കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ വമ്പന്‍ ജയത്തോടെ ഈ സീസണോട് വിടപറഞ്ഞിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യ ബാറ്റിങ്ങില്‍ 279 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് കൊല്‍ക്കത്തയ്ക്ക് മുന്‍പില്‍ ഹൈദരാബാദ് ഉയര്‍ത്തിയത്. ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ട് സെഞ്ച്വറിയും ട്രാവിസ് ഹെഡിന്റെ അര്‍ധസെഞ്ച്വറിയുമാണ് അവരെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഹൈദരാബാദിന് മറുപടിയായി 18.4 ഓവറില്‍ 168 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു കൊല്‍ക്കത്ത.പ്ലേഓഫ് മോഹങ്ങള്‍ നേരത്തെ തന്നെ അവസാനിച്ച ഇരുടീമുകളും ആശ്വാസജയം തേടിയാണ് ഇന്നലെ ഇറങ്ങിയത്.
ഫൈനലില്‍ എത്താന്‍ കരുത്തുളള ടീമായിരുന്നു തങ്ങളുടേതെന്നും എന്നാല്‍ എത്താന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും മത്സരശേഷം ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞു. ‘അതിശയകരമായ ഫിനിഷിംഗ്. സീസണിലെ അവസാന കുറച്ച് മത്സരങ്ങളില്‍, ഒരുപാട് കാര്യങ്ങള്‍ വിജയിച്ചു, ക്ലാസന്‍ കാഴ്ചവച്ച ഇന്നിങ്‌സ് പോലുളള ബാറ്റിംഗ് കാണുന്നത് ഭയപ്പെടുത്തുന്നതായിരുന്നു. ഞങ്ങളുടെ കളിക്കാരുടെ മികവ് കണക്കിലെടുക്കുമ്പോള്‍, മുമ്പത്തേക്കാള്‍ മോശമായി കളിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.
ഞങ്ങളുടെ മികവ് കണക്കിലെടുക്കുമ്പോള്‍, ഞങ്ങള്‍ ഫൈനലില്‍ എത്തണം. ഈ വര്‍ഷം ഞങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ല. ഇവിടെയുള്ളതുപോലെ ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ ലഭിക്കുന്നു, ബാറ്റിങ്ങില്‍ പരമാവധി പുറത്തെടുത്ത് 250-260 റണ്‍സ് നേടണം, മറ്റ് സ്ഥലങ്ങളിലും ഞങ്ങള്‍ വിക്കറ്റുകള്‍ വീഴ്ത്തണം, പക്ഷേ ഞങ്ങള്‍ അത് ചെയ്തില്ല, കമ്മിന്‍സ് പറഞ്ഞു.