ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്‍പായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി രോഹിത് ശര്‍മ്മ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ലോകകപ്പ് നേടിയതിന് പിന്നാലെ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ച രോഹിത് ഇനി ഏകദിനത്തില്‍ മാത്രമാണ് തുടരുക. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനായി മിന്നുംഫോമില്‍ കളിക്കവേയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിതിന്റെ തീരുമാനം വന്നത്. അതേസമയം ഏകദിന ക്രിക്കറ്റില്‍ തുടരാന്‍ തീരുമാനിച്ച താരം അടുത്ത ലോകകപ്പ് വരെ കളിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇതേകുറിച്ച് ഒടുവില്‍ ഒരഭിമുഖത്തില്‍ മനസുതുറന്നിരിക്കുകയാണ് രോഹിത്. അടുത്ത ലോകകപ്പില്‍ കളിക്കുകയെന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് താരം പറയുന്നു. 2027ലാണ് അടുത്ത ഏകദിന ലോകകപ്പ് നടക്കുക. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുക. ഏകദിന ട്രോഫി ഉയര്‍ത്തുക എന്നത് ഇപ്പോഴും തന്റെ മനസിലുണ്ടെന്ന് രോഹിത് തുറന്നുപറഞ്ഞു. അത് തീര്‍ച്ചയായും എന്റെ മനസിലുണ്ട്, അങ്ങനെ സംഭവിച്ചാല്‍ അത് വളരെ നന്നായിരിക്കും, രോഹിത് പറഞ്ഞു.
കഴിഞ്ഞ ലോകകപ്പില്‍ കയ്യെത്തും ദൂരത്ത് വച്ചാണ് ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക് നഷ്ടമായത്. ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയുടെ കിരീടമോഹം ഇല്ലാതാക്കുകയായിരുന്നു. ഫൈനല്‍ വരെ ഒറ്റ മത്സരം പോലും തോല്‍ക്കാതെയായിരുന്നു രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ മുന്നേറിയത്. ഏകദിന ലോകകപ്പ് നഷ്ടമായാലും ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും മാസങ്ങളുടെ വ്യത്യാസത്തില്‍ നേടി ഇന്ത്യ വമ്പന്‍ തിരിച്ചുവരവാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നടത്തിയത്.