2026 ൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ചിച്ച് ഓസ്‌ട്രേല്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിൽ 2023ല്‍ ഇന്ത്യയില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പ് ഫൈനലിന്റെ റീപ്ലേയ്ക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുമെന്ന് വാർണർ പറഞ്ഞു. അന്ന് ഇന്ത്യയിൽ നടന്ന ലോകകപ്പിൽ ഫൈനലിൽ ഇന്ത്യയെ കീഴടക്കി ഓസീസ് കിരീടം ചൂടിയിരുന്നു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കാന്‍ബറയില്‍ നടന്ന ആദ്യ ടി20യില്‍ കമന്ററിക്കിടെയായിരുന്നു ഓണ്‍എയറില്‍ അദ്ദേഹത്തിന്റെ പ്രവചനം. 2026ലെ ടി20 ലോകകപ്പില്‍ നമുക്കു ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ ലഭിക്കുമെന്നായിരുന്നു വാര്‍ണറുടെ വാക്കുകള്‍.
കലാശപ്പോരില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും കൊമ്പുകോര്‍ക്കുമെന്നു പ്രവചിച്ചെങ്കിലും ഇതില്‍ ആരാവും ജയിക്കുകയെന്നു മാത്രം വാര്‍ണര്‍ പ്രവചിച്ചില്ല. ഇന്ത്യയുടെ സ്ഫോടനാത്മകമായ ബാറ്റിംഗ് നിരയും ഓസ്ട്രേലിയയുടെ തീവ്രമായ ഓൾറൗണ്ട് ആഴവും ടൂർണമെന്റിൽ ആധിപത്യം സ്ഥാപിക്കാൻ ഇരുവരെയും ശക്തരാക്കുന്നു.
ഇരു രാജ്യങ്ങളും സമീപ വർഷങ്ങളിൽ മികച്ച ഫോമിലാണ്. യുഎസ്എയിലും കരീബിയനിലും നടന്ന കഴിഞ്ഞ പതിപ്പിൽ സെമിഫൈനലിൽ കടക്കാൻ കംഗാരുക്കൾക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം ഫൈനലിൽ സൗത്താഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം ചൂടാൻ ഇന്ത്യയ്ക്കായി.