ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ഏറ്റവും മികച്ച ടീമുകളിൽ മുൻപന്തിയിൽ ഉള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. ചരിത്രത്തിൽ തന്നെ ആദ്യമായി അഞ്ച് ഐപിഎൽ ടൈറ്റിലുകൾ ഉള്ള റെക്കോർഡ് സ്വന്തമാക്കിയ ടീമാണ് മുംബൈ. ഈ സീസണിലെ ടീമിൽ ബാറ്റിംഗിലും ബോളിങ്ങിലും മികച്ച ഫോമിലുള്ള താരങ്ങളാണ് അവരുടെ സമ്പാദ്യം. ഇത്തവണ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമും ഇവർ തന്നെയാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
എന്നാൽ കഴിഞ്ഞ അഞ്ച് സീസണുകളായി കിരീടത്തിൽ മുത്തമിടാൻ സാധിക്കാത്തതിൽ ടീമിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ആ വിമർശങ്ങളെ തള്ളിക്കളഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലകൻ മഹേല ജയവര്‍ധനെ.
‘അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇപ്പോഴും ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ്, ഒരു കിരീട വരള്‍ച്ച കൊണ്ട് ടീമിന്റെ ചരിത്രത്തെ അങ്ങനെ മായ്ക്കാന്‍ കഴിയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ രണ്ട് തവണയാണ് പ്ലേഓഫിൽ എത്തിയത്. അവസരങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്’
‘ഒരു ടൂര്‍ണമെന്റില്‍ ഓരോ മത്സരത്തെയും ഗൗരവമായി കാണുകയും പ്രോസസ്സില്‍ വിശ്വസിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. ചില ടീമുകള്‍ ഇതുവരെ ഒരു കിരീടം പോലും നേടിയിട്ടില്ല എന്നതും നമ്മള്‍ ഓർക്കണം. ഞങ്ങള്‍ ഞങ്ങളുടെ രീതികളില്‍ വിശ്വസിക്കുന്നു, അത് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല’ മഹേല പറഞ്ഞു.