മുംബൈ ഇന്ത്യന്‍സിന്റെ റിസര്‍വ് താരമായിരുന്ന ന്യൂസിലന്‍ഡ് പേസര്‍ സ്‌കോട്ട് കുഗ്ഗെലിജ്‌നെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് സീസണില്‍ നിന്ന് പിന്മാറിയ ഓസീസ് പേസര്‍ കെയിന്‍ റിച്ചാഡ്‌സണു പകരക്കാരനായിട്ടാണ് കുഗ്ഗെലിജ്‌നെ ബാംഗ്ലൂര്‍ ടീമിലെത്തിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനായി രണ്ട് ഏകദിനവും 16 ടി20യും മാത്രം കളിച്ചിട്ടുളള താരമാണ് കുഗ്ഗെലിജ്ന്‍. ഏകദിനത്തില്‍ അഞ്ചും ടി20യില്‍ 13ഉം വിക്കറ്റുകളാണ് ഈ കിവീസ് താരത്തിന്റെ പേരിലുള്ളത്. ചെന്നൈയ്ക്ക് വേണ്ടി 2019 ലെ ടൂര്‍ണമെന്റില്‍ കുഗ്ഗെലിജ്ന്‍ കളിച്ചിട്ടുണ്ട്.
അതേസമയം, ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയ ബാംഗ്ലൂരിന്റെ ഓസ്ട്രേലിയന്‍ താരങ്ങളായ സ്പിന്നര്‍ ആദം സാംപയ്ക്കും കെയ്ന്‍ റിച്ചാര്‍ഡ്സനും നാട്ടിലേക്ക് മടങ്ങാനായില്ല. ഇന്ത്യയില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഓസട്രേലിയ വിലക്കേര്‍പ്പെടുത്തിയതോടെയാണ് ഇരുവരും നാട്ടിലേക്ക് മടങ്ങാനാകാതെ മുംബൈയില്‍ കുടുങ്ങിയിരിക്കുന്നത്.
ഇന്ത്യയില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മെയ് 15 വരെയാണ് വിലക്ക്. എന്നാല്‍ ഈ കാലയളവിനുള്ളില്‍ ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ വിമാന വിലക്ക് നീട്ടാനുള്ള സാധ്യതയുമുണ്ട്.