ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇന്ത്യക്ക് ശേഷിക്കുന്നത് ഒരു മത്സരം കൂടിയാണ്. കളിച്ച 2 മത്സരങ്ങളിലും അനായാസം വിജയിച്ച ഇന്ത്യ തന്നെയായിരിക്കും ഇത്തവണത്തെ ഏഷ്യ കപ്പ് ജേതാക്കളാകുക എന്നാണ് ആരാധകരുടെ അഭിപ്രായം. നിലവിലുള്ള ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
എന്നാൽ അടുത്ത മത്സരത്തിൽ ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. സെമി ഫൈനൽ, ഫൈനൽ എന്നി മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുന്നതിനു വേണ്ടിയാണു ബുംറയ്ക്ക് വിശ്രമം അനുവദിക്കുന്നത്. ഇപ്പോഴിതാ അടുത്ത മത്സരത്തിൽ താരത്തിന് പകരം അർശ്ദീപ് സിങ് കളിക്കണം എന്ന് നിർദേശിച്ചിരിക്കുകയാണ് ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് താരം അർശ്ദീപ് സിംഗിനെ നിർദേശിച്ചത്.
ബുംറയ്ക്ക് വിശ്രമം അനുവദിക്കുമോ ഇല്ലയോ എന്ന് ഔദ്യോഗീകമായ സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല. നിലവിൽ ഇന്ത്യയുടെ പേസ് ബോളേഴ്സിനെക്കാളും മികച്ച പ്രകടനം നടത്തുന്നത് സ്പിൻ യൂണിറ്റാണ്. യുഎഇക്കെതിരെ നടന്ന മത്സരത്തിലും പാകിസ്താനെതിരെ നടന്ന മത്സരത്തിലും മികച്ച പ്രകടനമാണ് കുൽദീപ് യാദവ് അക്‌സർ പട്ടേൽ സഖ്യം കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ ഒമാനെതിരെയുള്ള മത്സരത്തിലും ഇന്ത്യയുടെ തുറുപ്പ് ചീട്ട് ഇവരായിരിക്കും.