വലതു കാലിന് പരിക്കേറ്റതിനാൽ ഋഷഭ് പന്തിന് വിക്കറ്റ് കീപ്പർ സ്ഥാനം ലഭിക്കില്ലെന്നും ധ്രുവ് ജുറേൽ വീണ്ടും ഗ്ലൗസ് ധരിക്കുമെന്നും സ്ഥിരീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). എന്നിരുന്നാലും, രണ്ടാം ദിവസം പന്ത് ടീമിനൊപ്പം ചേർന്നുവെന്നും ആവശ്യമുള്ളപ്പോൾ ബാറ്റ് ചെയ്യാൻ മധ്യത്തിൽ ഇറങ്ങുമെന്നും സുപ്രീം ബോഡി പരാമർശിച്ചു.
“മാഞ്ചസ്റ്റർ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ വലതു കാലിന് പരിക്കേറ്റ ഋഷഭ് പന്ത് മത്സരത്തിന്റെ ശേഷിക്കുന്ന സമയങ്ങളിൽ വിക്കറ്റ് കീപ്പിംഗ് ചുമതലകൾ നിർവഹിക്കില്ല. ധ്രുവ് ജുറൽ വിക്കറ്റ് കീപ്പറുടെ റോൾ ഏറ്റെടുക്കും. പരിക്കേറ്റെങ്കിലും, ഋഷഭ് പന്ത് രണ്ടാം ദിവസം ടീമിനൊപ്പം ചേർന്നു, ടീം ആവശ്യകതകൾക്കനുസരിച്ച് ബാറ്റ് ചെയ്യും,” ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ ടെസ്റ്റിന്റെ രണ്ടാം ദിനത്തിന്റെ ആദ്യ സെഷനിൽ ബാറ്റ് ചെയ്യാൻ മുടന്തി ഇറങ്ങിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് വീണ്ടും ഒരു കായികതാരമെന്ന നിലയിൽ തന്റെ സ്പിരിറ്റ് ലോകത്തിന് കാണിച്ച് കൊടുത്തു. വേദനാജനകമായ ആ പ്രഹരത്തിൽനിന്നും പുറത്തുവന്ന് 24 മണിക്കൂറിനുള്ളിൽ, തന്റെ രാജ്യത്തിനായി പോരാടാൻ പന്ത് വീണ്ടും ഫീൽഡിലേക്ക് വന്നു.
രണ്ടാം ദിനം, രവീന്ദ്ര ജഡേജയും ഷാർദുൽ താക്കൂറും പുറത്തായതിന് പിന്നാലെയാണ് പന്ത് പരിക്ക് പറ്റിയ കാലുമായി ക്രീസിലെത്തിയത്. ഇന്ത്യക്ക് ആറാമത്തെ വിക്കറ്റ് നഷ്ടമായതോടെ ആരാണ് അടുത്ത് ബാറ്റ് ചെയ്യാൻ ഇറങ്ങുക എന്ന കൈതുകത്തോടെ എല്ലാ കണ്ണുകളും ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലേക്ക് തിരിഞ്ഞു. ആ സമയം ഫോമിലുള്ള പരിക്കേറ്റ പന്ത് മുടന്തി പടികൾ ഇറങ്ങി വരികയായിരുന്നു. ഹർഷാരവത്തോടെയാണ് പന്തിനെ കാണികൾ വരവേറ്റത്.
37 ൽ നിന്ന് പന്ത് തന്റെ ഇന്നിംഗ്സ് പുനരാരംഭിച്ചു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 321 റൺസെന്ന നിലയിലാണ്. 39 റൺസെടുത്ത് പന്തും, 20 റൺസുമായി വാഷിംഗ്ടൺ സുന്ദറുമാണ് ക്രീസിൽ.