ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസിനു തോറ്റിരുന്നു. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലീഷ് പേസർമാരുടെ മിന്നും ബോളിംഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.
കെഎൽ രാഹുലിന്റെ ബാറ്റിംഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിംഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെടുത്ത് പുറത്താകാതെ നിന്നു. പാർട്ണർ ആയ ജസ്പ്രീത് ബുംറയെ ജഡേജ വിശ്വസിച്ചിരുന്നെങ്കിൽ ഇന്ത്യ വിജയിച്ചേനെ എന്ന് പറഞ്ഞിരിക്കുകയാണ് 1983 ലോകകപ്പ് ജേതാവ് ബല്‍വീന്ദര്‍ സിങ് സന്ധു.
ബല്‍വീന്ദര്‍ സിങ് സന്ധു പറയുന്നത് ഇങ്ങനെ:
‘രവീന്ദ്ര ജഡജേ അണ്ടര്‍ 19 ടീമില്‍ കളിക്കുന്നതു മുതല്‍ തന്നെ എനിക്ക് അദ്ദേഹത്തെ അറിയാം. പ്രായത്തില്‍ കവിഞ്ഞ പക്വത പ്രകടിപ്പിച്ചിരുന്നയാളാണ് ജഡേജ. സമ്മര്‍ദ ഘട്ടത്തില്‍ ബുദ്ധിപൂര്‍വമുള്ള കളിയും അവന്‍ പുറത്തെടുത്തിരുന്നു. എന്നാല്‍ ഇത്തവണ തന്റെ ബാറ്റിങ് പാര്‍ട്ണറെ ജഡേജ വിശ്വസിച്ചില്ല. ഒരുപക്ഷേ പരാജയപ്പെടുമെന്ന ഭയമോ സമ്മര്‍ദമോ ആയിരിക്കാം അതിന് കാരണം” ബല്‍വീന്ദര്‍ സിങ് സന്ധു പറഞ്ഞു.