ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ കൂറ്റൻ സ്കോറിലെത്തി ഇന്ത്യ. നായകൻ ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി മികവിൽ ടീം ലീഡ് ചെയ്യുന്നത് 607 റൺസിനായിരുന്നു. എന്നാൽ നാലാം ദിനം അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 72 റൺസിന് മൂന്നു വിക്കറ്റ് നഷ്ടത്തിൽ എന്ന നിലയിലാണ് നില്കുന്നത്.
ആദ്യ ഇന്നിങ്സിലെ പോലെ രണ്ടാം ഇന്നിങ്സിലും മികച്ച സ്കോർ നേടിയ ശുഭ്മാൻ ഗിൽ മറ്റൊരു ചരിത്ര നേട്ടം കൂടെ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ഇന്നിങ്സിൽ 269 റൺസും, രണ്ടാം ഇന്നിങ്സിൽ 161 റൺസുമാണ് താരം നേടിയത്. അതിലൂടെ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറിന്റെ റെക്കോഡ് തകർത്തിരിക്കുകയാണ്.
ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും റൺസ് നേടുന്ന ഇന്ത്യക്കാരനായി ഗിൽ. 1971 ൽ സുനിൽ ഗാവസ്‌കർ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 344 റൺസായിരുന്നു ഇതുവരെയുള്ള റെക്കോഡ്. രണ്ടാം ഇന്നിങ്സിൽ ശുഭ്മാൻ ഗില്ലിനെ കൂടാതെ കെ എൽ രാഹുൽ (55) വിക്കറ്റ് കീപ്പർ റിഷബ് പന്ത് (65) രവീന്ദ്ര ജഡേജ (69*) എന്നിവരും അർദ്ധ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.
എന്നാൽ മത്സരം സമനിലയിൽ കലാശിക്കുമോ ഇല്ലയോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ആദ്യ ടെസ്റ്റിൽ നാണംകെട്ട തോൽവി ഏറ്റ് വാങ്ങിയതിലൂടെ ഇന്ത്യൻ താരങ്ങൾക്ക് ഒരുപാട് വിമർശനങ്ങളാണ് ഉയർന്നത്. അതിനുള്ള മറുപടി ഗില്ലും സംഘവും കൊടുക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.




