ഇപ്പോൾ നടക്കുന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ യുവ താരം സായി സുദർശനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ മികച്ച പ്രകടനം നടത്തിയ താരമാണ് സായി. ഇപ്പോഴിതാ അദ്ദേഹത്തെ ടീമിൽ എടുക്കാത്തതിനെതിരെ സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ:
” അവസാനത്തെ ടെസ്റ്റില്‍ 87 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടും അടുത്ത ടെസ്റ്റിൽ 24കാരനായ സായ് സുദര്‍ശനെ ഒഴിവാക്കിയ തീരുമാനം അമ്പരപ്പിക്കുന്നതാണ്. പ്രായക്കൂടുതൽ കാരണമാണ് രോഹിത് ശര്‍മയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കിയതെന്നാണ് അവര്‍ നമ്മളോടു പറഞ്ഞത്. ഇപ്പോൾ ടീം മാനേജ്മെന്റ് ഒരു യുവതാരത്തോട് ക്ഷമ കാണിക്കുന്നില്ല. ഡ്രസിങ് റൂമിന് ഇത്തരത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന സിഗ്നലുകള്‍ നല്‍കുന്നതു നല്ലതല്ല” കൈഫ് എക്‌സിൽ കുറിച്ചു.
താരത്തെ തഴഞ്ഞതിൽ ആകാശ് ചോപ്രയടക്കമുള്ള മുൻ താരങ്ങളും ആരാധകരും വലിയ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കൈഫും രംഗത്തെത്തിയത്. അവസാനം കളിച്ച ടെസ്റ്റില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടും സായ് സുദര്‍ശന്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും അവഗണിക്കപെട്ടതിനെതിരെ പല മുൻ താരങ്ങളും സംസാരിച്ചിരിക്കുകയാണ്.