ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണുകളായ താരങ്ങളാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമയും. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇരുവരും ഒരുമിച്ചാണ് ടി-20, ടെസ്റ്റ് എന്നി ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ ഏകദിനത്തിൽ മികച്ച പ്രകടനമാണ് രണ്ടുപേരും നടത്തുന്നത്. 2027 ഏകദിന ലോകകപ്പ് നേടാനുള്ള പരിശ്രമത്തിലാണ് താരങ്ങൾ.
ഇപ്പോഴിതാ വിരാട് കോഹ്‌ലിക്കും രോഹിത് ശർമയ്ക്കും വേണ്ടി കൂടുതൽ ഏകദിന പരമ്പരകൾ നടത്താൻ ബിസിസിഐ തയ്യാറാവണമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ താരം ഇർഫാൻ പത്താൻ.
ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ:
” എന്തുകൊണ്ട് ഒരു ത്രിരാഷ്ട്ര പരമ്പരയോ നാല് രാജ്യങ്ങളുടെ പരമ്പരയോ നടത്താൻ കഴിയില്ല? ഈ രണ്ട് മികച്ച കളിക്കാർ ഒരേ ഫോർമാറ്റിൽ മാത്രം കളിക്കുമ്പോൾ, അവരെ ശരിയായി ഉപയോഗിക്കണം. ഏകദിന ക്രിക്കറ്റിൽ ആരാധകർക്ക് പുതിയൊരു താൽപ്പര്യം ഉണ്ടാവുന്നുണ്ടെങ്കിൽ അത് ഈ രണ്ട് കളിക്കാർ കാരണമാണ്”
“ഏറ്റവും പ്രധാനപ്പെട്ട കാര്യം അവർ രണ്ടുപേരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതാണ്. ലോകകപ്പ് ഇനിയും അകലെയാണ്. തയ്യാറെടുപ്പ് പ്രധാനമാണ്, പക്ഷേ അവർ കഴിയുന്നത്രയും കളിക്കുന്നത് കാണണമെന്നും ഞാൻ ആഗ്രഹിക്കുന്നു. അവർ ഇന്ത്യയ്ക്കായി കളിക്കുന്നത് തുടരണം, ഇന്ത്യയ്ക്കായി കളിക്കാത്തപ്പോൾ അവർ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം. അവർ കൂടുതൽ കളിക്കുന്തോറും അവർ മികച്ചവരാകും,” ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.