ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ചാം ടെസ്റ്റിലും ടീമിൽ ഇടം നേടാനാവാതെ യുവ താരം അഭിമന്യു ഈശ്വരൻ. കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിലും സ്‌ക്വാഡിൽ ഉൾപ്പെട്ട താരം അന്നും പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തിയിരുന്നില്ല. ഇപ്പോഴിതാ തന്റെ മകനെ തഴയുന്നതിനെതിരെ സംസാരിച്ചിരിക്കുകയാണ് താരത്തിന്റെ പിതാവ് രംഗനാഥന്‍ ഈശ്വരന്‍.
രംഗനാഥന്‍ ഈശ്വരന്‍ പറയുന്നത് ഇങ്ങനെ:
“ടെസ്റ്റില്‍ അരങ്ങേറുന്നതിനായി അഭിമന്യു കാത്തിരുന്ന ദിവസങ്ങള്‍ എത്രയാണെന്ന് ഞാന്‍ എണ്ണുന്നില്ല. ഞാന്‍ വര്‍ഷങ്ങളാണ് നോക്കുന്നത്, മൂന്ന് വര്‍ഷമായി. ഒരു ക്രിക്കറ്റ് താരത്തിന്റെ ജോലി എന്താണ്? റണ്‍സ് നേടുകയെന്നതാണ്. അഭിമന്യു അതു ചെയ്യുന്നുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുന്‍പ് ഇന്ത്യ എയ്ക്ക് വേണ്ടി കളിച്ചപ്പോള്‍, തിളങ്ങാതിരുന്നതുകൊണ്ടാണ് അഭിമന്യുവിനെ കളിപ്പിക്കാത്തതെന്ന് ആളുകള്‍ പറയും. അത് ന്യായമാണ്”
രംഗനാഥന്‍ ഈശ്വരന്‍ തുടർന്നു:
“എന്നാല്‍ അഭിമന്യു ബിജിടിക്ക് മുമ്പ് പ്രകടനം കാഴ്ചവച്ച സമയം കരുണ്‍ നായര്‍ ടീമില്‍ ഉണ്ടായിരുന്നില്ല. ദുലീപ് ട്രോഫിക്കോ ഇറാനി ട്രോഫിക്കോ കരുണിനെ തിരഞ്ഞെടുത്തില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ വര്‍ഷം വരെയുള്ള കാലയളവ് കണക്കിലെടുക്കുമ്പോള്‍ അഭിമന്യു 864 റണ്‍സിനടുത്ത് നേടിയിട്ടുണ്ട്. പിന്നെ എങ്ങനെയാണ് അവര്‍ താരതമ്യം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. എന്നിട്ടും സെലക്ടര്‍മാര്‍ കരുണിന് അവസരം നല്‍കി. സെലക്ടര്‍മാര്‍ അഭിമന്യുവിനെ വിശ്വസിക്കാന്‍ തയാറാകണം”
രംഗനാഥന്‍ ഈശ്വരന്‍ കൂട്ടി ചേർത്തു:
“എന്റെ മകന്‍ അല്‍പ്പം വിഷാദത്തിലാണ്. ചില താരങ്ങളെ ഐപിഎല്ലില്‍ കളിച്ചതിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റ് ടീമിലെടുക്കുന്നുണ്ട്. ടെസ്റ്റ് പോലുള്ള ഫോര്‍മാറ്റുകളില്‍ ഐപിഎല്‍ പരിഗണിക്കാനേ പാടില്ല. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നിവയിലെ പ്രകടനങ്ങള്‍ വിലയിരുത്തി ടെസ്റ്റ് ടീമിനെ തീരുമാനിക്കണം” രംഗനാഥന്‍ ഈശ്വരന്‍ പറഞ്ഞു.