ബറോഡയിൽ ന്യുസിലാൻഡിനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റിന് വിജയിച്ചിരുന്നു. ന്യുസിലാൻഡ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ബാറ്റിംഗിൽ വിരാട് കോഹ്ലി, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹർഷിത് റാണ എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്.
മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് വിരാട് കോഹ്ലിയാണ്. 91 പന്തുകളിൽ ഒരു സിക്‌സും എട്ട് ഫോറും അടക്കം 93 റൺസാണ് താരം അടിച്ചെടുത്തത്. ഇപ്പോഴിതാ വിരാട് കോഹ്ലിയുടെ മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.
“അവൻ ഒന്നും ചിന്തിക്കുന്നില്ല എന്ന് തോന്നുന്നു. അവൻ എന്താണ് മാറ്റിയതെന്ന് നിങ്ങൾ എന്നോട് ചോദിച്ചു. വിരാട്ടിന് ഒരു മാറ്റവുമില്ല. അവൻ മറ്റൊന്നിനെക്കുറിച്ചും ഇപ്പോൾ ചിന്തിക്കുന്നില്ല. തന്റെ ക്രിക്കറ്റ് ആസ്വദിക്കുക എന്ന തീരുമാനം എടുത്തിരിക്കുകയാണ് വിരാടിപ്പോൾ. കൂട്ടിക്കാലത്തുള്ള ബാറ്റിങ് മനോഭാവവും ഇത്രയും വർഷത്തെ അനുഭവവും കൂടിച്ചേർന്നാണ് നിലവിൽ അവൻ കളിക്കുന്നതെന്ന് തോന്നുന്നു” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.