ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പുരോഗമിക്കുകയാണ്. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പവര്‍പ്ലേ ഓവറില്‍ കൂറ്റനടിക്കായി ശ്രമിക്കവേ ജേക്ക് ഫ്രേസര്‍ മക്ഗ്രര്‍ക്കിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന് മത്സരത്തിലെ ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കിയത്. തൊട്ടുപിന്നാലെ കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തിയ കരുണ്‍ നായരും പുറത്താവുകയായിരുന്നു. ഹസരങ്ക ഏറിഞ്ഞുനല്‍കിയ പന്ത് പിടിച്ച് സന്ദീപ് ശര്‍മയാണ് കുറ്റി തെറിപ്പിച്ച് കരുണ്‍ നായരെ പുറത്താക്കിയത്.
മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 40 പന്തുകളില്‍ 12 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു കരുണ്‍ നായര്‍ അടിച്ചെടുത്തത്. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ താരത്തിന്റെ മികവില്‍ മുംബൈ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം ഒരുഘട്ടത്തില്‍ ഡല്‍ഹി അനായാസം മറികടക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ കരുണ്‍ പുറത്തായ ശേഷം മറ്റാര്‍ക്കും ഡല്‍ഹിയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കരുണ്‍ നായരെ ടീമിലെടുത്തത്. 50 ലക്ഷം രൂപയ്ക്കാണ് താരത്തെ ഡല്‍ഹി ടീമില്‍ എത്തിച്ചത്. ഇടയ്ക്ക് ഇന്ത്യന്‍ ടീമില്‍ നിന്നും കര്‍ണാടക ടീമില്‍ നിന്നും തഴയപ്പെട്ട സമയത്ത് താരത്തിന്റെതായി വന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. “ഡിയര്‍ ക്രിക്കറ്റ് എനിക്ക് വീണ്ടുമൊരു അവസരം നല്‍കൂ” എന്നായിരുന്നു വികാരാധീനനായി കരുണിന്റെ പോസ്റ്റ്. തുടര്‍ന്നാണ് രഞ്ജി ട്രോഫിയില്‍ വിദര്‍ഭ ടീമിനായി ശ്രദ്ധേയ പ്രകടനം നടത്തി താരം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്.