IPL 2025: അന്ന് സച്ചിൻ ഇന്നലെ സഞ്ജു, ക്രൈസ്റ്റ് ചർച്ചിലെ നഷ്ടം ഗ്വാളിയോറിൽ നികത്തിയ മാസ്റ്റർ ബ്ലാസ്റ്ററെ പോലെ സാംസണും ഉയർത്തെഴുനേൽക്കും; ഇന്നലെ കണ്ട കാഴ്ച്ചകൾ കരയിപ്പിക്കുന്നത്; കുറിപ്പ് വൈറൽ

രാജസ്ഥാൻ-ഡൽഹി മത്സരം സൂപ്പർ ഓവറിലേയ്ക്ക് കടന്നപ്പോൾ ടെലിവിഷൻ ക്യാമറകൾ സഞ്ജു സാംസൻ്റെ നേർക്ക് തിരിഞ്ഞു. ബൗണ്ടറിയുടെ പുറത്ത് തീർത്തും നിസ്സഹായനായി അയാൾ നിൽക്കുന്നുണ്ടായിരുന്നു. ഒന്നിലും ഇടപെടാനാകാതെ കാഴ്ച്ചക്കാരനായി ഒതുങ്ങേണ്ടി വന്നതിൻ്റെ വേദന സഞ്ജുവിൻ്റെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു.

സൂപ്പർ ഓവറിൽ രാജസ്ഥാൻ ഒരുപാട് അബദ്ധങ്ങൾ കാണിച്ചു. ഇല്ലാത്ത റണ്ണിനുവേണ്ടി ഓടിയ ഷിംറോൺ ഹെറ്റ്മെയർ റിയാൻ പരാഗിൻ്റെയും യശസ്വി ജയ്സ്വാളിൻ്റെയും ഇന്നിങ്സിന് അന്ത്യം കുറിച്ചു. രാജസ്ഥാന് 11 റൺസ് മാത്രമാണ് സ്കോർ ചെയ്യാനായത്. ഡൽഹിയുടെ വിജയം ഉറപ്പാക്കപ്പെട്ടിരുന്നു. കൈവശം ഇരുന്ന കളി കളഞ്ഞുകുളിച്ചതിൻ്റെ നിരാശ രാജസ്ഥാൻ താരങ്ങളുടെ ശരീരഭാഷയിൽ പ്രകടമായിരുന്നു. കളി തീരുന്നതിന് മുമ്പ് തന്നെ അവരുടെ ചുമലുകൾ കുനിഞ്ഞുതുടങ്ങിയിരുന്നു.

ആ സമയത്ത് സഞ്ജു ഗ്രൗണ്ടിൽ ഇറങ്ങി. സഹതാരങ്ങളോട് സംസാരിച്ചു. പരമാവധി ശക്തിയിൽ ക്ലാപ് ചെയ്തു. മരണം ഉറപ്പിച്ച ടീമിന് പുതുജീവൻ പകരാനുള്ള അവസാന ശ്രമങ്ങൾ! അതുകൊണ്ട് യാതൊരുവിധ പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല എന്ന കാര്യം സഞ്ജുവിനും നന്നായി അറിയാമായിരുന്നു. സഞ്ജുവിനെ സ്നേഹിക്കുന്നവർക്ക് സഹിക്കാനാവാത്ത രംഗങ്ങളായിരുന്നു അവ! ഡൽഹി അനായാസം റൺചേസ് പൂർത്തിയാക്കി. തീർത്തും പ്രെഡിക്റ്റബിൾ ആയ രീതിയിൽ പന്തെറിഞ്ഞ സന്ദീപ് ശർമ്മ രാജസ്ഥാൻ്റെ പതനം എളുപ്പത്തിലാക്കി.

തോൽവിയ്ക്കുശേഷം സഞ്ജുവിന് ക്യാപ്റ്റൻ്റെ അഭിമുഖം നൽകേണ്ടിവന്നു. അയാൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഇൻ്റർവ്യൂ എങ്ങനെയൊക്കെയോ അവസാനിപ്പിച്ച് സഞ്ജു രക്ഷപ്പെടുകയായിരുന്നു!അത് കണ്ടപ്പോൾ ഒരു ചോദ്യം മനസ്സിൽ വന്നു. ഇത്രയേറെ വേദനകൾ സഞ്ജു അർഹിക്കുന്നുണ്ടോ!? 14 കോടി രൂപ മുടക്കിയിട്ടാണ് രാജസ്ഥാൻ ധ്രുവ് ജുറെലിനെ നിലനിർത്തിയത്. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തിൽ ഡബിൾ ഓടാനുള്ള അവസരം ജുറെലിന് ഉണ്ടായിരുന്നു. അതിന് തുനിയാതെ അവസാന പന്തിൽ ഹീറോ ആകാനാണ് ജുറെൽ ആഗ്രഹിച്ചത്. ജുറെലിൻ്റെ അതിമോഹത്തിൻ്റെ ഫലമാണ് ഈ പരാജയം.

ഡൽഹി ഉയർത്തിയ 189 റൺസിൻ്റെ ലക്ഷ്യത്തെ വിജയകരമായി ഭേദിക്കാൻ രാജസ്ഥാന് കഴിയുമായിരുന്നു. അതുപോലൊരു തുടക്കമാണ് സഞ്ജു ടീമിന് സമ്മാനിച്ചത്. വരണ്ട പിച്ചിൽനിന്ന് സ്പിന്നർമാർക്ക് സഹായം ലഭിക്കും എന്ന കാര്യം ഉറപ്പായിരുന്നു. അതുകൊണ്ട് പേസർമാർ പന്തെറിയുന്ന പവർപ്ലേയിൽ പരമാവധി റണ്ണുകൾ നേടുക എന്നത് നിർണ്ണായകമായിരുന്നു. സഞ്ജു ആ തന്ത്രമാണ് നടപ്പിലാക്കിയത്‌. മുകേഷിനെതിരെ നേടിയ കൂറ്റൻ സിക്സറുകൾ അതിൻ്റെ തെളിവായിരുന്നു. ഈ സീസണിലെ ഡൽഹിയുടെ തുറുപ്പ് ചീട്ടാണ് വിപ് രാജ് നിഗം. ബാംഗ്ലൂരിനെതിരെ മത്സരിച്ചപ്പോൾ അയാൾ സാക്ഷാൽ വിരാട് കോഹ്ലിയെ പുറത്താക്കിയിരുന്നു. ഡൽഹിയിലെ പിച്ചിൽ വിപ് രാജ് അപകടകാരിയായി മാറാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു.

വിപ് രാജിനെതിരെ സഞ്ജു തുടർച്ചയായി ഫോറും സിക്സും അടിച്ചതോടെ ക്യാപ്റ്റൻ അക്സർ പട്ടേലിന് തൻ്റെ ലെഗ്സ്പിന്നറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പിന്നീട് വിപ്രാജ് പന്ത് തൊട്ടതേയില്ല. സ്ലോ പിച്ചിൽ ലീഡ് സ്പിന്നർമാരിൽ ഒരാൾ പിൻവലിക്കപ്പെടുന്നു! അതുവരെയുള്ള സഞ്ജുവിൻ്റെ പദ്ധതികളെല്ലാം കൃത്യമായിരുന്നു. അപ്പോഴാണ് സഞ്ജുവിന് പരിക്കേറ്റത്. സ്ക്വയർകട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബാറ്റർക്ക് ഇഞ്ച്വറി ഉണ്ടാവുന്ന കാഴ്ച്ച അപൂർവ്വങ്ങളിൽ അപൂർവ്വമാണ്! എന്തൊരു നിർഭാഗ്യം!!

അപ്പോഴും സഞ്ജു കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല. പെയ്ൻ കില്ലർ കഴിച്ച് അയാൾ അടുത്ത പന്ത് നേരിട്ടു. പക്ഷേ ഒരു സിംഗിൾ സ്വന്തമാക്കാനുള്ള കരുത്ത് പോലും തന്നിൽ അവശേഷിക്കുന്നില്ല എന്ന ദുഃഖിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞതോടെ അയാൾ സാവകാശം നടന്നകന്നു.
Retired hurt എന്ന് സ്ക്രീനിൽ എഴുതിക്കാണിച്ചു. സത്യത്തിൽ ഹർട്ട് ആയത് നമ്മൾക്കാണ്!

വിജയത്തിലേയ്ക്കുള്ള വഴി വെട്ടിയിട്ടാണ് രാജസ്ഥാൻ സ്കിപ്പർ മടങ്ങിയത്. അയാൾ പരാജിതനാകില്ല എന്ന് ടീം അംഗങ്ങൾ ഉറപ്പ് വരുത്തണമായിരുന്നു. അവർ അത് നിർവ്വഹിച്ചില്ല. 2009-ൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഒരു ഏകദിന മത്സരം നടന്നിരുന്നു. അന്ന് 163 റൺസിൽ ബാറ്റ് ചെയ്യുമ്പോൾ സച്ചിൻ തെൻഡുൽക്കർക്ക് പരിക്കുമൂലം റിട്ടയർ ചെയ്യേണ്ടിവന്നു. എൻ്റെ കണ്ണുകൾ നിറഞ്ഞുപോയ സന്ദർഭമായിരുന്നു അത്. പുരുഷ ക്രിക്കറ്റിലെ ആദ്യ ഏകദിന ഡബിൾ സെഞ്ച്വറി നേടാനുള്ള അവസരം സച്ചിന് നഷ്ടപ്പെട്ടുവല്ലോ എന്ന് ചിന്തിച്ച് ഒരുപാട് വേദനിച്ചിരുന്നു. അടുത്ത വർഷം ഗ്വാളിയോറിൽ വെച്ച് സച്ചിൻ ഇരുനൂറ് പിന്നിട്ടപ്പോഴാണ് ആ സങ്കടത്തിന് അറുതിവന്നത്.

സഞ്ജു സച്ചിന് തുല്യനല്ല. പക്ഷേ സച്ചിൻ്റെ കളി കാണുമ്പോൾ ഉണ്ടായിരുന്ന അതേ ടെൻഷനാണ് നാം സഞ്ജുവിൻ്റെ ബാറ്റിങ്ങ് ആസ്വദിക്കുമ്പോൾ അനുഭവിക്കുന്നത്! റിട്ടയർ ചെയ്ത് മടങ്ങുന്ന സഞ്ജുവിൻ്റെ ചിത്രം ഇനി ഒരുപാട് കാലം നമ്മെ വേട്ടയാടും. ക്രൈസ്റ്റ് ചർച്ചിൽ നഷ്ടപ്പെട്ട ഡബിൾ സെഞ്ച്വറി ഗ്വാളിയോറിൽ തിരിച്ചുപിടിച്ച സച്ചിനെ കാണാൻ സാധിച്ചു. നമുക്ക് കാത്തിരിക്കാം. ഡെൽഹിയിൽ കുരിശിൽ തറയ്ക്കപ്പെട്ട സഞ്ജുവിൻ്റെ ഉയിർത്തെഴുന്നേൽപ്പിനായി…!!

Latest Stories

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബിജെപിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍; ബിജെപി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

INDIAN CRICKET: ക്യാപ്റ്റനായതൊക്കെ കൊളളാം, നന്നായി കളിച്ചില്ലെങ്കില്‍ ഗില്ലിന് എട്ടിന്റെ പണി കിട്ടും, ഇപ്പോ കാണിക്കുന്ന ഫോമൊന്നും പോര, മുന്നറിയിപ്പുമായി ആരാധകര്‍

PBKS VS DC: എടാ തോൽവികളെ നിന്റെയൊക്കെ കൈയിൽ ഓട്ടയാണോ; ക്യാച്ചിങ്ങിൽ അടിപതറി ഡൽഹി ക്യാപിറ്റൽസ്

അപകടത്തില്‍പ്പെട്ട കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതര്‍; കാര്‍ഗോയ്ക്ക് അടുത്തേയ്ക്ക് പോകരുത്; തിരുവനന്തപുരം-കൊല്ലം തീരങ്ങളിലും ജാഗ്രത നിര്‍ദ്ദേശം

PBKS VS DC: എന്നെ ടീമിൽ എടുക്കാത്ത ബിസിസിഐക്ക് ഇത് സമർപ്പിക്കുന്നു; ഡൽഹിക്കെതിരെ തകർത്തടിച്ച് ശ്രേയസ് അയ്യർ

40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000ല്‍ അധികം ഇന്ത്യക്കാര്‍; ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ നടപടിയില്‍ നിന്ന് പിന്നോട്ടില്ല; പാക് ഭീകരവാദം ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാട്ടി ഇന്ത്യ

DC VS PBKS: ക്യാപ്റ്റനെ മാറ്റി ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബിനെതിരെ നയിക്കുന്നത് ഈ താരം, ടീമിനെ പ്ലേഓഫില്‍ എത്തിക്കാന്‍ കഴിയാത്തത് അക്‌സറിന് തിരിച്ചടിയായോ

INDIAN CRICKET: ഐപിഎല്‍ പ്രകടനം നോക്കിയിട്ടല്ല അവനെ ടീമിലെടുത്തത്, ആ യുവതാരം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്‌, അവന്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ക്കും, മനസുതുറന്ന് അജിത് അഗാര്‍ക്കര്‍

രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പികെ കൃഷ്ണദാസ്

കേരള തീരത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ടു; അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍; തീരത്ത് കണ്ടെയ്നറുകള്‍ കണ്ടാല്‍ സ്പര്‍ശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം