത്തി കടത്തണമെന്നറിയേണ്ടുന്ന കെമിസ്ട്രിയായിരിന്നു.

ബാറ്റിന്റെ സ്വീറ്റ് സ്‌പോട്ട്, തുകല്‍പന്തുമായി ടൈമിംഗ് എന്ന ഉൾപ്രേരകത്തിന്റെ സാന്നിദ്ധ്യത്തില്‍ സംയോജിച്ചു കൊണ്ട് റണ്‍സുകളായി പരിണമിക്കുന്ന ക്രിക്കറ്റിന്റെ കെമിസ്ട്രി. വീടിന് തൊട്ടടുത്തുള്ള കോച്ചിംഗ് സെന്ററില്‍ തൂപ്പുകാരനായി പോകുവാനുള്ള അവസരം വേണ്ടെന്നു വെച്ചിട്ട്, ക്രിക്കറ്റ് കളിച്ചു നടന്ന ‘കുടുംബം നോക്കാത്ത’ മകനെ അച്ഛന്‍ എങ്ങനെ അംഗീകരിക്കാനാണ്. അച്ഛന്റെ ശകാരങ്ങള്‍ക്കിടയിലും, ഒളിച്ചും പാത്തും അമ്മയുടെ ഒത്താശയോടെ അവന്‍ കളി തുടര്‍ന്നു.

അങ്ങനെ ഒരുദിവസം, കളിക്ക് സമ്മാനമായി തനിക്കു ലഭിച്ച മോട്ടോര്‍ ബൈക്ക് അച്ഛന് നല്‍കി കൊണ്ട് അവന്‍ പറഞ്ഞു, ‘അച്ഛനിനിയും സൈക്കിള്‍ ചവിട്ടി കഷ്ടപ്പെടേണ്ട ‘. ക്രിക്കറ്റ് കളികൊണ്ട് ഇങ്ങനെയും ചില ലാഭങ്ങളുണ്ടെന്ന് മനസിലാക്കിയ ആ അച്ഛന്റെ പിന്തുണയോടെയായിരുന്നു പിന്നീടങ്ങോടട്ടുള്ള അവന്റെ കളികള്‍.

സ്റ്റേറ്റ് രഞ്ജി ടീമിലെ സ്ഥാനവും, IPL കോണ്‍ട്രാക്ടറ്റുമൊക്കെ അവനെ തേടിയെത്തിയെങ്കിലും കഷ്ടകാലത്തിനു മാത്രം അറുതിയുണ്ടായില്ല. ആദ്യ സീസണുകളിലെ മോശം പ്രകടനങ്ങളും, പരിക്കും, ബിസിസിഐയുടെ വിലക്കുമൊക്കെയായി കഷ്ടകാലം വിടാതെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു.

മീനവെയിലിനും കുംഭ ചൂടിനും, മിഥുന കര്‍ക്കിടകങ്ങളുടെ വറുതിയ്ക്കും, വേവലാതിക്കുമപ്പുറം പൂപ്പാട്ടുമായി വിരുന്നെത്തുന്ന ശ്രാവണമുള്ളത് പോലെ, 2022 ലെ IPL ഓക്ഷനില്‍ 55 ലക്ഷം രൂപയ്ക്ക് അവനെ KKR സ്വന്തമാക്കുന്നു. അവിടെ LSG ക്കെതിരെ അവസാന ഓവറില്‍ 21 റണ്‍സ് വേണമെന്നിരിക്കെ മാര്‍ക്ക്‌സ് സ്റ്റോയിനസിനെ കവറിലൂടെയും, മിഡ് വിക്കറ്റിലൂടെയും, ലോങ്ങ്ഓഫിലൂടെയും ബൗണ്ടറികള്‍ പറത്തിക്കൊണ്ട് അവന്‍ ബാറ്റുകൊണ്ട് ഒരു സ്റ്റേറ്റ്‌മെന്റ് നടത്തുകയാണ്.

‘ഐ ബിലോങ്ങ് ടു ദിസ് ലീഗ് ‘ ഒടുവില്‍ വിജയത്തിന് വെറും മൂന്ന് റണ്‍സകലെ എവിന്‍ ലൂയിസിന്റെ കൈകളില്‍ അവന്റെ പോരാട്ടം അവസാനിച്ചെങ്കിലും, ആ ഒരോറ്റ ഇന്നിംഗ്സ് 2023 സീസണിലും അവനെ ടീമില്‍ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത ടീം മാനേജ്‌മെന്റിന്റെ പ്രേരിപ്പിച്ചു.
ടീം തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന്, യാഷ് ദയാലിനെ തുടരെതുടരെ അഞ്ചു സിക്‌സറുകള്‍ പറത്തി ആസാദ്ധ്യമായത് സാദ്ധ്യമാക്കികൊണ്ട് അവന്‍ കൃത്ഞത അര്‍പ്പിച്ചു. അച്ഛന്റെ കടബാദ്ധ്യതകള്‍ എല്ലാം അവന്‍ വീട്ടി. കുടുംബം, ഗ്യാസ് ഗോഡൗണിലെ ഇരുമുറികെട്ടിടത്തില്‍ നിന്നും അവന്‍ വെച്ച നല്ല വീട്ടിലേക്കു മാറിയിരിക്കുന്നു. കഷ്ടകാലം വിട്ടൊഴിയുകയാണ്. മാനത്ത് കാര്‍മേഘങ്ങളൊഴിഞ്ഞ് മാരിവില്ലു വിരിയുകയാണ്.

ഇനിയും കാതങ്ങളെറെയുണ്ട് സഞ്ചരിക്കുവാന്‍. പോള്‍ വാള്‍ത്തട്ടിയെയും അസ്നോദ്ക്കറിനെയും പോലെ ഒരൊറ്റ സീസണ്‍ വണ്ടറായി ഒതുങ്ങി എരിഞ്ഞടങ്ങുവാന്‍ അവന്‍ ഒരുക്കമല്ല. കാരണം, മൈതാനത്ത് അവന്‍ നടത്തുന്നത് കേവലം പ്രതിഭാപ്രദര്‍ശനമല്ല, നിലനില്‍പ്പിനായുള്ള, അതിജീവനത്തിനു വേണ്ടിയുള്ള സമരമാണ്. അതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും.

പ്രിയപ്പെട്ട റിങ്കു സിംഗ്, ഇന്നലെവരെ നിന്റെ കഥ ആര്‍ക്കും താത്പര്യമില്ലാത്ത നിന്റെ മാത്രം സ്വകാര്യതയായിരുന്നു. ഇന്നത്, തുരങ്കത്തിന്റെ ഇരുട്ടിനപ്പുറം വെളിച്ചമുണ്ടെന്ന് വിശ്വസിച്ചു യാത്ര തുടരുവാന്‍ പലര്‍ക്കും പ്രചോദനമാവുന്നൊരു ഊര്‍ജ്ജ സ്രോതസ്സാണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഇത്തവണ തീയറ്റേറില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്