വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കരുൺ നായർ ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായേക്കും. വലംകൈയ്യൻ ബാറ്റർ തന്റെ സ്ഥാനം ന്യായീകരിക്കുന്നതിൽ പരാജയപ്പെട്ടു. അതിനാൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ പകരം പരിഗണിച്ചേക്കും.
ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിയിൽ കാൽവിരലിന് പരിക്കേറ്റ ഋഷഭ് പന്ത് ഇതുവരെ സുഖം പ്രാപിച്ചിട്ടില്ല. അതിനാൽ താരവും സെലക്ഷന് ലഭ്യമല്ല. പന്തിന്റെ അഭാവത്തിൽ ധ്രുവ് ജൂറൽ ഇപ്പോൾ ടീം ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് ആണ്. ശുഭ്മാൻ ഗിൽ ടീമിനെ നയിക്കും, യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. മൂന്നാം നമ്പരിൽ സായ് സുദർശനെ നിലനിർത്തിയേക്കും.
ഗൗതം ഗംഭീർ ഓൾറൗണ്ടർമാരെ ഇഷ്ടപ്പെടുന്നതിനാൽ നിതീഷ് കുമാർ റെഡ്ഡിയെ ടീമിൽ ഉൾപ്പെടുത്തും. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ മൂന്ന് സ്പിന്നർമാരായിരിക്കും. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കാൻ സാധ്യതയുള്ളതിനാൽ മുഹമ്മദ് സിറാജ് ആക്രമണത്തിന് നേതൃത്വം നൽകും.
നാരായൺ ജഗദീശൻ രണ്ടാം വിക്കറ്റ് കീപ്പറായിരിക്കും. ആദ്യ ടെസ്റ്റ് ഒക്ടോബർ 2 മുതൽ 6 വരെ അഹമ്മദാബാദിലും തുടർന്ന് ഒക്ടോബർ 10 മുതൽ 14 വരെ ന്യൂഡൽഹിയിൽ രണ്ടാമത്തെ റെഡ്-ബോൾ മത്സരവും നടക്കും.