ടി20 ക്രിക്കറ്റിൽ ജസ്പ്രീത് ബുംറയേക്കാൾ വിലപ്പെട്ട താരം വരുൺ ചക്രവർത്തിയാണെന്ന് അവകാശപ്പെട്ട് ഇന്ത്യൻ മുൻ ബാറ്റർ സുബ്രഹ്മണ്യൻ ബദരീനാഥ്. ഓസ്ട്രേലിയ്ക്കെതിരായ ടി20 പരമ്പരയിലെ വരുണിന്റെ പ്രകടനം ചൂട്ടിക്കാട്ടിയാണ് അദ്ദേഹത്തിൻ്റെ വിലയിരുത്തൽ. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ വേഗതയേറിയതും ബൗൺസിയറുമായ പിച്ചുകളിൽ കളിച്ചിട്ടും വരുൺ അവിശ്വസനീയമായ വിജയം നേടി.
34 കാരനായ വരുൺ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 16.40 ശരാശരിയിലും 6.83 എന്ന എക്കണോമിയിലും അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. വരുണിന്റെ മികവ് ഇന്ത്യയ്ക്ക് ടി20യിൽ തങ്ങളുടെ ആധിപത്യ ഫോം നിലനിർത്താൻ സഹായിച്ചു. പരമ്പര 2-1 ന് ഇന്ത്യ നേടി.
“വരുൺ ചക്രവർത്തി ലോകത്തിലെ ഒന്നാം നമ്പർ ടി20 ബോളറാണെന്ന് കണക്കുകൾ പറയുന്നു. ബുംറയെക്കാളും വിലപ്പെട്ട താരമാണ് അദ്ദേഹം. പവർപ്ലേയിലോ മിഡിൽ ഓവറിലോ പതിനെട്ടാം ഓവറിലോ റൺസ് ഒഴുകുമ്പോഴെല്ലാം വരുൺ തന്നെയാണ് ഏറ്റവും നല്ല ബോളർ. തന്റെ കളിയിലൂടെ അദ്ദേഹം വ്യത്യസ്തമായ ഒരു ലെവലിലേക്ക് പോയി. തുടക്കത്തിൽ അവസരം ലഭിച്ചതിനുശേഷവും ഫിറ്റ്നസ് കാരണം പുറത്തായതിനുശേഷവും മികച്ച തിരിച്ചുവരവ്. എന്നാൽ തിരിച്ചുവരവിന് ശേഷമുള്ള ഈ രണ്ടാം ഘട്ടത്തിൽ, അദ്ദേഹം തന്റെ കളിയെ അടുത്ത ലെവലിലേക്ക് കൊണ്ടുപോയി.” അദ്ദേഹം പരഞ്ഞു.
29 ടി20 മത്സരങ്ങളിൽ നിന്ന് 15.68 ശരാശരിയിൽ 45 വിക്കറ്റുകൾ വരുൺ വീഴ്ത്തിയിട്ടുണ്ട്. ഇതിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. 2026-ൽ സ്വന്തം നാട്ടിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഏറ്റവും നിർണായക ഘടകമായി വരുൺ ചക്രവർത്തി മാറുമെന്ന് ബദരീനാഥ് വിശ്വസിക്കുന്നു. യുഎഇയിൽ നടന്ന 2025 ചാമ്പ്യൻസ് ട്രോഫിയിൽ ടീമിന്റെ വിജയത്തിൽ ഈ പരിചയസമ്പന്നനായ സ്പിന്നർ നിർണായക പങ്ക് വഹിച്ചു.
“അദ്ദേഹം ഇന്ത്യയ്ക്ക് വലിയൊരു മുതൽക്കൂട്ടാണ്. ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പുമായി മുന്നോട്ട് പോകുമ്പോൾ, അദ്ദേഹം ഏറ്റവും നിർണായക ഘടകമായിരിക്കും. വരുണിന് നല്ല ദിവസം ലഭിച്ചാൽ, ഇന്ത്യൻ ടീമിന് നല്ല ദിവസം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്,” ബദരീനാഥ് പറഞ്ഞു.
2021-ൽ ഇന്ത്യയ്ക്ക് വേണ്ടി ടി20യിൽ അരങ്ങേറ്റം കുറിച്ച വരുൺ, അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് വിക്കറ്റുകൾ മാത്രമേ നേടിയിട്ടുള്ളൂ, പിന്നീട് പുറത്താക്കപ്പെട്ടു. 2024-ലെ ടി20 ലോകകപ്പിന് ശേഷം 21 വിക്കറ്റുകളുമായി ഐപിഎലിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ ഫലമായി അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തി.