ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 425/4 എന്ന നിലയിൽ കളി അവസാനിപ്പിച്ചു. ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ സെഞ്ചുറി നേടി. കൂടാതെ ഓപണർ കെ എൽ രാഹുൽ അർദ്ധ സെഞ്ചുറി നേടി.
ഗിൽ രാഹുൽ സഖ്യത്തിന്റെ പ്രകടനം കൂടാതെ ടീമിനെ മുന്നോട്ട് നയിച്ച പാർട്ണർഷിപ്പായിരുന്നു ജഡേജ സുന്ദർ സഖ്യത്തിന്റെത്. ജഡേജ 107 റൺസും സുന്ദർ 101 റൺസും നേടി പുറത്താകാതെ നിന്നു. ബോളിങ്ങിൽ അരങ്ങേറ്റ താരം അൻഷുൽ കംബോജ് മികച്ച പ്രകടനം നടത്തുന്നതിൽ പരാജയപെട്ടു. താരത്തിന് അതിൽ വൻ തോതിലുള്ള വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്.
എന്നാൽ അൻഷുൽ കാംബോജിനെ പിന്തുണച്ച് ഇതിഹാസതാരം കപിൽ ദേവ് രംഗത്ത് എത്തിയിരിക്കുകയാണ്. പരിക്കേറ്റ അർഷ്ദീപ് സിങ്ങിനും ആകാശ് ദീപിനും പകരക്കാരനായി നാലാം ടെസ്റ്റിൽ യുവ പേസർ കംബോജിനെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്.
കപിൽ ദേവ് പറയുന്നത് ഇങ്ങനെ:
” ഒരു അരങ്ങേറ്റക്കാരനിൽ നിന്ന് നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്, അയാൾ പത്ത് വിക്കറ്റുകൾ നേടണമെന്നാണോ? നിങ്ങൾ അദ്ദേഹത്തിന്റെ കഴിവ് വിലയിരുത്തണം. അയാൾക്ക് കഴിവുണ്ടെങ്കിൽ അയാൾ തിരിച്ചുവരും. ആദ്യ മത്സരം കളിക്കുമ്പോൾ എല്ലാവരും പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. കാംബോജിന് പക്ഷേ കഴിവ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, അതാണ് കൂടുതൽ പ്രധാനം,” കപിൽ ദേവ് പറഞ്ഞു.