ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ഏറ്റവും ഉയർന്ന ട്രേഡുകളിലൊന്നിൽ ചെന്നൈ സൂപ്പർ കിംഗ്‌സിൽ (സിഎസ്‌കെ) ചേരാൻ ഒരുങ്ങുകയാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ഐപിഎൽ 2026 ൽ രാജസ്ഥാൻ റോയൽസ് (ആർആർ) രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ വാങ്ങി സഞ്ജുവിനെ ചെന്നൈയ്ക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. വ്യാപാര കരാറിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു, ഔദ്യോഗിക സ്ഥിരീകരണം ഉടൻ പുറത്തുവരും.
അതേസമയം, ഇന്ന് സഞ്ജു സാംസൺ തന്റെ 31-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ വേളയിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സഞ്ജു, നിനക്ക് കൂടുതൽ ശക്തിയുണ്ടാകട്ടെ! ഒരു സൂപ്പർ പിറന്നാൾ ആശംസിക്കുന്നു! എന്നാണ് സഞ്ജുവിന്റെ ചിത്രം പങ്കുവെച്ച് സിഎസ്കെ കുറിച്ചിരിക്കുന്നത്. രാജസ്ഥാൻ റോയൽസും താരത്തിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.
അടുത്ത ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമായിരിക്കും സഞ്ജു കളിക്കുകയെന്ന ശക്തമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സഞ്ജുവിന്റെ പിറന്നാളില്‍ ഇതുസംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാവുമോയെന്നാണ് ഉറ്റുനോക്കുന്നത്.
രവീന്ദ്ര ജഡേജയും സാം കറനും സഞ്ജുവും ട്രേഡിന് സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 48 മണിക്കൂറിനുള്ളില്‍ ട്രേഡ് യാഥാര്‍ത്ഥ്യമാകുമെന്നും ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിന്റെ ജന്മദിനത്തില്‍ തന്നെ സര്‍പ്രൈസ് പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.