ജോ റൂട്ടിനും ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിനും മുന്നിൽ ഒരാൾ മാത്രം, സച്ചിൻ ടെണ്ടുൽക്കർ. വെള്ളിയാഴ്ച 150 റൺസ് നേടിയതോടെ, ഇംഗ്ലണ്ട് താരം ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് പിന്നിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനായി.
തന്റെ ടെസ്റ്റ് കരിയറിലെ റൺ ആകെ 13,409 ആയി ഉയർത്തിയ ദിവസം റൂട്ടിന്റെ മികച്ച പ്രകടനമാണ് ക്രിക്കറ്റ് ലോകം കണ്ടത്. സച്ചിനെ (15,921) മറികടക്കാൻ ഒരുപാട് ദൂരം പോകാനുണ്ടെങ്കിലും, കമന്ററി ബൂത്തിൽ നിന്ന് വീക്ഷിച്ച പോണ്ടിംഗ്, എക്കാലത്തെയും ഒന്നാം നമ്പർ താരമാകാൻ ഇംഗ്ലീഷ് താരത്തെ പിന്തുണച്ചു.
“കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹത്തിന്റെ കരിയർ കടന്നുപോയ രീതി നോക്കുമ്പോൾ, അങ്ങനെ സംഭവിക്കാതിരിക്കാൻ ഒരു കാരണവുമില്ല. ചരിത്രത്തിലെ ഒരു നിമിഷത്തിന് ഈ ആൾക്കൂട്ടം സാക്ഷ്യം വഹിച്ചു” പോണ്ടിംഗ് പറഞ്ഞു.
ഒന്നാം സ്ഥാനത്തുള്ള സച്ചിനെ മറികടക്കാൻ റൂട്ടിന് ഇനി 2512 റൺസ് മാത്രം മതി. റൂട്ടിന്റെ സെഞ്ച്വറിക്കരുത്തിൽ (150) നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ 7ന് 544 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്സിൽ ആതിഥേയർക്കിപ്പോൾ 186 റൺസിന്റെ ലീഡുണ്ട്.