2026 ലെ ഐസിസി ടി20 ലോകകപ്പിന് 100 ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ, വേദികളുടെ കാര്യത്തിൽ റിപ്പോർട്ടുകൾ വന്നു തുടങ്ങി. ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച്, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഗ്രാൻഡ് ഫൈനലിന് ആതിഥേയത്വം വഹിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ബെംഗളൂരു, നവി മുംബൈ, ഇൻഡോർ, ഗുവാഹത്തി എന്നിവ ഒഴിവാക്കപ്പെട്ടു. ഔദ്യോഗിക ഷെഡ്യൂളും മത്സരക്രമവും ഐസിസി ഉടൻ പുറത്തിറക്കും.
2026 ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ്, പത്താം ടി20 ലോകകപ്പ് ആയിരിക്കും. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോൾ ആതിഥേയ നഗരങ്ങളുടെ എണ്ണം പരിമിതപ്പെടുത്താൻ ബിസിസിഐയുടെ ഉന്നത ഉദ്യോഗസ്ഥർ അടുത്തിടെ നടന്ന ഒരു യോഗത്തിൽ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. ഓരോ വേദിയിലും കുറഞ്ഞത് ആറ് മത്സരങ്ങളെങ്കിലും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2023 ൽ, ഇന്ത്യ മാത്രം ഐസിസി പുരുഷ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ, മൊത്തം ടൂർണമെന്റിനായി ആകെ 10 വേദികൾ ഉപയോഗിച്ചിരുന്നു. ഇതിനുപുറമെ, ഗുവാഹത്തിയും തിരുവനന്തപുരവും ഇന്ത്യയുടെ രണ്ട് സന്നാഹ മത്സരങ്ങൾക്കും ആതിഥേയത്വം വഹിച്ചതോടെ ലോകകപ്പ് വേദികളുടെ എണ്ണം 12 ആയി. ഇപ്പോൾ, ശ്രീലങ്കയ്‌ക്കൊപ്പം ഇന്ത്യയും ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനാൽ, നഗരങ്ങൾ പരിമിതമാകും. വലിയ ബഹളങ്ങളൊന്നുമില്ലാതെ, സുഗമമായ ഷെഡ്യൂൾ തയ്യാറാക്കാൻ ഇത് ഐസിസിയെ സഹായിച്ചേക്കും.
ഷോർട്ട്‌ലിസ്റ്റ് ചെയ്ത അഞ്ച് ഇന്ത്യൻ വേദികളിൽ അഹമ്മദാബാദ്, ഡൽഹി, കൊൽക്കത്ത, ചെന്നൈ, മുംബൈ എന്നിവയാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിൽ മാർച്ച് 8 ന് ഫൈനൽ നടക്കും. ശ്രീലങ്കയിൽ മൂന്ന് വേദികൾ അന്തിമമായി തീരുമാനിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും അവയുടെടെ പേരുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
2023 ലെ ഏകദിന ലോകകപ്പ് ഫൈനലിന് വേദിയായ മൈതാനമാണ് അഹമ്മദാബാദിലേത്. 132,000 സീറ്റുള്ള സ്റ്റേഡിയം ഐപിഎൽ 2022, ഐപിഎൽ 2023, ഐപിഎൽ 2025 ഫൈനലുകൾക്കും ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
2026 പുരുഷ ടി20 ലോകകപ്പ് വേദികൾ (സാധ്യത)
നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്
അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം, ഡൽഹി
വാംഖഡെ സ്റ്റേഡിയം, മുംബൈ
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
എംഎ ചിദംബരം സ്റ്റേഡിയം, ചെന്നൈ