വേൾഡ് കപ്പ് ഗ്രൂപ്പ് സ്റ്റേജിൽ വെച്ച് ഓസ്‌ട്രേലിയയോടും സൗത്ത് ആഫ്രിക്കയോടും പരാജയം ഏറ്റുവാങ്ങുന്നു. പിന്നീട് അതേ ടീമിനെ സെമിയിലും ഫൈനലിലും തോല്പിച്ച് തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടുന്നു. ഇതാണ് കാലത്തിന്റെ കാവ്യനീതി. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ.
മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങുകയായിരുന്നു ഇന്ത്യ. ഷെഫാലി വര്‍മ(87), ദീപ്തി ശർമ (58), സ്‌മൃതി മന്ദാന (45) എന്നിവർ തിളങ്ങി. റിച്ച ഘോഷ് (34), ജെമീമ റോഡ്രിഗസ്(24), ഹർമൻപ്രീത് കൗർ(20 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
ബോളിങ്ങിൽ ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ അഞ്ചു വിക്കറ്റും ഷെഫാലി വർമ രണ്ട് വിക്കറ്റും നേടി. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്റ്റൻ ലോറ വോള്‍വാര്‍ഡ് സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ഫലമുണ്ടായില്ല. 98 പന്തിൽ 11 ഫോറുകളും ഒരു സിക്‌സറും അടക്കം 101 റൺസായിരുന്നു ലോറയുടെ സംഭാവന. ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ ഐസിസി ട്രോഫി കൂടിയാണ് ഈ ലോകകപ്പ്.